നിനക്കെഴുതുമ്പോൾ – (സന്ധ്യ)

Facebook
Twitter
WhatsApp
Email

വർഷങ്ങൾക്കിപ്പുറം ഞാൻ നിനക്കെഴുതുകയാണ്. അതേ ഹൃദയത്തുടിപ്പോടെ നീ വായിക്കും
എന്ന പ്രതീക്ഷയൊന്നുമില്ല.
നിനക്കെഴുതുമ്പോൾ മനസ്സിൽ
എന്നത്തേയും പോലെ എന്തെന്നില്ലാത്ത ഒരു ലാഘവം.

നിന്നെക്കുറിച്ച് ഒരു വാക്ക് കുറിച്ചില്ല, ഇതാ മഴ പെയ്തു തുടങ്ങി. ചന്നം പിന്നം കന്നിമഴ. ഹാ,മൺവാസന! ഇവിടെ കൊടും വേനലാണ്.മണ്ണിലെത്തും മുൻപേ മഴത്തുള്ളികളെ വെയിൽ കുടിച്ചു വറ്റിച്ചു കളയുന്നു. എങ്കിലുമീ മഴച്ചാറ്റലിന് നല്ല തണുപ്പുണ്ട്.

വേനലിൽ കരിഞ്ഞു പോയതെന്തോ മണ്ണിൽ കിളിർത്തു പൊന്തുന്നുണ്ട്.എങ്ങു നിന്നോ ഒരു മഞ്ഞക്കിളി പാറി വന്ന് എൻ്റെ ജാലകത്തിനെതിരെയുള്ള
നെല്ലിമരക്കൊമ്പിൽ ഒച്ച വെക്കുകയും തൂവൽ പൊഴിച്ച് പറന്നു പോവുകയും ചെയ്തു.

മഴ കനം വെക്കുകയാണ്.മെല്ലെ മഴയൊരു പുഴയാകുന്നു. നീ പുഴയുടെ മറുകരയിലാണെന്ന് ഞാനറിയുന്നു. നിനക്കേറെ പ്രിയപ്പെട്ട പേരറിയാ പൂക്കളുടെ സുഗന്ധം ഇവിടമാകെ പരക്കുന്നു.

മഴയത്ത് ഒരു കത്ത്.
ഇടയ്ക്ക് ഞാൻ മഴയെ തൊട്ടു നോക്കുന്നുണ്ട്.ഞാൻ നനഞ്ഞ മഴത്തുണ്ട് ഒരു വെയിൽ കഷണത്തിൽ പൊതിഞ്ഞ്
അയക്കുന്നു.

നീയും നനയുമല്ലോ.
മഴ വാസനിക്കുന്ന
നിനക്കെൻ്റെ സ്നേഹം!!

About The Author

Leave a Reply

Your email address will not be published. Required fields are marked *