മരിക്കാന്‍ കിടക്കുക
യാണൊരു മഹാകവി
ഒരിക്കല്‍ പട വാളായ്
തൂലിക ചലിപ്പിച്ചോന്‍
വഴിയേ പോയാല്‍പ്പോലും വേലിക്കല്‍
മൈക്കണ്ണികള്‍ ഉഴിയാന്‍ നിറമാരില്‍
കര്‍പ്പൂരം കത്തിച്ചത്രേ !
അവരെക്കാണും നേരം
വലിച്ച സിഗാറിന്റെ
കവറില്‍ ഒന്നോ രണ്ടോ
വരികള്‍ സമ്മാനിച്ചും
കവിളില്‍ നുള്ളാന്‍ വേണ്ടി
ശ്രുംഗരിച്ചടുത്തെത്തി
കവി തന്‍ ഗന്ധം ശ്വസി –
ച്ചാശ്വസിച്ചവര്‍ പോയി
അച്ചായന്‍ പത്രങ്ങളില്‍
പടവും ചരിത്രവും
കൊച്ചിയില്‍ രാജാവിന്റെ
പടവാള്‍ പുരസ്‌ക്കാരം
ഒക്കെയുണ്ടായിട്ടെന്താ
വീട്ടിലെ പെണ്ണുമ്പിള്ള –
ക്കൊത്തിരി പരാതികള്‍ :
‘ കാശിനു കൊള്ളത്തില്ല ‘
ആങ്ങള പണ്ടത്തിന്മേല്‍
പണയം വാരിക്കൂട്ടി
ആറിന്റെ തീരം വരെ
വസ്തുക്കള്‍ സമ്പാദിച്ചു.
നാത്തൂന്റെ ദേഹത്താകെ
പൊന്നിന്റെ തുടലുകള്‍
പോത്തുകള്‍ കണ്ടാല്‍ പോലും
നോക്കിനില്‍ക്കുന്നുണ്ടത്രേ !.
ഇവിടെ കള്ളുംകുപ്പി
കാലിയാകുന്നു പുക
ച്ചുരുളില്‍ പാമ്പായിട്ട്
കവിത പിറക്കുന്നു .
ഇനിയും ജന്മം തന്നാല്‍
ചതി പറ്റില്ല കവി
മനസുള്ളവനുടെ
ഭാര്യയായ് നശിക്കില്ല.
കവിത പഴഞ്ചനായ്
എഴുതാന്‍ കവി വേണ്ട
ഏ ഐ ചാറ്റില്‍ ക്ഷണം
കവിത റെഡിമണി.
കരളില്‍ തുള വീണു
ചുമച്ചാല്‍ കട്ടച്ചോര
പുറത്തേക്കിറങ്ങാതെ
കവിയും കവിതയും.
മരിക്കാന്‍ കിടക്കുക
യാണൊരു മഹാകവി
ഒരിക്കല്‍ പട വാളായ്
തൂലിക ചലിപ്പിച്ചോന്‍
ചാനലില്‍ ചര്‍ച്ചക്കായി
വിഷയം വന്നു കവി
മരിച്ചാല്‍ സമുജ്ജ്വല
സ്മാരകം നിര്‍മ്മിക്കേണം.
അതിനായ് സര്‍ക്കാരിന്റെ
കമ്മറ്റി വരും അതില്‍
തിരുകി കയറണം
പ്രതിമ സ്ഥാപിക്കേണം
പുറത്തെ മരക്കൊമ്പില്‍
കാക്കകള്‍ പൊതുയോഗം
കാഷ്ടിക്കാന്‍ നമ്മള്‍ക്കൊരു
കവി തന്‍ തല വീണ്ടും!











