മഴമേഘച്ചില്ലുപാത്രമുടഞ്ഞു
മഴമുത്തുകൾ ചിതറുമ്പോൾ
മിഴിച്ചെപ്പിലൊളിപ്പിക്കാനിഷ്ടം.
മഴച്ചാറ്റൽ കുറുമ്പുമായി
മഴക്കുട്ടി പിണങ്ങുമ്പോൾ
മടിത്തട്ടിലോമനിക്കാനിഷ്ടം.
മഴത്തുള്ളികൾ ചിരിക്കും,
കളിക്കൂട്ടുകാരിപ്പെണ്ണിൻ കൈവളക്കിലുക്കം പോലെ.
കാലൊച്ചയില്ലാതെ മെല്ലെ
കളി പറഞ്ഞെത്തുമ്പോഴെന്തേ
കള്ളക്കണ്ണൻ്റെ കാമുക ഭാവം.
ഇടമുറിയാതെ പെയ്തൊഴിയും
രാത്രിമഴയുടെ അടക്കം പറച്ചിൽ
മൺമറഞ്ഞവരുടെ കാലൊച്ച.
ധ്യാനനിമഗ്നനാം ബുദ്ധനേ പോൽ
പൊഴിയുന്നു പുലർമഴ നിസ്സംഗം.
മഴയുടെ മേഘസന്ദേശം വായിച്ച്
കോരിത്തരിക്കും ഭൂമിപ്പെണ്ണിനെ
വാരിപ്പുണരും ഗന്ധർവ്വ ശൃംഗാരം.
പെരുമഴപ്പെയ്ത്തിൻ താണ്ഡവം
പ്രളയമായ് മുടിയഴിച്ചാടുമവൾ
ഒളികണ്ണിലൊളിപ്പിക്കും രൗദ്രം.
മഴയ്ക്കങ്ങനെ നവ രസങ്ങളാണ്.
മഴയെക്കാണാനെന്തു രസമാണ്.
About The Author
No related posts.