LIMA WORLD LIBRARY

നസ്ത്രീ – (സന്ധ്യ)

മനുസ്മൃതി
സംസ്കൃതി
പരമ്പരകളെ
മന്വന്തരങ്ങളായി
മഹിളതൻ മാനം
കാക്കാൻ
മുഖപടം നെയ്യും
ന്വായാസനങ്ങളെ
പറയുക ….

പതിവ്രതകളെ
പർദ്ദയണിയിച്ച
പൗരസ്ത്യദീപ
സ്തംഭങ്ങളേ ..
നേടിയതെന്ത്
നിങ്ങൾ?

അടിമച്ചങ്ങല
പൊട്ടിച്ചെറിഞ്ഞ
അത്ലാൻ്റിക്കിൻ
കൊടുങ്കാറ്റുകളേ…

സമസ്വാതന്ത്ര്യ
സമരകാഹളം
മുഴക്കിയ വിപ്ലവ
മുദ്രാവാക്യങ്ങളേ
മറുപടി പറയുക!

വാരിയെല്ലിനാൽ
നാരിയെ തീർത്ത
ദൈവവും മറന്നതോ
ആദമിൻ്റെയാ
നല്ല പാതിയെ ?

അയിത്തവും
അടിമത്തവും
മാത്രമായിതോ
അവൾക്ക്
പിതൃസ്വത്ത് !

വിലക്കപ്പെട്ട
കനിയോ, ഇനിയും
കന്യമാർക്കൊരിറ്റ്
കനിവും കനവും

ഗലികൾ തോറും
കല്ലെറിയപ്പെടുന്നു
മഗ്ദലന മറിയം..
ശിലകൾ തോറും
മോക്ഷാർത്ഥിയായി
അഹല്യമാർ…

ദ്രൗപദിയും
സതിയും സീതയും
പുനർജ്ജനിക്കുന്നിരുൾ
ഗുഹകളിലവർ
നിർഭയയും അഭയയും
അയിഷയുമായി
അവതരിക്കുന്നു!

വിദുഷ സദസ്സുകളിൽ
വിവസ്ത്രയാക്കപ്പെട്ട്
വിവശയായി
സ്ത്രൈണത.
പറുദീസയിൽ പാപങ്ങളുടെ
പരന്ന നഗ്നത.

സലമോൻ്റെ
ഗീതികകളെ
നിങ്ങളവൾക്ക്
വാക്ക് നൽകിയ
പ്രേമത്തിൻ്റെ
മുന്തിരിത്തോപ്പുകൾ
ഇന്നെവിടെ…..

യഥായഥാഹി
ധർമ്മസ്യ,
ഗീതയിലോതിയ
നീതിയെവിടെ
കൃഷ്ണാ,
നീയെവിടെ !
പ്രണയവും
പ്രണവവുമായി
നിൻ പാതിമെയ്
പതിച്ചു നൽകിയ
രാധയുടെ വാഗ്ദത്ത
ഭൂമിയെവിടെ ?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px