കവിയുടെ ഭാര്യയാവുകയെന്നത്,
ഒരു ആത്മത്യാഗമാണ്.
സഹനത്തിന്റെഅതിർത്തിയിൽ
കാടുകയറിയവളെപ്പോലെ,
പലപ്പോഴും ഉറഞ്ഞുതുള്ളേണ്ടതായി വരും
അഭിലാഷങ്ങളുടെ കൂടുതുറക്കാൻ പോലുമാകാതെ,
ആകാശത്തേക്ക് നോക്കി നെടുവീർപ്പിടേണ്ടിയും വരും.
കവി ഭാഷകൊണ്ട് അമ്മാനമാടുമ്പോൾ
ഭാര്യ വിഷാദത്തിന്റെ കുന്നുകയറുകയാവും
ഉൻമാദത്തിന്റെ ചിറകുകളിൽ കവിതയെത്തുന്നിക്കെട്ടി
കാലത്തിന്റെ നിറുകയിൽ ഒട്ടിക്കുമ്പോൾ,
വീട്ടിലെ ഇരുണ്ട യാമങ്ങളിൽ കുഞ്ഞുങ്ങളെ
ഇറുകെപ്പിടിച്ച് അവൾ വിയർക്കുന്നുണ്ടാവും.
കവിയുടെ വീടുപോലെ അരക്ഷിതമായൊരിടം
ഭൂമിയിലുണ്ടാകാനിടയില്ലെന്ന് പ്രാകുന്നുണ്ടാകും.
വിശപ്പ്, ദാരിദ്ര്യം, ലിംഗനീതിയില്ലായ്മ മൃഗശിക്ഷകൾ,
രാത്രി പകലാക്കിയവന്റെ പേക്കൂത്തുകൾ
വിരഹത്തിന്റെ വിശാലദ്വീപിലെ മൗനസങ്കേതങ്ങൾ.
അനുഭവങ്ങളുടെ സാക്ഷിക്കൂട്ടിലെ കുമ്പസാരങ്ങൾ.
കവി കാഷായമണിയാത്ത സന്യാസിയെപ്പോലെ,
കറുത്തവനും വെളുത്തവനുമിടയിലെ
കാലുഷ്യങ്ങളുടെ പാട്ടുകാരൻ.
അവന്റെ നെഞ്ചിലെ ചുടലയിൽ നിന്നുകരിയാൻ
സ്വബുദ്ധിയില്ലാത്തവൾക്കേ കഴിയൂ
അവളെപ്പോഴും ഒരുനൂൽപ്പാലത്തിലാകും.
വീരവാദങ്ങൾ,
ആത്മപ്രശംസകൾ,
വീശിപ്പിടിച്ച വിലാപങ്ങൾ.
കവി വീരമുദ്രകളണിഞ്ഞിരിക്കും.
അവന് കാവൽ നിൽക്കാനുംവേണം മനക്കരുത്ത്.
വേട്ടക്കാരന്റെ വികാരങ്ങളിൽ വിയർക്കുമ്പോൾ
വീണുടഞ്ഞ് ചിതറാതെ,
ദാഹത്താൽ വീരമൃത്യുവരിക്കണം.
എത്ര കശക്കിയെറിഞ്ഞാലും,
വാതുവെച്ച് പണയപ്പെടുത്തിയാലും
ചിലമ്പുകൾ എറിഞ്ഞുടച്ച് വിരിഞ്ഞു നിൽക്കണം.
ഒരു വാഴ്ത്തലുകളിലും പേരില്ലെങ്കിലും
അവളാകും കവിയുടെ യഥാർത്ഥ ഉടമ.
About The Author
No related posts.