എന്റെയോര്‍മ്മകള്‍
വിരിഞ്ഞ ചില്ലയില്‍
കൂടുവച്ചുവോ
മറവിതന്‍ കിളി.
അകലെയെങ്ങെങ്ങോ
പറന്നകന്നിട്ടു
തിരികെയെത്തുവാന്‍
മറന്നൊരാക്കിളി
നീറുമെന്റെയീ
വിരഹനോവതില്‍
മനംതകര്‍ന്നൊരെന്‍
കനവിലെ കിളി
പറയുവാനേറെ
കരുതിവയ്ക്കിലും
പറയാതെ പോകും
മൗനമാം കിളി
കരളിലെ നാളം
കെടാന്‍ തുടങ്ങുമ്പോള്‍
കനല്‍ക്കാറ്റായി
പറന്നുപോം കിളി
കൊഴിഞ്ഞ പൂവുകള്‍
പെറുക്കിയന്തിക്കു
വിളക്കൊരുക്കുമെന്‍
വിധുരയാം കിളി
നീറുമോര്‍മകള്‍
മിഴിയില്‍ക്കുത്തുമ്പോള്‍
പനിനീര്‍തൂകുന്ന
മറവിപ്പൈങ്കിളി
നിനക്കുവേണ്ടി ഞാൻ
കൊരുക്കാന്‍ വച്ചൊരാ
കുറുമൊഴിമുല്ല
കൊഴിഞ്ഞു തീര്‍ന്നുപോയ്
മറക്കുവാനേറെ
മനസ്സിലെങ്കിലും
വെറുതെയോര്‍മിക്കാന്‍
കൊതിക്കുമെന്‍ കിളി.











