മരിച്ചിട്ടും
പ്രിയപ്പെട്ട എഴുത്തുകാരാ
നിൻ്റെ മസ്തിഷ്ക്കത്തിലെ
കൊടുങ്കാറ്റ്
അസ്തമിച്ചിരുന്നില്ല
ഹൃദയത്തിലെ
ഇടിയും മിന്നലും മഴയും
കൂടണഞ്ഞിരുന്നില്ല
വിറകിലുറങ്ങുന്ന
തീയായിരുന്നു നീ
നിദ്രകളില്ലാത്ത
നദിയുടെ
കൃഷ്ണമണിയായിരുന്നു നീ
വേരറ്റുപോയ
മുന്തിരിവള്ളികളിൽ,
മണ്ണ്,
സ്ത്രീ,
കടൽ,
മന്തു ബാധിച്ച നക്ഷത്രങ്ങൾ,
തിളയ്ക്കുന്നു
ചെന്നായ്ക്കൾ
പിന്തുടരുമ്പോൾ
കുഞ്ഞാടുകളായി
യാത്ര തുടരുന്നതിലും ഭേദം,
സിംഹമാവുകയാണ്
യുക്തിയെന്ന്
നിൻ്റെ വാൾമുനയിൽ
ചുവക്കുന്നു
ചെകുത്താനും
ദൈവും
ചേർന്നൊരുക്കിയ
കെണിയാണ്
ജീവിതമെന്ന്
നിൻ്റെ തൂലികയിൽ
വയലറ്റ് പൂക്കളാവുന്നു
മനുഷ്യാത്മാവ്
ഒരമ്പാണെന്ന്
നിൻ്റെ വിരൽത്തുമ്പിൽ
മൂർച്ച കൂട്ടുന്നു
ഓരോ യാത്രികനും
ഗാഗുൽത്തയിലേക്ക്
ചുവടുകൾ വയ്ക്കുകയാണെന്ന്
നിൻ്റെ
നെറ്റിയിൽ വിയർപ്പ് പൊട്ടുന്നു
പ്രതീക്ഷകളും
പ്രത്യാശകളും
ആയിരമായിരം നദികളായി,
ഒഴുകി നിറഞ്ഞാലും
ശൂന്യമാകുന്ന പാനപാത്രമാണ്
ഹൃദയമെന്ന്
നിൻ്റെ കൺപീലികളിൽ
കനം വയ്ക്കുന്നു
ഗലാതി അൽക്സിയും
എലേനി സമിയയും
നിന്നെ മുറിച്ചുകടന്നയാഴം
ഒരു പ്രലോഭനത്തിൻ്റെ
മെഴുകുതിരിയിൽ
പുഷ്പിക്കുന്നു
ചുവന്ന കുതിരകൾ
തെളിക്കുന്ന,
അഗ്നി രഥത്തിൽ
ശിരസ്സിൽ ജ്വാലകളുമായി,
നിൽക്കുന്ന
പ്രവാചകന്
എതിരെ
നിൻ്റെ അക്ഷരങ്ങൾ
ശക്തിയാർജിക്കുന്നത്
എൻ്റെ വിസ്മയത്തിന്
ആകാശമാവുന്നു
ഭൂമിയാവുന്നു
‘പവിത്രൻ തീക്കുനി –
(ഗ്രീക്ക് എഴുത്തുകാരനും ദാർശനികനുമായിരുന്ന, നിക്കോസ് കസൻദ് സാക്കീസിനെക്കുറിച്ച്,
ഡോ: കെഎം വേണുഗോപാൽ എഴുതിയ “വിലാപങ്ങളുടെ പുസ്തകം”
എന്ന കൃതിയുടെ വായനയിൽ നിന്ന്)
About The Author
No related posts.
One thought on “നിക്കോളസ് കസൻദ് സാക്കീസിന് – പവിത്രൻ തീക്കുനി”
“വിറകിലുറങ്ങുന്ന
തീയായിരുന്നു നീ“
കസാൻസാകിസിനെ പോലെ തീക്കുനിയും.