LIMA WORLD LIBRARY

റെഡ് ലിസ്റ്റ് സമയപരിധി മറികടക്കാന്‍ അവസാന മിനിറ്റുകളില്‍ അതി സമ്പന്നരായ ഇന്ത്യക്കാര്‍ ആറ് സ്വകാര്യ ജെറ്റുകളില്‍ ലണ്ടനിലെത്തി

ലണ്ടന്‍ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയെ ബ്രിട്ടന്‍ റെഡ്‌ലിസ്റ്റില്‍പ്പെടുത്തിയതോടെ മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ കുടുങ്ങിയിരിക്കെ, പണച്ചാക്കുകളായ കുറെ ഇന്ത്യക്കാര്‍ സ്വകാര്യ ജെറ്റുകളില്‍ പറന്നെത്തി. റെഡ് ലിസ്റ്റ് സമയപരിധി തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് അതി സമ്പന്നരായ ഇന്ത്യക്കാര്‍ ആറ് സ്വകാര്യ ജെറ്റുകളില്‍ ലണ്ടനിലെത്തിയത്. റെഡ് ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്ന പുലര്‍ച്ചെ നാലിന് 40 മിനിട്ടു മുമ്പുവരെയാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള അതി സമ്പന്നര്‍ യുകെയിലെത്തിയത്. അതിസമ്പന്നരായ കുടുംബങ്ങള്‍ ഒരു ലക്ഷം പൗണ്ടില്‍ കൂടുതല്‍ നല്‍കിയാണ് റെഡ് ലിസ്റ്റ് സമയപരിധി മറികടന്നു പറന്നെത്തിയത്.സാധാരണ പ്രവാസികള്‍ വിമാനവും ടിക്കറ്റുമില്ലാതെ നാട്ടില്‍ കുടുങ്ങിയപ്പോഴാണിത്.

അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ലണ്ടന്‍ ല്യൂട്ടന്‍ വിമാനത്താവളത്തിലേക്ക് ജെറ്റുകള്‍ എത്തി. യാത്രക്കാര്‍ ഖത്തര്‍, ജര്‍മ്മനി, മാള്‍ട്ട എന്നിവിടങ്ങളില്‍ നിന്ന് വിമാനം ചാര്‍ട്ടര്‍ ചെയ്തു, ഒന്ന് സ്വകാര്യ ഉടമയുടേതാണ്.
14 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന ഈ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ 6000 മുംബൈയില്‍ നിന്ന് ല്യൂട്ടനിലെത്തി. അതിനുശേഷം മാള്‍ട്ടീസ് രജിസ്റ്റര്‍ ചെയ്ത ഗ്ലോബല്‍ 6000 – സമയപരിധിക്ക് ഒരു മണിക്കൂറില്‍ താഴെ മാത്രം എത്തി.

ഒരു ബ്രിട്ടീഷ് എയര്‍വേസും ഒരു വിര്‍ജിന്‍ അറ്റ് ലാന്റിക് ജെറ്റും സമയപരിധി കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് രാവിലെ 7 മണിയോടെയാണ് ഹീത്രുവില്‍ എത്തിയത്. മൊത്തം എട്ടു പ്രത്യേക വിമാനങ്ങള്‍ നാല് മണിക്ക് മുമ്പ് ഹീത്രുവില്‍ ലാന്‍ഡ് ചെയ്തിരുന്നു.

റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് തിരികെ പോകാനാവാതെ അവധിക്കു നാട്ടിലെത്തിയ യുകെ മലയാളികള്‍ വലയുകയാണ്. 24 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലക്ക് നീളാനാണ് സാധ്യത.
നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനിന്റെ ചിലവ് 1750 പൗണ്ടാണ്. ഹോട്ടല്‍ താമസം, ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടെയാണ് ഒരാളില്‍ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്. ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വര്‍ഷം വരെ തടവ് ശിക്ഷയാണ്. ബ്രിട്ടനിലെ ഹീത്രു, ഗാട്ട് വിക്ക്, ലണ്ടന്‍ സിറ്റി, ബര്‍മിംഹാം, ഫാരന്‍ബറോ എന്നീ വിമാനത്താവളങ്ങളിലേക്കു മാത്രമേ റെഡ് ലിസ്റ്റിലുള്ളവര്‍ യാത്ര നടത്താവൂ. അല്ലാത്തപക്ഷം 4000 പൗണ്ട് പിഴശിക്ഷ ഉണ്ടാവും. പിഴയോടൊപ്പം ഈ വിമാനത്താവളത്തില്‍ നിന്നും ക്വാറന്റീന്‍ സൗകര്യമുള്ളിടത്തേക്കുള്ള യാത്രക്കൂലിയും ഈടാക്കും.

ഇരുപതിലേറെ ആഫ്രിക്കന്‍ രാജ്യങ്ങളും 14 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമടക്കം നാല്‍പതിലേറെ രാജ്യങ്ങളാണ് ഇപ്പോള്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്.

from – https://ukmalayalamnews.com/index.php?page=newsDetail&id=54716

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px