LIMA WORLD LIBRARY

ശാന്തം – ( കാർത്തി ചാരുംമൂട് )

മൗനത്തിന്റെ
ചെങ്കുത്തായ
മലനിരകളിൽ
ഇതുവരെ പറയാത്ത
സംഘർഷങ്ങളുടെ
കാട് പൂക്കുന്നു.

ഒരു മിന്നായ
നോട്ടം കൊണ്ടതിനെ
ഒരിതൾ പോലും
പൊഴിയാതെ
വായിച്ചെടുക്കുന്നു.

മറ്റാരുമറിയാതെ
ചിറി വലിയാത്തൊരു
പുഞ്ചിരിയിൽ
അത് ബാഷ്പീകരിക്കുന്നു.

കണ്ണനക്കം കൊണ്ട്
സുഖമാണോന്നൊരു ചോദ്യം
ചോദിക്കാതെ ചോദിക്കുന്നു.
അതേയെന്നുത്തരം
മിണ്ടാതെ മിണ്ടുന്നു.

ഇന്ന് ജോലിയില്ലേ?
ഷർട്ട് കൊള്ളാല്ലോ
നാളെ എപ്പോൾ വരും?
പനി കുറവുണ്ടാ?

തുരുതുരെ
ഒച്ചയില്ലാത്ത
വർത്തമാനങ്ങൾ
അവിടമാകെ പരക്കുന്നു.

പരിഭവങ്ങൾ
ആവലാതികൾ
സങ്കടങ്ങൾ
പ്രതിഷേധങ്ങൾ

ഉടലില്ലാത്ത പ്രണയം
ലിപികളില്ലാത്തൊരു
കവിത കൈമാറുന്നു.

മിണ്ടാതെ
ഉരിയാടാതെ
രണ്ട് വൻകരകളിലെ
കടലിരമ്പങ്ങൾ
അപരിചിതരുടെ
മുഖഭാവത്തിൽ
പതിയെ ശാന്തമാകുന്നു..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px