പദങ്ങളാടിയർക്കനെ വണങ്ങിടുന്ന ഭൂമിയിൽ
മദിച്ചു വാണിടുന്ന കൂരിരുട്ടിനെ മറയ്ക്കുവാൻ,
ഉദിച്ചുയർന്ന ഭാസ്ക്കരൻ വിളക്കുമേന്തി നില്ക്കണം
നദിപ്രവാഹമെന്നപോൽ വെളിച്ചവും പരക്കുവാൻ..
അണഞ്ഞിടാതെരിഞ്ഞിടുന്ന ദീപമേ ധരിത്രിയിൽ
കണക്കു നോക്കിടാതെ വെട്ടമേകിടുന്ന നീ സദാ-
തുണച്ചിടേണമേ വിപത്തു വന്നിടാതെയാരെയും
പിണക്കിടാതെയൂർജ്ജവും കൊടുക്കണം നിരന്തരം..
അനന്തമായ വിണ്ണിലെണ്ണമേറിടുന്ന താരകൾ
മിനുങ്ങുവാനറിഞ്ഞു നന്മ നേർന്നിടുന്ന ഭാനുമാൻ,
തനിച്ചുനിന്നനാരതം വിളങ്ങിയർത്ഥപൂർണ്ണനായ്
അനർഗ്ഘരത്നകാന്തിയിൽ പ്രകാശവും ചൊരിഞ്ഞിടും..
അരങ്ങിലേകപാത്രമായ് നടിച്ചു സന്ധ്യയോളവും
ധരയ്ക്കു നല്ലതേകുവാൻ സ്വയം തിളച്ച പൊന്നുപോൽ-
വരുന്ന നീ സമസ്തവും പുലർത്തിയാടലൊക്കെയും
തുരത്തിടുന്നു ഭൂമിയെ മഹത്ത്വവല്ക്കരിക്കുവാൻ..
പ്രപഞ്ചമെന്ന വിസ്മയത്തിലത്ഭുതംനിറഞ്ഞ നീ
തപസ്സിനാലഹം തൊടാതനേകവർഷമീവിധം,
തപത്തിനാൽ സമസ്ത വേദമോതി വിശ്വമാകെയും
ജപിച്ചു നല്കിടേണമേ വരപ്രസാദരശ്മികൾ…
ശുഭദിനം🎋🍁ഡോ: ജയദേവൻ











