കനകധാരയായികനകാക്ഷരങ്ങൾ
കതിരവകാന്തിയായിയാകാശത്ത്
കമനീയയാമവളണിഞ്ഞൊരുങ്ങി
കാവ്യചിലമ്പണിഞ്ഞഴകായാടുന്നു.
കുടജാദ്രിയിലിരുന്നക്ഷരവാഹിനി
കരുണയോടലിയുമരുവിയായി
കാനനഭംഗിയായെങ്ങും നിറഞ്ഞു
കുയിൽനാദസൗപർണ്ണികയായി.
കാനനപ്രിയവാദിനിയാമവൾ
കുങ്കുമാംഗിയായിശ്രീലകത്ത്
കച്ഛപീവീണാതന്ത്രികൾമീട്ടി
കലാനിധികല്പനാമണ്ഡപത്തിൽ .
കവടിയില്ല; ഗണകനല്ലഗണിച്ചീടാൻ
കാലതന്ത്രിയാവാഹിക്കുംതന്ത്രിയുമല്ല
കദനംമുറ്റിതളർന്നോരുപാർത്ഥൻ
കേഴുന്നമ്മേയല്പംകനിവുറവയേകു .
കളഭാഷിണികാന്തശക്തിയായി
കളങ്കമില്ലാത്തയമൃതമഴയായി
കൂടെകൂടെ മന്ദസ്മിതം തൂകി
കളഹംസമെന്നക്ഷരതടാകത്തിൽ.
കുശലാന്വേഷിയാണെപ്പോഴും
കലഹമില്ലാസല്ലാപത്തിലായി
കളകളമൊഴുകുമരുവിയുരുവിട്ടു
കവിൾത്തടമാകെചുവന്നുതുടുത്തു.
കലമ്പലിലക്ഷരങ്ങളിളകിയുലഞ്ഞു
കാദംബരീരാഗമലയടിക്കുന്നു
കേളീകല്ലോലിനിയട്ടഹസിച്ചന്ത്യം
കലാശകൊട്ടിലുമവസാനിക്കാതെ.
കൂന്തലഴിച്ചവളാടിക്കളിക്കുന്നു
കുരുoമ്പക്കാളിച്ചവിട്ടിമെതിച്ചലറി
കുതിക്കുന്നുകത്തുന്നഗ്നിയായി
കൊടുംകാറ്റടിക്കുന്നിരമ്പലിൽ.
കവചമണിഞ്ഞപ്പോരാളികൾ
കനകാക്ഷരപ്പോരിലന്യോന്യം
കുതിച്ചുചാടിമറിഞ്ഞുവെട്ടിയും
കിതച്ചിതാമണ്ണിലലിയാനായി.
കാളിയവളാദിശൈലാദ്രിയായി
കാമമുള്ളവൾകുചഭംഗിയാൽ
കവക്കുന്നോരക്ഷരസുചരിത
കന്നിയെന്നുമേഋതുരാഗിണി.
കമലപ്പൂമിഴിയുള്ളവളഴകായി
കംമ്പത്താൽകടിപ്രദേശമിളക്കി
കാതരമിഴിയങ്ങോട്ടുമിങ്ങോട്ടും
കല്യത്തിലാകമാനം കണ്ണോടിച്ചു.
കടമ്പുകൾപൂക്കുന്നുന്മാദഗന്ധം
കലാവിദ്യയിലാവനമാലിയങ്ങു
കാലുകൾപിണച്ചിതാകുഴലൂതി
കാനനകന്യകളേയാകർഷിക്കുന്നു.
കാവ്യചിലമ്പണിഞ്ഞംഗനകൾ
കളിച്ചിരിയോടാക്കണ്ണനുചുറ്റും
കരംഗ്രഹിച്ചിതാരാസലീലയാടി
കദനംമറന്നുകണ്ണനെയാരാധിച്ചു.
കതിരണിഞ്ഞകാവ്യമനോഹരി
കവനവൃക്ഷത്തണലിലായി
കാർക്കൂന്തലഴിച്ചിതാകിടന്നു
കനവുകാണാനൊരുങ്ങുന്നു.
കാവ്യമണ്ഡപമണിഞ്ഞൊരുങ്ങി
കാവ്യനർത്തകിരംഗവേദിയിൽ
കാവ്യചിലമ്പിന്നിരമ്പലിലായി
കാണികളാനന്ദമലിയാനായി.
വാഗേയകാരൻ