വൃത്തം: കുസുമവിചിത്രാ
ധരയിതിലേറ്റം ദുരിതവുമായി
പടപൊരുതീടുംമനുജരിലെല്ലാം,
‘ശുഭ’മവസാനം തെളിയുകയുണ്ടേ
മരണമൊരിക്കൽ പുണരുകയെന്നാൽ!
പകലിരവെല്ലാം മധുമയസ്വപ്നം
വിടരുകയുണ്ടേ നിറമണിയുമ്പോൽ,
മനയുകയാണേ കളിചിരിയോലും
കനവുകളെല്ലാം സുകൃതഫലത്താൽ!
സുഖകരമോഹപ്പൊലിമ വിതയ്ക്കാ-
നൊരുനരജന്മം കനിയുകയെങ്കിൽ,
പുലരുകയുണ്ടാ സഫലമനസ്സിൽ
നലമൊടെ മോദം തുടരുകയുണ്ടേ!
മതി കൊതിയേന്തും വിധി നിറവേറ്റാൻ
പലവഴി തേടും മനമൊരുപക്ഷേ,
വിധി തുണയേകാൻ പലവിധശീലിൽ
കഴിയുകയാണേയുലകിലെ മർത്ത്യൻ!













