തെരുവിന്നിടനാഴിയിലുയരും,
പൊരിയുന്നമാംസത്തിൻ ഗന്ധവും,
പേറിവന്നു ശിശിരസന്ധ്യ.
ഒരു വേനലെരിഞ്ഞടങ്ങി-
യാരോ വലിച്ചെറിഞ്ഞ ധൂപക്കുറ്റി പോൽ.
വർഷത്തുള്ളികൾ താണ്ഡവമാടുന്നു
വഴികൾ നിറയുന്നു കവിയുന്നു
വെറുപ്പിൻ ജീർണതപ്പുണ്ണുകളാൽ.
തല്ലിത്തകർക്കുന്നു ജടാഭരത്താൽ,
മേല്ക്കൂരകൾ വാതായനങ്ങൾ
തൊഴുത്തിലക്ഷമകൾ,
തട്ടിത്തകർക്കുന്നു തേങ്ങുന്നു
തെരുവി ഞ്ചെരാതുകളാർക്കോ വേണ്ടി –
ത്തെളിയുന്നു !യാന്ത്രിക ലോകമേ!
മദ്യത്തിൻ രൂക്ഷതയാൽ
മത്തുപിടിച്ച പ്രഭാതം,
ഭ്രാന്തമായിപ്പായുന്ന പ്രാണൻ.
ചളിനിറഞ്ഞ കഴൽ നീങ്ങിടുന്നു,
ചായാലയം പരതിമിഥ്യകൾ.
ആയിരം ജീർണ കവാടത്തി –
ലായിരം ശുഷ്കരങ്ങളമരുന്നു.
നീ ,
നിൻ്റെ കരിമ്പടം വലിച്ചെറിഞ്ഞ്
നിദ്രവിട്ടു ണർന്നു മലർന്നു കിടപ്പു.
നീ,
നിൻ്റെ ചുറ്റും കണ്ണുകളെറിയുന്നു
നിശവലിച്ചെറിഞ്ഞോരായിരം
നീച സങ്കല്പങ്ങളിലാത്മാ വുടക്കിടുന്നു,
നിന്നെച്ചൂഴ്ന്നിറങ്ങുന്നു വിശ്വമണ്ഡലം
കേൾക്കുന്നു കലപിലകിളി ഗീതം,
കണ്ടിടുന്നു തെരുവിൻ ദുരന്ത ദൃശ്യം.
വാനിൻനേർക്കുയർന്ന നിൻ പ്രാണൻ,
നനഞ്ഞ തെരുവിൻ മാറിൽവീണിഴഞ്ഞീടുന്നു.
കാഷായ വസനമുടുത്തു സന്ധ്യയെത്തി,
കറുത്തിരുണ്ടോരു ച്ചുണ്ടില്പുകഞ്ഞിടുന്നു,
കറുത്ത പുകയിലക്കുഴൽ.
അന്തി വാർത്തകളിലുടക്കിടുന്നു കണ്ണുകൾ,
അന്ധകാരവിഴിപ്പു കെട്ടിയതെരുവാ-
ലാവൃതമായ ലോകം നിരന്നിടുന്നു മുന്നിൽ.
ഭഗ്നസങ്കല്പങ്ങൾ ചൂഴ്ന്നെന്നേ,
മഗ്നനാക്കുന്നിയനന്തമാം
ഭുവന വൈകൃതദുഃഖാബ്ധിയിൽ.
നിങ്ങൾ വാമൂടി ചിരിച്ചീടുന്നു,
നീങ്ങുന്നു ലോകം മരുഭൂവി
ലിന്ധനംതേടിയലയുന്ന മുത്തിയമ്മപോൽ.
About The Author
No related posts.