കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലായ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പുതിയ നഴ്സുമാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിയമങ്ങളില്‍ ഉളവ് അനുവദിച്ചു. ഇതനുസരിച്ചു എന്‍.എച്ച്.എസിനുവേണ്ടി പുതുതായി റിക്രൂട്ട് ചെയ്ത് എത്തിക്കുന്ന നഴ്സുമാര്‍ക്ക് 11 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനു പകരം അതതു ട്രസ്റ്റുകള്‍ സ്വന്തമായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയാല്‍ മതി. ചില ട്രസ്റ്റുകള്‍ ഹോട്ടല്‍ ക്വാറന്റൈനുള്ള ചെലവു വഹിക്കാമെന്ന് റിക്രൂട്ട്മെന്റ് ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. അതിനും സന്നദ്ധരല്ലാത്ത ട്രസ്റ്റുകളിലേക്കുള്ളവര്‍ സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നടത്തേണ്ടിവരും.
റെഡ് ലിസ്റ്റ് കാറ്റഗറിയിലുള്ള രാജ്യങ്ങള്‍ വഴി വരുന്ന നഴ്സുമാര്‍ക്കായി വേണമെങ്കില്‍, അതതു ട്രസ്റ്റുകള്‍ക്ക് മാനേജ്ഡ് ക്വാറന്റൈന്‍ അക്കമഡേഷന്‍ ഒരുക്കാമെന്നാണ് വ്യാഴാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച പുതിയ ഗൈഡ് ലൈനിലുള്ളത്. ഹോസ്പിറ്റല്‍ മാനേജ്ഡ് ക്വാറന്റൈനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ Gov.uk എന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്.
പുതുതായി എന്‍.എച്ച്.എസിലേക്ക് റിക്രൂട്ട്ചെയ്തു കൊണ്ടുവരുന്ന നഴ്സുമാര്‍ക്ക് മാത്രമാണ് മുകളില്‍ പറഞ്ഞിരിക്കുന്ന ഇളവ് ലഭിക്കൂ. അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഡിപ്പന്‍ഡന്‍സിനോ ഇളവ് ലഭിക്കില്ല. നിലവില്‍ എന്‍.എച്ച്.എസില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും മറ്റു ഹെല്‍ത്ത് വര്‍ക്കര്‍മാക്കും ഇളവ് ബാധകമായിരിക്കില്ല. അവര്‍ നിര്‍ബന്ധമായും പണമടച്ച് ഹോട്ടല്‍ ക്വാറന്റൈന് വിധേയരാകണം.
ഹോസ്പിറ്റല്‍ മാനേജ്ഡ് ക്വാറന്റൈന്‍ ഒരുക്കുമ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വവും അതാതു ട്രസ്റ്റിനാകും. സുരക്ഷിതത്വത്തോടെയും സര്‍ക്കാര്‍ ഗൈഡ് ലൈനുകള്‍ പാലിച്ചുമാകണം ഇത് നടപ്പാക്കേണ്ടത്. പാര്‍പ്പിട സൌകര്യം, ഭക്ഷണം, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, വിമാനത്താവളത്തില്‍ നിന്നും ഇവിടേക്കുള്ള യാത്രാ, ഓരോ ഗ്രൂപ്പിന്റെയും വലുപ്പം, സോഷ്യല്‍ ഡിസ്റ്റന്‍സിംങ്, ഫേസ് കവറിംങ്, തുടങ്ങിയവയ്ക്കെല്ലാം കൃത്യമായി നിബന്ധനകളുണ്ട്.
ക്വാറന്റൈനിടെ പുറത്തുപോകുന്നതിനും സന്ദര്‍ശകരെ അനുവദിക്കുന്നതിനും കര്‍ശന വിലക്കുണ്ട്. ഹോസ്പിറ്റല്‍ മാനേജ്ഡ് ക്വാറന്റൈനായി എത്തുന്നവരെ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ കൗണ്ടറില്‍ തടയാതിരിക്കാന്‍ പ്രത്യേകം ലെറ്റര്‍ കൈയില്‍ കരുതണം. ട്രസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ തയാറാക്കി നല്‍കിയിട്ടുള്ള ടെപ്ലേറ്റിലാണ് ലെറ്റര്‍ വേണ്ടത്. ഇതില്‍, വരുന്നയാളുടെ പേര്, ജനനത്തിയതി, ജോലി ചെയ്യാന്‍ പോകുന്ന ട്രസ്റ്റിന്റെ പേരും കോണ്‍ടാക്ട് നമ്പരും, പാസ്പോര്‍ട്ട് നമ്പര്‍, സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍, വരുന്ന തിയതി, വരുന്ന എയര്‍പോര്‍ട്ടിന്റെ പേര് എന്നിവ നിര്‍ബന്ധമായും ഉണ്ടാകണം.
ഇവരെ വിമാനത്താവളത്തില്‍നിന്നും ക്വാറന്റൈന്‍ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ പ്രത്യേകം വെന്റിലേഷന്‍ സൗകര്യമുള്ള വാഹനം കണ്ടെത്തുകയും ഓരോ യാത്രയ്ക്കുശേഷവും വാഹനം ഡീപ് ക്ലീന്‍ ചെയ്യുകയും വേണം.













