അഗ്നിയുണ്ടുറങ്ങാതെ അംബരംതന്നിൽ വാഴും
അർക്കനിന്നുദിക്കുമ്പോൾ വന്നിടും വെളിച്ചമേ,
അന്ധകാരത്തെ മാറ്റി ശുദ്ധവസരം തരാൻ
അന്തിയോളമീ മന്നിൽ പൂക്കളം തീർത്തീടേണം..
ഇന്ദ്രനീലകംചൂടി രാത്രിയാറാടും നേരം
ഇത്തിരിവെട്ടം നല്കാൻ വിളക്കൊട്ടെരിയുവാൻ,
ഇന്ധനം തീരാതെന്നും വിശ്വമാകെയും പോറ്റാൻ
ഇന്നുമുത്തരഭാഗേ വന്നുനീയുദിക്കണം..
ഉജ്ജ്വലത്തിളക്കത്തിൽ വിസ്മയാരൂഢനായി
ഉണ്മയോടാശാദീപം നിത്യവും തെളിക്കുമ്പോൾ,
ഉണ്ണുവാനന്നം ഭൂവിൽ മുളയ്ക്കാനൂർജ്ജംതന്നും
ഉത്തമനഹോരാത്രം നില്ക്കയാണണയാതെ..
എല്ലാമൊന്നാണെന്നോതി ഭാവഭേദം കൂടാതെ
എണ്ണാതെ ഗുണം ചെയ്യാൻ ധ്യാനലീനതനായി,
എട്ടുദിക്കിലേക്കുള്ള പൊന്നൊളി ചൊരിയുമ്പോൾ
എത്തണം ധരിത്രിയിൽ ഇച്ഛപോലങ്ങോളവും..
ഒടുങ്ങാതുലകിൻ്റെ കടിഞ്ഞാൺ പിടിക്കുവാൻ
ഒളിയോടെന്നും വിണ്ണിൽ തിടമ്പേറിടും നിൻ്റെ,
ഒതുക്കം മനുഷ്യർക്കും പഠിക്കാനായാലെന്നും
ഒതുങ്ങും ഹൃദയത്തിൻ തുടിപ്പാറീടുംവരേ…
ശുഭദിനം🍀🍁













