LIMA WORLD LIBRARY

സ്‌നേഹവിത്ത് – മാലൂര്‍ മുരളി (Maloor Murali)

മനുജനെ മഹനീയനാക്കുവാന്‍
മത, ജാതീയതയല്ലയോര്‍ക്കണം !
‘മനുഷ്യത്വ’മതൊന്നു മാത്രമേ
മനുജന്നുള്ളകെടാവിളക്കുകള്‍ .

‘ജാതീയത’മര്‍ത്യനാശത്തിന്‍
ജീര്‍ണ്ണിച്ചുള്ളൊരിടങ്ങള്‍മാത്രമാം !
ജീവഹാനിയ്ക്കുതുല്യമാണോ ര്‍ത്താ-
ലതിലെ ജീവിതങ്ങളും !

മാനവത്വം പിറക്കാത്ത
മത,ജാതീയ ചിന്തകള്‍!
മര്‍ത്യനെ മര്‍ത്യനറിയാത്ത
ക്രൂരചിന്തകരാക്കിടും.

പ്രാപഞ്ചികശക്തിയോരോന്നും
പ്രപഞ്ചത്തിന്‍കരങ്ങളാം
മഹത്തായുള്ളകരത്താലീ –
മഹിയില്‍ നിര്‍മ്മിതികളും .

പരകോടിയിനങ്ങള്‍ തന്‍
പ്രസവം നിര്‍വ്വഹിച്ചുര്‍വ്വി-
മുലയൂട്ടിവളര്‍ത്തുന്നു
മഹിതന്‍വിരിമാറിലായ്.

ഇഴതെറ്റാതെപണ്ടൊക്കെ –
യൊന്നിച്ചേവം പുലര്‍ന്നവര്‍!
സ്വാര്‍ത്ഥചിന്തയാല്‍ മര്‍ത്യ-
സഞ്ചാരം ഗതിപിഴച്ചതായ്.

ഇഴയോരോന്നു നശിപ്പിച്ച –
ങ്ങില്ലം ചുട്ടു രസിക്കയോ?
സര്‍വ്വനാശത്തെവരവേല്ക്കാന്‍
നീട്ടൂ…. സ്വാര്‍ത്ഥകരങ്ങള്‍ നീ

ഓരോ ജീവഗണങ്ങള്‍ തന്‍
ജീവചര്യ പഠിക്കുക
വര്‍ഗ്ഗത്തെ,വഴിതെറ്റാതെ
വളര്‍ത്തുന്നുപ്രകൃതി നിഷ്ഠയാല്‍ .

പ്രപഞ്ചഗമനത്തെ സദാ
പരി-
പാലിച്ചുപുലര്‍ന്നുപോകുവാന്‍
തുലനാവസ്ഥയതെപ്പോഴും
പാലിക്കുന്നന്യജീവികള്‍

മനുഷ്യനെന്നുള്ളഹം ചിന്ത
മനസ്സേപുലര്‍ത്തുന്നവന്‍ !
മഹിയില്‍ കാട്ടുമനാവൃത്തി
മഹിതന്‍ നാശഹേതുവായ്

മനുഷ്യാ! നിന്റെദുഷിച്ചസ്വാര്‍ത്ഥത
മഹിയില്‍ നാശവുമേറിയോര്‍ക്കുക !
മഹിയില്‍ ജീവിതമെത്രനാളിനി
മരണം മാടിവിളിപ്പു നമ്മളെ .

മനുജാ….! നിന്റെ സഹോദരങ്ങളെ
മനസ്സാചേര്‍ക്കു ധരയ്ക്കു മോദമായ്!
സഹനത്താലെയുഴുതു മന്നിതില്‍
സ്‌നേഹവിത്താംനന്മവിതച്ചു കൊയ്യുവിന്‍.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px