കണ്ടനാളിലേ കള്ളം പറയുവോൻ
കഴുത്തിനു ചുറ്റും നാക്കുള്ളവൻ
കലമ്പുന്നതിൽകല്ലുവച്ച നുണയാൽ
കണ്ടാൽകാളകളിക്കുംനിഷ്കളങ്കൻ.
കാലുകുത്തുന്നിടംകുത്തിത്തിരിപ്പാൽ
കലഹിപ്പിക്കുവാൻ കേങ്കേമനായവൻ
കിട്ടുന്നിടത്തൊക്കെയടിക്കിട്ടുമ്പോൾ
കമ്പിനീട്ടുന്നപതിനെട്ടാമടവുമായി.
കാർക്കോടകനോ പഠിക്കാൻ മിടുക്കൻ
കാറ്റുള്ളപ്പോൾ തൂറ്റണ വേലകൾ
കാലുതിരുമ്മിയും വലിയവനാകാൻ
കാലം തെളിക്കുന്ന കാലചക്രത്തിൽ.
കണ്ടാദ്യ കാഴ്ചയിൽസത്യസന്ധനായി
കേട്ടൊരു വാക്കിൽ വിനയമുളളവൻ
കോലം കെട്ടുന്ന ആട്ടും തോലുമായി
കറങ്ങിത്തിരിയുന്ന പുപ്പുലിയായി.
കൊല്ലാക്കൊലയൻ വക്കീലായാൽ
കള്ളം പറഞ്ഞവൻ നേട്ടമുണ്ടാക്കും
കള്ളകഥകൾ കളവാൽ ചമച്ചവൻ
കാര്യമാത്രയിൽ കോടാലിയായീടും.
കള്ളം കൊണ്ടൊരന്യായം തീർക്കും
കള്ളപ്പെരുമഴ ധാര ധാരയായി
കൊട്ടുന്ന താളത്തിൽതുള്ളുമാളുകൾ
കേമനന്ത്യത്തിൽ രാഷ്ട്രീയക്കാരൻ.
കള്ളം പറഞ്ഞവനമരക്കാരനായി
കൊല്ലക്കുടിയിലും സൂചി വില്പന
കറങ്ങിത്തിരിഞ്ഞൊരോ കല്ലേറിൽ
കണ്ടവരൊക്കെയാദരിക്കാനായി.
കാലുമാറുന്ന ചതുരംഗക്കളിയാൽ
കീഴ്മേൽ മറിക്കുന്ന തരികിടയിൽ
കള്ളക്കൂട്ടത്തിൽ മന്ത്രിയായവൻ
കാലേപ്പിടിക്കാനായിയായിരങ്ങൾ.
കാര്യം കാണാൻകഴുതക്കാൽപ്പിടിച്ചു
കേമനൊരു നാൾ മജിസ്രേട്ടായാലൊ
കള്ളങ്ങത്താലുള്ളൊരു നീതിപിഠം
കള്ളമാരുടെ അഭയസങ്കേതമായി.
കാശിനു കൊള്ളാത്തോൻ കേമനായാൽ
കള്ളങ്ങൾ പറഞ്ഞ തള്ളലിലായി
കണ്ടു നില്ക്കുന്നവരമ്പരന്നീടും
കോൾമയിർ കൊള്ളാനണികളായിരം.
കൈയടിക്കുന്നു പൊതുജനങ്ങൾ
കിടിലമായി ചാനലുകളിലെല്ലാം
കൊട്ടിഘോഷിക്കുമാവർത്തനം
കണ്ടുകുളിരാർന്നവനോഞെളിഞ്ഞു.
കൊണ്ടും കൊടുത്തുമടിച്ചമർത്തിയും
കൈയടക്കുന്നയടവുകാരനായി
കൊടുംമ്പിരിക്കൊള്ളുന്നഭ്യാസത്താൽ
കൂകിത്തെളിഞ്ഞവനമരത്തായി.
കെട്ടിപ്പെടുക്കുന്നയധികാരത്തിൽ
കൊട്ടും മേളവുമാഢംബരങ്ങളും
കൈനനയാതെ മീൻ പിടിക്കാനായി
കേമരിൽകേമന്മാരൊന്നിച്ചൊന്നായി.
കോട്ടം തട്ടുന്ന കാലക്കേടിലായി
കോപ്പുക്കൂട്ടുന്ന കള്ളത്തരത്തിൽ
കൊമ്പുകോർക്കുന്നകളിക്കളത്തിൽ
കേമനായി നിന്നവൻ മുമ്പനാകുന്നു.
കള്ളം കൊണ്ടൊരു കോട്ടത്തീർത്തു
കോട്ടയിലിരുന്നവൻ രാജാവായി
കാണികളായിരം കൈയ്യടിച്ചാർത്തു
കൈകളുയർത്തിയാനന്ദലഹരിയിൽ.
രചന
അഡ്വ: അനൂപ് കുറ്റൂർ