വിട ചൊല്ലുവാൻ ഞാൻ കരുതിവച്ചൊരു
നാളും അവസാനമിങ്ങു വന്നണയേ,
ചൊല്ലുവതാരോട് യാത്രമൊഴികളും വേർപാടിൻ ദുഃഖവുമിന്ന്.
കാണുവതാരെയെന്നറിയില്ല അന്ത്യത്തിൻ
ഹൃദയനിറയ്ക്കും കാഴ്ചയായി,
നൽകുവാതെന്താർക്ക് വീട്ടുവതേത് കടമിന്നീയന്ത്യനേരത്തിൽ.
ഇനിയില്ല നാളുകളെന്നറിയുമീ വൈകിയ
യാമത്തിൽ ഓർക്കുവതാരെ,
പിരിയുവാൻ നേരത്ത് പിരിയാതിരിപ്പാനായ്
ചേർക്കുവതാരെ ഞാൻ ചാരെ.
പോകുവാറായെന്ന് ഗദ്ഗദം മൂളുന്നു
ഇരവിലെ ചില്ലയിൽ കിളികൾ,
നേടിയിലൊന്നുമേ എടുത്തുച്ചൊല്ലാനായി
ജീവിതയാത്രയിലാകെ.
ആരവങ്ങളില്ലാതൊഴിയുന്നീയരങ്ങും
നാട്യമറിയാത്ത നടിയായ്,
ആട്ടമറിയാത്തൊരുത്തിയാടുന്നില്ലീ
വേഷമാറ്റങ്ങൾ തൻ ഘോഷം.
ഭ്രാന്തിയെന്നവരെന്നെ വിളിപ്പൂവവരുടെ വ്യവസ്ഥതൻ കൂട്ടിൽ തളച്ചു,
ഇനിയില്ല നാളുകളീ കൂട്ടിലന്യയായ്
അടിമയായ് അനാഥയുമായി.
പോകുന്നു ഞാനെൻ ചിറകുമുറിത്തുണ്ടുകൾ
ഓരോന്നും പെറുക്കിയടുക്കി,
പോകുന്നു ഞാനെൻ പുതിയവാനം തേടി
മരണത്തിൽ കൈകൾ കവർന്നും.
തേടരുതാരുമെൻ മരണത്തിൻ ഹേതുവും പോകരുതാവേരു തേടി,
കാരണമില്ലാതെ ജീവിച്ചൊരുത്തിതൻ
മരണത്തിനെന്തിനു ഹേതു.
ചുടലപ്പറമ്പിൽ കൊടുംവനം നടുവിൽ ചിതകത്തിയെരിഞ്ഞൊടുങ്ങട്ടെ,
കത്തിയമരവേ പൊറുക്കയെൻ തെറ്റുകളേകുക മാപ്പെനിക്കായി.
ഓർക്കുകയും വേണ്ട ഓർമ്മനാളും വേണ്ട മറക്കുകയെന്റെ പാപങ്ങൾ,
ബാഷ്പാഞ്ജലിവേണ്ട സ്മാരകവും വേണ്ട സ്നേഹിക്കുമോയെന്നെയിന്നൽപ്പം.
2. കടലിരമ്പം
ഒരു ചോരക്കടലിരമ്പം കേൾക്കാം
എൻ ഹൃത്തിൽ തിരകൾ
കാലം തെറ്റിയ വേലിയേറ്റത്തിലാണ്,
അലയടിച്ച് ക്ഷീണിച്ചവ
തിരികെ ചെല്ലുന്നില്ല,
വന്ന വഴി മറന്ന്
മരണക്കരയിൽ
അനാഥശവങ്ങളായടിയുന്നു.
തിരകൾ മരിച്ചിട്ടും
ചീഞ്ഞുനാറ്റം വമിച്ചിട്ടും,
ഇരമ്പം നിലച്ചിട്ടില്ല.
തിരയുടെ മരണവാർത്ത
അങ്ങേക്കരയിലെ പത്രങ്ങളറിഞ്ഞിരിക്കില്ല,
തീരത്തിപ്പോഴും കാഴ്ച്ചക്കാർ
കപ്പലണ്ടി കൊറിച്ച് വട്ടം കൂടുന്നുണ്ട്.
കാത്തിരിക്കാൻ കടലവശേഷിക്കുമെന്ന
പ്രത്യാശ പേറി,
ദൂരെ ദിക്കിൽ നിന്നും
പുഴകൾ പാഞ്ഞൊഴുകുന്നുണ്ട്.
ഒരിക്കൽ ആർദ്രമായ് ചുംബിച്ച
തിരയുടെ തിരിച്ചുവരവിന്നും
തീരം പ്രതീക്ഷിക്കുന്നുണ്ട്,
സ്വന്തമായിരുന്ന ഒന്നിന്റെ,
അല്ല,
സ്വന്തമെന്ന് കരുതിയ ഒന്നിന്റെ
വിയോഗം ഉൾകൊള്ളാനാവാത്ത
തീരം
ഇന്നും കാത്തിരിപ്പിലാണ്.
ഒരിക്കലും സഫലമാത്ത
സ്വപ്നത്തിന്റെ കാത്തിരിപ്പിനോളം
മനോഹരമായ മറ്റെന്തുണ്ട്.
അർച്ചന ഇന്ദിര ശങ്കർ
പാലക്കാട്











