LIMA WORLD LIBRARY

ഒലിവുതോട്ടങ്ങളിൽ മഞ്ഞുപെയ്യുമ്പോൾ… – (വന്ദന)

കലാപങ്ങള്‍ക്കിടയിൽ
പ്രണയത്തിലകപ്പെട്ടുപോയ
നഗ്നവും അരാജകവുമായ
സമരഭൂമികൾ….

രക്തത്തിന്റെ വീര്യമുള്ള
മരണത്തെ ഓര്‍മ്മപ്പെടുത്തുന്ന
സാൽമൺ നിറമുള്ള സ്നേഹതീവ്രതയിൽ
സുഖപ്പെടുന്നു…

ചെകുത്താനും കടലും പാടിയുറക്കിയ
പടവുകളും ചരിവുകളും ചാപിള്ളകൾക്ക്
ജീവനൂതുന്നു…

ഒരുപാടിലകൾ
വഴികളില്‍
ഒന്നിച്ചടർന്നു വീഴുന്നു….

തുമ്പികളുടെ ചിറകുകള്‍ ചേര്‍ത്തു തുന്നിയ
ജീവന്റെ ജാലകങ്ങൾ
മഞ്ഞുകാലത്തെ നൈലിന്റെ
കുളിരുനെയ്യുന്നു…..

മൃതിയുടെ നിശ്വാസം തട്ടിയ നരച്ച ഇരുൾ
മെല്ലെ മെല്ലെ മാഞ്ഞു പോവുന്നു…..

ഒലിവുതോട്ടങ്ങളിലെ തണുത്ത നിശബ്ദതയിൽ
എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങുന്ന
യഹോവയുടെ സംഗീതമണിഞ്ഞ
കാറ്റ്….
നിലാവുകൊണ്ട് നീലശലഭങ്ങളെ വരയ്ക്കുന്നു

ഇഷ്ടങ്ങളുടെ
ജുഗൽബന്ദി അതിരില്ലായ്മയിൽ
കനലും കടലും കണ്ണീരുമാവുന്നു….

ആത്മാവിൽ തീയേന്തിയ പാതിവിടർന്ന
പാതിരാപ്പൂക്കളിൽ
ബാംസുരി മീട്ടുന്ന നക്ഷത്രങ്ങൾ
കാടിന്റെ വസന്തമപ്പാടെ
കണ്ണിൽപ്പേറി
ഭൂമിക്ക് മുകളിലൂടെ…
മേഘങ്ങളെ കടന്ന്…
പ്രണയത്തിന്റെ ദേശങ്ങൾക്ക്
ദൈവത്തിന്റെ മണമാണെന്ന്
സാക്ഷ്യപ്പെടുത്തുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px