LIMA WORLD LIBRARY

ഋതുസംക്രമണം – രമാ പിഷാരടി (Rama Pisharody)

ഇത്തിരി കരിമ്പിന്റെ-
മധുരം, എള്ളിന്‍ തരി,
ശര്‍ക്കരപ്പൊങ്കല്‍ക്കലം
നന്തുണിപ്പാട്ടിന്‍ ശ്രുതി!

മഞ്ഞിന്റെ തണുപ്പാറ്റി
വിളക്കിന്‍ തിരിനാളം
കണ്ണിലേക്കുണരുന്ന-
മണ്ണിന്റെ പച്ചത്തളിര്‍

മണ്‍കുടങ്ങളില്‍ വെന്ത്-
പാകമാകുന്നു ജീവന്‍
വിണ്ണിലേയ്ക്കനന്തമാം
ചക്രവാളത്തിന്‍ വഴി

മാഘ- ഫാല്‍ഗുനത്തിന്റെ-
ശിശിരം പാടാനൊരു
മാര്‍ഗഴിസായന്തനം
മകരദീപക്കാഴ്ച

ഉല്‍സവം തുടങ്ങുന്ന-
ഋതുസംക്രമങ്ങളില്‍
കത്തുന്നൊരടുപ്പിലെ
മണ്‍കലപ്പൊങ്കാലകള്‍

ഭൂമിയാത്രയില്‍ കുട-
മാറ്റങ്ങള്‍, തെരുവോര-
മായിരം പൂക്കള്‍ക്കുള്ളില്‍
ചിരിച്ച് വിടരുന്നു

ഇത്തിരി മധുരത്തില്‍,
ഇത്തിരിയുപ്പില്‍ നീറ്റി-
മുറ്റത്ത് വീണ്ടും തിളയ്ക്കുന്നുണ്ട്
കൊയ്ത്തുല്‍സവം!

പാടുവാന്‍ ദേശാടന-
ക്കിളികള്‍, പുരാതന-
ഗ്രാമവും, ഗ്രാമത്തിന്റെ
സ്മൃതിയും, ഹൃദയവും…

 

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px