പതിതന്റെ പാത – (ശ്രീ മിഥില)

Facebook
Twitter
WhatsApp
Email

സൂര്യൻ ചക്രവാളത്തിന്റെ ആഴങ്ങളിലേക്ക് നേരത്തേതന്നെ പോയ്‌മറഞ്ഞിരിക്കുന്നു.
ഋതുവിൽ ശിശിരത്തിന്റെ സാമ്രാജ്യം രൂപമെടുത്തിരിക്കുന്നു. തന്റെ കാലടികൾതേടി അയാൾ കുറേ നടന്നു. മാഞ്ഞുപോയിരുന്നു. ഇന്നലെകളുടെ ശിഥിലപാതകളിൽ ഒരു തിരച്ചിൽ. കണ്ടെത്താനായില്ല ഒന്നും. അറിയാത്ത വഴികളിലേക്ക് ഇറങ്ങിപ്പോകുമ്പോൾ പിന്തുടർന്ന കണ്ണീർ ഇന്നോളം നടന്ന പാതയിലെല്ലാം കൂടെയുണ്ടായിരുന്നു. മുറിവുകളിൽ ഉപ്പു പുരട്ടാൻ.
പഴയവീടിന്റെ തുരുമ്പിച്ച ഗേറ്റിൽപ്പിടിച്ചു അയാൾ നിന്നു.
കഴിഞ്ഞുപോയ കാലങ്ങൾ അയാൾക്ക്‌ മുന്നിൽ ഒരു സിനിമപോലെ തെളിഞ്ഞു. കഥാപാത്രങ്ങളെ ഓർത്തെടുക്കാൻ പാടുപെട്ടു. ചുവന്ന പട്ടുപാവാടയിൽ കൊലുസ് തട്ടുന്ന ശബ്ദം കേട്ടു. അതൊരു തോന്നൽ മാത്രമായിരുന്നുവെന്നു അയാൾ തിരിച്ചറിഞ്ഞു.

“ആരാ,എന്താ വേണ്ടത്?”ഒരു വഴിപോക്കന്റെ ആകാംഷയോടെയുള്ള ചോദ്യം അയാളെ അവിടേക്കു തിരിച്ചുകൊണ്ടുവന്നു. “ഇവിടെയുള്ളവർ?”
അയാളുടെ പതറിയ ചോദ്യംകേട്ട് വഴിപോക്കൻ പറഞ്ഞു.”അവരൊക്കെ എന്നേ ഇവിടുന്ന് പോയി. “എവിടെയെന്നറിയാമോ?”
“ഇല്ല. ആർക്കും അറിയില്ല.”
ഇതു പറഞ്ഞയാൾ പോകാൻ ധൃതിപ്പെട്ടു.

വലിയ അപമാനഭാരവുമായി അവർ നാടുവിട്ടു. പാവങ്ങൾ.
“സുധീ”എന്നുവിളിച്ചു പൊട്ടിക്കരയുന്ന ചിത്തിര. പൈശാചികതക്കു ഇരയായ തന്റെ പെണ്ണ്. താൻ കാരണമാണ് അവൾ ആ വിജനമായ സ്ഥലത്തു തന്നെക്കാത്തു നിന്നത്. പറഞ്ഞ സമയംപാലിക്കാൻ പറ്റാഞ്ഞതും തന്റെതെറ്റ്. ഇരുട്ടുറങ്ങിയ വഴികളിൽ അവൾ പിടഞ്ഞുവീഴുന്നത് കാണേണ്ടിവന്നപ്പോൾ കണ്ണിൽനിന്നും രക്തമായിരുന്നു വന്നത്. അക്രമിയെ എതിർക്കുമ്പോൾ തോറ്റുപോകുമോ എന്നുഭയന്നു. വലിയ മൽപ്പിടുത്തത്തിനൊടുവിൽ ചിത്തിരയെ പിച്ചിച്ചീന്തിയവനെ വകവരുത്തിയിട്ട് ‘സുധീ’യെന്നു വിതുമ്പുന്ന അവളെ കൈകളിൽ കോരിയെടുത്തു നടക്കുമ്പോൾ തളർന്നില്ല. അമ്മയ്ക്കും, അച്ഛനും ഒരേയൊരു മകൾ.അവളുടെ വീടിന്റെ,ഇപ്പോൾ താൻ നിൽക്കുന്ന ഈ വീടിന്റെ ഗേറ്റിനുള്ളിൽ കടക്കുമ്പോൾ അവളുടെ മാതാപിതാക്കളുടെ നിലവിളി ഇപ്പോളും കാതിൽ മുഴങ്ങുന്നു.

എത്രയോ വർഷം ഇരുമ്പഴികൾക്കുള്ളിൽ കഴിഞ്ഞു. അവളുടെ പിൻവിളികൾക്ക് തന്നെ തിരിച്ചു കൊണ്ടുവരാനായില്ല. നിയമം നിയമത്തിന്റെ വഴിയിൽ. വല്ലാത്തൊരു നിയമം തന്നെ. അവളെയോ വീട്ടുകാരെയോ പിന്നീട് കണ്ടിട്ടില്ല. ഒരു പരാതി കൊടുക്കാൻപോലും അവർ വന്നതുമില്ല. ജീവപര്യന്തം കഴിഞ്ഞുള്ള തിരിച്ചുവരവ്. എവിടെയോ അവൾ ജീവിച്ചിരിക്കുന്നുവെന്ന് അയാൾ ഉറപ്പിച്ചു. അവളിലേയ്ക്കുള്ള പ്രയാണത്തിന്റെ ചുവടുകൾ ഇവിടെത്തുടങ്ങാം. പാതിയിൽ മുറിഞ്ഞ പാതയിലെ പതിതനാം യാത്രക്കാരൻ.

About The Author

Leave a Reply

Your email address will not be published. Required fields are marked *