വിളറിയ പകൽ
ചിരികൾക്കിടയിൽ
വാതിൽ പഴുതിലൂടെ
ഞരമ്പുകളിലേക്ക് തരിച്ചിറങ്ങുന്ന
മൂടുപടമിട്ട വെന്ത കാറ്റ്.
പുൽക്കൊടിത്തുമ്പുകളെ ചുംബിച്ചുണർത്താൻ
മഞ്ഞുമ്മകളില്ലാത്ത രാവിൽ
വറ്റിയ പാനപാത്രങ്ങൾ
കടൽച്ചുഴികളെ നോക്കി തേങ്ങുന്നു.
വന്യതയെ കുടിച്ചുതീർക്കാനുള്ളുന്മാദ ദാഹം
വേദന തിളച്ചുമറിയുന്ന
സങ്കടക്കണ്ണീരുതിർത്തിയ മതിലുകണ്ട്
അലസമായി പടിയിറങ്ങി പോയി.
എഴുത്തുപാടങ്ങളിലൂടെ നിൻ്റെയേകാന്തമാം
പച്ചപ്പിലേക്ക് ഒഴുകുന്നേരം
സ്വത്വബോധത്തിരകൾ ജീവരാഗത്തിൻ്റെ
പുനർജനിയറിയുന്നു ,
പുഞ്ചിരിയെറിയുന്നു.











