ശ്രീ ഭൂവിലസ്ഥിരം –വീണപൂവ് – (ഹേമ സാധ്വി)

Facebook
Twitter
WhatsApp
Email

1907 ലാണ് വീണപൂവ് മിതവാദി എന്ന പത്രത്തിൽ ഒരു വീണപൂവ് എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത് .അന്നത്തെ കാവ്യാന്തരീക്ഷത്തിൽ ഈ കൃതി ഒരു നൂതനാനുഭവം തന്നെയാണ് സൃഷ്ടിച്ചത്. പിന്നീടാണ് ഭാഷാപോഷിണിയിൽ വീണപൂവ് പ്രസിദ്ധീകരിക്കുന്നതും അതിന്റെ ദാർശനിക പശ്ചാത്തലം ഏറെ ചർച്ച ചെയ്യപ്പെട്ടതും ആശാൻ എന്ന കവി ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതും.

‘വീണപൂവ് ‘എന്ന കൃതിക്കു മുമ്പും വീണപൂവ് എന്ന കൃതിക്ക് പിൻപും എന്ന രീതിയിൽ നമുക്ക് ആശാന്റെ കൃതികളെ തരം തിരിക്കാവുന്നതാണ്. വീണപൂവിനു മുമ്പ് അദ്ദേഹം കീർത്തനങ്ങളും സ്തോത്ര കൃതികളുമൊക്കെയാണെഴുതിയിരുന്നത്. എന്നാൽ അതിനുശേഷം അദ്ദേഹം തത്വചിന്താപരവും ഭാവനാത്മകവും ആശയ സമ്പുഷ്ടവുമായ പല കൃതികളും രചിക്കാനിടയായി.

അങ്ങനെ
തിരുവനന്തപുരം മാത്രമല്ല ,ലോകത്തിനു മുഴുവൻ അഭിമാനമായി മാറിയ ഒരു കവിയായി കുമാരനാശാൻ മാറുകയായിരുന്നു .

അദ്ദേഹം പാലക്കാട്ട് ശ്രീനാരായണഗുരുവുമൊത്ത് ചില പ്രതിഷ്ഠകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്ന വേളയിൽ ജൈന ക്ഷേത്രത്തിന് അടുത്ത് തങ്ങുകയും വീണു കിടക്കുന്ന ഒരു വെളുത്ത പുഷ്പത്തെക്കണ്ട് വീണ പൂവിലെ ആദ്യത്തെ രണ്ടു വരി എഴുതിയെന്നുമാണ് പറഞ്ഞുവരുന്നത്. ഒരു വെളുത്ത പൂവ് താഴെ വീണു കിടക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിനുണ്ടായ വികാരവിചാരങ്ങളാണ്
‘ഹാ! പുഷ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ‘ എന്ന
ഈ രണ്ടുവരി എഴുതാൻ പ്രചോദനമായത് എന്നാണ് പറഞ്ഞു കേൾക്കുന്നത്.

പിന്നീട് ഏറെ കാലം കഴിഞ്ഞ് .അദ്ദേഹത്തിനന്റെ പ്രിയ കൂട്ടുകാരിയുടെ വിയോഗ മുണ്ടായപ്പോൾ അദ്ദേഹം ‘വീണപൂവ് ‘എന്ന കൃതി എഴുതാൻ സാഹചര്യമുണ്ടായി എന്നും പറഞ്ഞു വരുന്നു.
വീണപൂവ് എന്ന കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത അതൊരു പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അഥവാ മനുഷ്യായുസ്സിന്റെ വിവിധ അവസ്ഥയെ പ്രതിപാദിക്കുന്നു എന്നതാണ്. ജീവിതത്തിന്റ നൈമിഷികത്വം ഒരു പുഷ്പായുസ്സിനെ പ്രതീകമാക്കി നെയ്തെടുത്ത കാവ്യ ശില്പം.ഒരു സ്ത്രീയുടെ ജന്മവുമായി താദാത്മ്യപ്പെടുത്തിയാണ് രചന നിർവഹിച്ചിരിക്കുന്നത്. സ്ത്രീയുടെ ജീവിതത്തിന്റെ പ്രതീകമായിട്ടാണ് പൂവിന്റെ ജീവിതം അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽഒരു പ്രതീകാത്മക കവിതയാണിത്.

വീണപൂവ് എന്ന കവിതയ്ക്ക് ശേഷമാണ് അദ്ദേഹം ‘ഒരു തീയ കുട്ടിയുടെ വിചാരം’ എന്ന കൃതി രചിക്കുന്നത്. ഈ കൃതിയിൽ അദ്ദേഹത്തിന്റെ സാമൂഹിക ബോധം പ്രതിഫലിക്കുന്നുണ്ട് .പിന്നീടുള്ള പല കൃതികളും .വളരെ ശ്രദ്ധേയമായി സംഭവിക്കുകയായിരുന്നു. വീണു കിടക്കുന്ന പൂവിനെയാണ് കവി ഇത്രയും ഭാവാത്മകമായി വർണ്ണിച്ചിരിക്കുന്നത് .വയലാർ
‘വികാരവതി നീ വിരിഞ്ഞു നിന്നപ്പോൾ വിരൽ തൊട്ടുണർത്തിയ ഭാവനകൾ ക വിഭാവനകൾ …..’എന്നാണ് പൂവിനെ വർണ്ണിച്ചത്.. എന്നാൽ കുമാരനാശാൻ വീണു കിടക്കുന്ന പൂവിലാണ് അദ്ദേഹത്തിന്റെ കവിത്വം പ്രകടിപ്പിക്കുന്നത്.
വിരിഞ്ഞു നിൽക്കുന്ന പൂവിനെ വർണിക്കാത്ത കവികളില്ല . എന്നാൽ വീണുകിടക്കുന്ന പൂവിനെ ഇത്ര മനോഹരമായി വർണിക്കാൻ ആശാനെപ്പോലെ മറ്റൊരു കവിക്കും കഴിയില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം മഹാകവി ആകുന്നതും.

‘നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി
ആരാകിലും മിഴിയുള്ളവർ നിന്നിരിക്കാം ….’ എന്ന് ആശാൻ തന്നെ പറയുന്നുമുണ്ട്. പെൺകുട്ടിയുടെ ജീവിതത്തോടാണല്ലോ പൂവിനെ താരതമ്യം ചെയ്തിരിക്കുന്നത്.

സുന്ദരിയായ ഒരു പെൺകുട്ടി കൗമാരപ്രായത്തിൽ കൂടുതൽ സുന്ദരിയായിരിക്കും. ആ പ്രായത്തിലെത്തുമ്പോൾ ആരാകിലും മിഴിയുള്ളവർ അവളെ നോക്കി നിന്നിരിക്കാം എന്നാണ് കവി പറയുന്നത് . എന്നാൽ അവൾ വീണുകിടക്കുന്ന സമയത്ത് .. അതായത്
വാർദ്ധക്യത്തിലെത്തിക്കഴിഞ്ഞാൽ ആ സ്ത്രീയെ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ല. എന്നാൽ ഇവിടെ കവി വീണു കിടക്കുന്ന പൂവിനെ നോക്കി വളരെയധികം വ്യസനത്തോടെയാണ് ഈ വരികൾ കുറിച്ചു വയ്ക്കുന്നത്..

‘കരുണ ‘യിലും അദ്ദേഹം സമാനാശയം സൂചിപ്പിക്കുന്നുണ്ട്. വാസവദത്ത സുന്ദരിയായിരുന്ന സമയത്ത് …സമയമായില്ല ..എന്നു പറഞ്ഞ് ഉപഗുപ്തൻ ഒഴിഞ്ഞു മാറുന്നു… എന്നാൽ അവൾ വീണു കിടക്കുന്ന അവസ്ഥയിൽ അവളുടെ കരചരണങ്ങൾ ഭേദിച്ച് ഒരു മാംസപിണ്ഡം പോലെ പുഴുവരിച്ചുകിടക്കുന്ന സമയത്ത് ആത്മസൗന്ദര്യം മാത്രം ആസ്വദിക്കുന്ന ഉപഗുപ്തൻ അവളുടെ അടുത്തെത്തുകയാണ് .

നശ്വരമായ ദേഹത്തെ യല്ല .നശിക്കാത്ത ആത്മാവിനെയാണ് ആശാൻ എന്ന കവിയും സ്നേഹിക്കുന്നത് .. ആശാന്റെ രചനകളിലൂടെ നമുക്കത് ബോധ്യമാവുന്നതുമാണ്.
‘മാംസ നിബദ്ധമല്ല രാഗം ‘എന്ന് അദ്ദേഹത്തിന്റെ എല്ലാ രചനകളിലും ചൂണ്ടിക്കാട്ടാൻ കവി ശ്രമിക്കുന്നുണ്ട്.

വളരെ മികച്ച ബിംബ കല്പനകളാണ് അദ്ദേഹം ഈ കാവ്യത്തിൽ നൽകിയിരിക്കുന്നത് .
ഒരു പെൺകുട്ടിയുടെ ജീവിതത്തോട് വളരെയധികം സാമ്യപ്പെടുത്തുന്ന കൽപ്പനകളാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. കൊച്ചുകുഞ്ഞ് ജനിച്ചുവളർന്നുവരുന്ന അവസ്ഥയിൽ തൊട്ടിലാട്ടുന്നതും പല്ലവപുടങ്ങളിൽ വച്ച് താലോലിക്കുന്നതും കുറച്ചു വലുതായി പഠനശാലയിലെത്തിയാൽ തലയാട്ടി ശ്രദ്ധയോടെ നക്ഷത്രങ്ങളിൽ നിന്ന് ലോകതത്വം പഠിക്കുന്നതുമൊക്കെ വളരെ മനോഹരമായി കവി വ്യക്തമാക്കുന്നു.
തളിരിലകൾ താലോലിക്കുന്നതും ഇളം കാറ്റ് തൊട്ടിലാട്ടുന്നതും ഇളയ മൊട്ടുകളോട് ബാലത്വം കഴിച്ചുകൂട്ടുന്നതുമെല്ലാം കവിഭാവനയുടെ മകുടോദാഹരണങ്ങളാണ്.

എന്നാൽ അവൾ കുട്ടിക്കാലം കഴിഞ്ഞ് കൗമാരപ്രായത്തിലെത്തിയപ്പോഴേക്കും അവളുടെ മുഖത്തിനു ഭാവം പകർന്നു , അവളുടെ ചിരിക്ക് വശ്യത കൈവന്നു ,അവളുടെ കവിളുകൾ തുടുത്തു എന്നാണ് കവിപറയുന്നത്.ഇതെല്ലാം തന്നെ സാധാരണ ഒരു പെൺകുട്ടിക്ക് കാണുന്ന ഭാവമാറ്റങ്ങൾ തന്നെയാണ്. ഈ പൂവിലും അദ്ദേഹം കല്പിച്ചിരിക്കുന്നത് അതു തന്നെയാണ്.

പകുതി വിടർന്ന പൂവിനാണല്ലോ ഭംഗി കൂടുതൽ. വിടരാൻ വെമ്പി നിൽക്കുന്ന പൂവിനുള്ള ശോഭ തന്നെയാണ് കൗമാരപ്രായത്തിലെത്തിനിൽക്കുന്ന പെൺകുട്ടിയുടെ മുഖത്തിനും . അതുപോലെ അവളുടെ കണ്ണുകൾക്ക് നക്ഷത്ര ശോഭയുണ്ടാകും .അവളുടെ കവിളുകൾക്ക് പ്രത്യേക തിളക്കമുണ്ടാകും. അവളുടെ പുഞ്ചിരിക്ക് പ്രത്യേക വശ്യതയുണ്ടാകും. പുതിയ പുഞ്ചിരി സഞ്ചരിച്ചു എന്നാണ് കവിപറയുന്നത്… സഞ്ചാരിഭാവമുള്ള ഒരു പുഞ്ചിരി അവളിൽ നൂതനമായി സംഭവിച്ചു എന്ന് കവിയുടെ ആ ഭാവന.

വളരെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ടിരുന്ന ഒരു കുട്ടി കൗമാരപ്രായത്തിലെത്തിക്കഴിഞ്ഞപ്പോൾ വശ്യമായി ചിരിക്കാൻ തുടങ്ങി.

എന്നാൽ വാർദ്ധക്യത്തിലെത്തുന്ന സമയത്ത് ,പൂവിന്റെ ആയുസ്സ് കൊഴിയുന്ന സമയത്ത് …..എല്ലാ മനുഷ്യരുടെയും അവസ്ഥ പോലെ തന്നെയാണ് പൂവിനും .

സൗന്ദര്യവും തിളക്കവുമെല്ലാം നഷ്ടപ്പെട്ടു മരണം എന്ന സത്യത്തിൽ അവൾ അലിഞ്ഞുചേരുന്നു. വീണു കിടക്കുന്ന പൂവിനുചുറ്റും ഒരു കരിവണ്ട് മാത്രം അതിയായ വ്യസനത്തോടെ പറന്നു നടക്കുന്നുണ്ട്.
അതിലേക്ക് ഞാൻ കൂടുതൽ കടക്കുന്നില്ല .

രാജ്ഞിയെ പോലെ ശോഭിച്ചിരുന്ന ഒരു പൂവ് ഒടുവിൽ മരണം സംഭവിക്കുമ്പോൾ മണ്ണോടടിയാനൊരുങ്ങുകയാണ് .ഒരു ജീവിത സത്യമാണ് മരണം.ഈ സത്യത്തെ അദ്ദേഹം ഈ കാവ്യാത്മകമായി അവതരിപ്പിക്കുകയാണ്.

ഐശ്വര്യം ഒരിക്കലും സ്ഥിരമായി നിലനിൽക്കുന്നില്ല. ‘ശ്രീഭൂവിലസ്ഥിരം ‘ എന്നത് നിതാന്ത സത്യമാണ്. പലനിരൂപകരും പറയുന്നതുപോലെ ‘കൊതിച്ചതും വിധിച്ചതും ‘എന്ന രണ്ടവസ്ഥ എല്ലാ മനുഷ്യജീവിതങ്ങളിലും ഉണ്ടാകുന്നതാണ് .അതുപോലെ ഒരവസ്ഥയാണിവിടെ യും സംഭവിച്ചത്.ഒന്നു കൊതിച്ചു എന്നാൽ വിധി മറ്റൊന്നായി സംഭവിച്ചു . ഇതാണ് കവിതയിലൂടെനമുക്ക് മുന്നിൽ കവി വരച്ചുകാട്ടുന്നത്.

അങ്ങനെ രണ്ടവസ്ഥകൾക്കിടയിലുണ്ടാകുന്ന ആത്മസംഘർഷമാണ് ഈ ഒരു കവിതയ്ക്ക് ഹേതുവായി മാറിയത് എന്ന് നമുക്ക് ചിന്തിക്കാവുന്നതാണ് .

ലോകം തന്നെ നശ്വരമാണ് .മരണം നമുക്കൊരിക്കലും ഒഴിവാക്കാനാവാത്തതാണ് . ആ സത്യത്തെ അദ്ദേഹം ഈ കവിതയിലൂടെ തുറന്നുകാട്ടുകയാണ്.

. കവിയുടെ കാവ്യ ബിംബങ്ങളെല്ലാം തന്നെ ഒറ്റക്കവിതയിൽ കൊണ്ടുവന്നിരിക്കുകയാണ് .അത് മറ്റൊരു കവിതയുമല്ല. വീണപൂവ് തന്നെ എന്നാണ് നിരൂപകരുടെ അഭിപ്രായം .എപ്പോഴും ഉന്നത നിലയിൽ നിന്ന് വീഴുമ്പോഴാണ് വീഴ്ചയ്ക്ക് ആക്കം കൂടുന്നത്. അതുപോലെയാണ് കവിതയിലെ നായികയായ പൂവും.ഇവിടെ ആ പൂവ് രാജ്ഞിയെ പോലെ ശോഭിച്ചിരുന്നു. പിന്നീട് മണ്ണിൽ വീണുകിടക്കുന്നു.

‘മാളിക മുകളേറുന്ന മന്നന്റെ
തോളിൽ മാറാപ്പങ്ങാക്കുന്നതും ഭവാൻ ‘എന്ന് പൂന്താനം പറയുന്നതുപോലെ ജീവിതത്തിന്റെ നശ്വരത അദ്ദേഹം ഈ കവിതയിൽ വരച്ചു കാട്ടിയിട്ടുണ്ട് .
ചില നിരൂപകർ അതിനെ ഒരു വിലാപകാവ്യമായി പറയുന്നുണ്ട് . അതിനെക്കുറിച്ച് നിരവധി വാദപ്രതിവാദങ്ങൾ ഇപ്പോഴും നടന്നു വരുന്നു.

.ഇത്രയ്ക്കും ചിന്തിക്കാൻ കഴിയുന്ന തത്വചിന്തകനായ ആശാൻ എന്തുകൊണ്ട് ഇങ്ങനെ വിലപിക്കുന്നു വെന്നാണ് പലനിരൂപകരും ചോദിക്കാറുള്ളത്.
അതിനുള്ള കാരണം അദ്ദേഹം കൃതിയിൽ തന്നെ പറയുന്നുണ്ട് ‘

‘ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ ഒന്നല്ലി കൈയിഹ
രചിച്ചതു നമ്മെയെല്ലാം’_

അതെ ഒരു കൈ തന്നെയല്ലേ നമ്മളെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത്. അപ്പോൾ സഹജീവിയുടെ വേർപാട് എല്ലാവരെയും ദുഖിപ്പിക്കുന്നതാണെന്ന ‘വസുധൈവ കുടുംബകം ‘എന്ന ആശയം കൂടി അദ്ദേഹം ഇതിനോട് ചേർത്തുവയ്ക്കുന്നുമുണ്ട് . ഈശ്വര സൃഷ്ടിയാണ് നമ്മളെല്ലാം തന്നെ .അപ്പോൾ നമ്മളെല്ലാം സഹോദരങ്ങളുമാണ്.
നമ്മുടെ സഹോദരങ്ങൾക്ക് ഒരു വീഴ്ച വരുമ്പോൾ നമ്മളെല്ലാം വേദനിക്കുമെന്നുള്ള ആ തത്വമാണ് ഇവിടെ അദ്ദേഹം ഈ വരികളിലൂടെ തുറന്നു കാട്ടുന്നത്.

.ജാതിമത വർഗ്ഗചിന്തകൾക്കെല്ലാം എതിരായി നിന്ന ഒരു വ്യക്തിയാണ് ആശാനെന്ന് അദ്ദേഹത്തിന്റെ മറ്റു കൃതികളിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാവുന്നതാണ് . അതിന്റെ ഒരംശം തന്നെയാണ് അദ്ദേഹത്തിന്റെ ഈ കൃതിയിലും നമുക്ക് ദർശിക്കാനാവുന്നത് .

പൂവിന്റെ വേർപാട് കണ്ട് നക്ഷത്രങ്ങൾ പോലും കണ്ണുനീർ പൊഴിക്കുന്നു. ദാർശനികതയിലൂന്നിയ
കാവ്യ ചിത്രീകരണം. പ്രകൃതിയെ അദ്ദേഹം കൂടെ ചേർത്തുനിർത്തുകയാണ്. മനുഷ്യന്റെ ജീവിതചര്യയോടൊപ്പം തന്നെ അദ്ദേഹം പ്രകൃതിയെയും ഒപ്പം ചേർക്കുകയാണ് .നക്ഷത്രങ്ങൾ കണ്ണുനീർ പൊഴിക്കുന്നതാണോ ഹിമ കണങ്ങളായി ഇങ്ങനെ പൊഴിയുന്നത് എന്ന് അദ്ദേഹത്തിന് തോന്നുകയാണ്

വലിയൊരു പ്രാപഞ്ചിക സത്യത്തെയാണ് അദ്ദേഹം ഈ കവിതയിലൂടെ നമുക്ക് മുന്നില്‍ തുറന്നു കാട്ടുന്നത്

‘ ഗുണികളൂഴിയിൽ നീണ്ടു വാഴാ ‘ എന്നു കവി സ്വയം ആശ്വസിക്കുന്നുമുണ്ട്. അതായത് നല്ല മനുഷ്യർ കൂടുതൽ കാലം ജീവിക്കുന്നില്ല .എന്ന പരിദേവനത്തിൽ അദ്ദേഹം സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയാണ്.

കണ്ണുനീര് കൊണ്ട് ഈ ലോകത്ത് എന്താണ് സാധ്യമാവുക ?….എന്ന് അദ്ദേഹം തന്നെ ചോദിക്കുകയാണ് .എന്താണ് നമുക്ക് മാറ്റാൻ കഴിയുക ?അതുകൊണ്ട് ‘കണ്ണേ മടങ്ങുക
കരിഞ്ഞു മലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ ‘
ആർക്കും ഇത് താൻ ഗതി ….. അവനിയിലെ വാഴ് വ് …..കഷ്ടം !എന്ന പദപ്രയോഗ ഭംഗിയും എടുത്തു പറയേണ്ടതാണ്.

ഒരു പൂവിന്റെ ജന്മത്തിലൂടെ ഒരു മനുഷ്യ ജീവിതത്തിന്റെ
അവസ്ഥ അദ്ദേഹം വളരെ വ്യക്തമായി നമുക്ക് മുന്നിൽ വരച്ചുകാട്ടി .വയലാർ രാമവർമ്മ ‘വിശ്വദർശനചക്രവാളത്തിലെ നക്ഷത്രമല്ലേ നീ – എന്നാണ് വീണപൂവ് എന്ന കൃതിയെ വിശേഷിപ്പിച്ചത്. തീർച്ചയായും ആ പ്രശംസ അർഹിക്കുന്ന കൃതി തന്നെയാണ് ‘വീണപൂവ് ‘എന്ന ഈ ചെറുതും ബൃഹത്തുമായ കാവ്യം എന്നു നിസ്സംശയം പറയാം..

വസന്തതിലകം എന്ന വൃത്തത്തിൽ ചിട്ടപ്പെടുത്തി, അർത്ഥഗർഭവും ആശയഗംഭീരവുമായ വരികൾ കൊണ്ട് സമ്പുഷ്ടമായ ഈ ലഘു ഖണ്ഡകാവ്യം അതിമനോഹരമായ 41 ശ്ലോകങ്ങൾ കോർത്തിണക്കി ഗംഭീരമാക്കിയിരിക്കുന്നു. ‘വീണപൂവ് ‘ എന്ന ഈ കാവ്യം ഒരു നക്ഷത്രം പോലെ എന്നും ഭാഷാ
നഭസ്സിൽ ശോഭിക്കുക തന്നെ ചെയ്യും.

ഹേമാ സാധ്വി

About The Author

Leave a Reply

Your email address will not be published. Required fields are marked *