വെയിലോർമ്മകൾ – (ഉല്ലാസ് ശ്രീധർ)

Facebook
Twitter
WhatsApp
Email

മണ്ണിൽ വിരിയുന്ന പൂക്കളോടൊപ്പം മരത്തിൽ വിരിയുന്ന രണ്ട് പൂക്കളേയും എനിക്ക് ഇഷ്ടമായിരുന്നു…

മാവും കശുമാവും പൂത്ത് നിൽക്കുന്നത് കാണുമ്പോൾ ഉള്ളിൽ സന്തോഷം തുള്ളി കളിക്കും…

മഞ്ഞും വെയിലും ഇണചേരുന്ന മകരമാസത്തിലാണ് മാവും കശുമാവും പൂത്തിറങ്ങുന്നത്…

ചെറിയ മാവുകളുടെ പൂവുകൾ കണ്ണിമാങ്ങയാകുന്നതും
കണ്ണിമാങ്ങ മാങ്ങയാകുന്നതും
പള്ളിക്കൂടത്തിൽ പോകുന്നതിന് മുമ്പും വന്നതിന് ശേഷവും പതിവായി നോക്കിയിരിക്കുന്നത് രസമായിരുന്നു…

മെല്ലെ മെല്ലെ മകരമഞ്ഞ് മായുകയും കുംഭമാസത്തിലെ ചുടു കാറ്റിൽ മാങ്ങ മാമ്പഴമാകുകയും ചെയ്യുമ്പോഴുള്ള മണം സുഖകരമായിരുന്നു…

ഒരു കാശുമാവിൽ തന്നെ പല നിറത്തിലുള്ള കശുമാങ്ങകൾ…

പടർന്നും പരന്നും വളർന്ന
മരത്തിന്റെ മൂട്ടിൽ ഒന്നിച്ചിരുന്ന് കളിക്കുമ്പോൾ കാറ്റത്തുലഞ്ഞ് വീഴുന്നതിനെ പങ്കു വെച്ച് തിന്നിരുന്ന ബാല്യം…

കശുമാങ്ങകൾ മത്സരിച്ച് തിന്ന് പൊള്ളി മരവിച്ച ചുണ്ടുകളും നാവുമായി ഉച്ചയൂണിന്റെ മുന്നിലിരുന്ന് കരയുമ്പോൾ
അമ്മയുടെ വാത്സല്യം പൊതിഞ്ഞ താക്കീതും
ചേച്ചിമാരുടെ സ്നേഹം പുരണ്ട ശാസനയും
ചേട്ടൻമാരുടെ കാർക്കശ്യം നിറഞ്ഞ ഭീഷണികളും
മഴ പോലെ പെയ്തിറങ്ങും…

പൊള്ളിക്കുന്ന വെയിലിലും തണുപ്പ് തന്നിരുന്ന മരങ്ങളുടെ കീഴിലിരുന്നുള്ള കൂട്ടുകാരുടെ കഥ പറച്ചിലും
കലപില കൂട്ടലും അവധി ദിനങ്ങളിലെ വെയിലോർമ്മകളാണ്…

അണ്ണാൻ കൊത്തിയതും
കാക്കകൾ കൊത്തിയതുമായ മാമ്പഴങ്ങൾ
കാറ്റത്തുലഞ്ഞ് വീഴുമ്പോൾ
അടി കൂടിയും
കടി കൂടിയും
തിന്നിരുന്ന മധുരം നിറഞ്ഞ ബാല്യം…

ഇന്ന് കണികാണാൻ പോലും കിട്ടാത്ത,
പറഞ്ഞാൽ തീരാത്ത പേരുകളുള്ള നാടൻ മാങ്ങകൾ പച്ചക്കും പഴുപ്പിച്ചും തിന്നിരുന്ന ബാല്യം…

അവധി ദിനത്തിൽ,
നഗരത്തിന്റെ അവസാനിക്കാത്ത ശബ്ദങ്ങൾക്കിടയിൽ,
അലസത മുറ്റിയ വെയിലിനേയും നോക്കിയിരുന്ന്
മാവും കശുമാവും പൂത്തിറങ്ങുന്നത് ഓർക്കുന്നത് തന്നെ മനസിനൊരു സുഖമാണ്………………………………………..

__________ഉല്ലാസ് ശ്രീധർ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

About The Author

Leave a Reply

Your email address will not be published. Required fields are marked *