ഒറ്റമുലച്ചി – ജ്യോതീബായ് പരിയാടത്ത്

Facebook
Twitter
WhatsApp
Email

‘മറ്റതു ഛീഛീ’

എന്നു കിണുങ്ങി

ചുണ്ടിൻമുനകൾ കോട്ടുന്നു

തള്ളിയൊതുക്കീ-

ട്ടൊരു കൈകൊണ്ടെൻ

ചേലത്തുമ്പു വലിച്ചു

മറച്ചിട്ടിങ്ങു

മുഖം പൂഴ്ത്തുന്നു

എപ്പൊഴുമെപ്പൊഴുമിങ്ങനെ

മറ്റതു കയ്ക്കും മട്ടിൽ

മുഖത്തൊരുകൊട്ട-

ച്ചുളിവും വെച്ചിട്ടിങ്ങേ

മുലതൻ മധുരം നുകരും

നിറയും ഒഴിയും

വീണ്ടും നിറയും

ഒന്നേ പാകം

ഒന്നേ സൗമ്യം

ഒന്നേ മധുരം

മൃദുലം മസൃണം

മറ്റതുകാണാ-

തറിയാതെ

മറ്റൊരു രുചിയും

നോക്കാതെ

കണ്ണുമടച്ചാ-

ണൊക്കേയും

അങ്ങനെ

ചിലതോ

മുറിയുന്നു

വിങ്ങി വിതുമ്പി-

പ്പലവട്ടം

നിലകിട്ടാതങ്ങു

തുളുമ്പിത്തൂവി

പിന്നെസ്സർവ്വം വറ്റീ-

ട്ടൊറ്റക്കണ്ണിൻ

പോളകൾ കൂട്ടി

ഗ്രന്ഥികൾ പൂട്ടി

ച്ചേലക്കുള്ളിൽ

മറ്റതൊതുങ്ങീ

നിശ്ശബ്ദം

അതു കല്ലിക്കുന്നു

ഒറ്റമുലച്ചി പിറക്കുന്നു
##############

About The Author

One thought on “ഒറ്റമുലച്ചി – ജ്യോതീബായ് പരിയാടത്ത്”
  1. ഇങ്ങനെയാണോ ഒറ്റ മുലച്ചി പിറക്കുന്നത്.. വളരെ രസകരം 🙏

Leave a Reply

Your email address will not be published. Required fields are marked *