മഴക്കോടയായ് പെയ്യാം – ( സൂസൻ പാലാത്ര )

Facebook
Twitter
WhatsApp
Email

മാരീമണിയമ്മ കുഞ്ഞുതെന്നലോ –
ടോതിയിവ്വിധം:

“മാരുതാ നീ, മന്ദമായ് വീശി
സദാ ആശ്വാസമേകുന്നോരീ,
ജനമെത്ര നെറികെട്ടവർ
പുതുനാമ്പുകളൊന്നുമേ നടാതെ
ശാഖികളെല്ലാം വെട്ടിമാറ്റുവോർ,

കുഞ്ഞിളംതെന്നലേ,
ക്ഷീണമാറ്റി നീ തെല്ലുറങ്ങീടുക”

മന്ദമാരുതൻ മിണ്ടിയില്ലൊന്നുമേ
മെല്ലെയൊരു മൂളിപ്പാട്ടുമായ്
ചിരിച്ചങ്ങു പോയിട്ടവിരാമ –
മോട്ടവുമങ്ങുതുടർന്നു,
എന്നിട്ടുമീ മന്നിലെ ജനതതി –
യെല്ലാം പൊള്ളിമേവുന്നു!

ഒരൊറ്റമരത്തണൽപോലുമില്ലാ-
തവരിതാ കേണിടുന്നു,
വീട്ടിലുള്ളോർക്കു
ദാഹമാറ്റുവാൻ തണ്ണീരു
തേടി തരുണീമണികളും വലയുന്നു!

പുഴയെല്ലാം വറ്റിവരണ്ടിതാ
സർക്കാരുറേഷനായി
നല്കുന്ന തോയം, തേടി
മങ്കമാരും പായുന്നു!

തെന്നലീവ്ധം,
മർമ്മരം നടത്തിയെന്നുടെ
നിദ്ര നിശ്ചയമീ
ലോകത്തെ മുടിച്ചിടും
തെല്ലുനേരം കളയാതെ
ഞാനോടീടുകിലോ
ചിരകാലമീ മാനവര –
ല്ലലില്ലാതെ കഴിഞ്ഞിടു-
മെന്നുടെ ശീതളച്ഛായയിൽ,

നിദ്രയും ധ്യാനവും
പാടില്ലെനിക്കോമലേ,
ഞാനുറങ്ങിയുണർന്നീടുന്നേരം
ഭൂവിലെല്ലാം നിശ്ചലമായിടും,
പാരും വാനുമന്യോന്യം
നോക്കിനില്ക്കും മൂകമായ്
കാറ്റു കിട്ടാഞ്ഞിട്ടാ
കുഞ്ഞിളംമേനിയും
തൊട്ടിലിൽ പിടഞ്ഞിടും.

കുഞ്ഞിളംതെന്നൽ
മാരിക്കുരുന്നോടോതിയിത്ഥം:
“മാരിക്കുരുന്നേ,
നമുക്കിവർതൻനന്മനോക്കാതെ
യീമനുജർക്കുനന്മമാത്രമേകിടാം
ധർമ്മംമാത്രം ചെയ്തിടാമീ
ലോകമർത്ത്യർ വെറും
മണ്മയരല്ലോ ”

മാരിമണി മെല്ലെപ്പറ-
“ഞ്ഞിളംതെന്നലേ
നീയെത്ര നന്മയുള്ളോ-
നതിനാലെനിക്കും
പെയ്യാതെ പറ്റില്ലോമനേ
സർവ്വേശൻ ചെയ്വതുമങ്ങനെ
നന്മതിന്മ നോക്കാതങ്ങു
സ്നേഹിച്ചിടുന്നു;
നന്മയുള്ളോൻ നന്ദിയും
തിന്മയായവൻ
നിന്ദയുമേകിടുന്നു നിത്യം!

ഹേമാർദ്രിയിതുകേട്ടുടൻ
കല്പിച്ചീവിധം !!!
മഴമണിമുത്തേ, കുഞ്ഞിളംകാറ്റേ
കാർമുകിലായി നിങ്ങൾ മാറിടുവിൻ
നിങ്ങളൊന്നായ്
മഴക്കോടയായ് പെയ്യുവിൻ
മംഗളാശംസകൾ ഞാനേകിടാം
നമുക്കൊന്നായനുഗ്രഹമഴയേകിടാം
കാറ്റും തണുവുമേറ്റിട്ടിജ്ജനം
നന്നായിടട്ടേ മേലിൽ

About The Author

Leave a Reply

Your email address will not be published. Required fields are marked *