മഴ – (ഗിരിജാവാര്യർ)

Facebook
Twitter
WhatsApp
Email

നനുനനെപ്പെയ്തു തൂവിരൽത്‌തുമ്പിനാൽ
കനവു തീർക്കുന്ന പൊന്നിൻമണികളേ
ഇനിയൊരിക്കലിതുപോലെ നിങ്ങളെ –
ത്തനിയെ മാറോടുചേർക്കുവാനാകുമോ?

മതിവരുവോളമാ സ്വരഭംഗിയിൽ
മുഴുകി നിർന്നിമേഷാഞ്ചിതം നിൽക്കുവാൻ
നുരകൾ തീർക്കുന്ന കുഞ്ഞലയ്ക്കൊപ്പമായ്
തരളസ്വപ്നങ്ങൾ നെയ്തുകൂട്ടീടുവാൻ

ഒഴുകിനീങ്ങും കടലാസുതോണിയി-
ലരുമയായൊരു മഞ്ചാടിയേറ്റുവാൻ
അഭയമാശിച്ച കുഞ്ഞനെറുമ്പിനു –
ള്ളഴലുമാറ്റും തളിരിലയാകുവാൻ

നിറമെഴുന്നോരരിപ്പൂക്കൾ നീരിലെ-
ച്ചുഴിയിൽ വീഴ്‌വതു നോക്കിനിന്നീടുവാൻ
അലഞൊറിഞ്ഞിടും കാറ്റിന്റെ കൊഞ്ചലിൻ
ചടുലമന്ത്രണം കേട്ടു ചിരിക്കുവാൻ

മറുമൊഴികൾ സ്വകാര്യമായോതുവാൻ
മനമറിഞ്ഞൊരു കാംബോജി മൂളുവാൻ
വെറുതെ മോഹിച്ചു പോകുന്നു,മോഹങ്ങൾ
കരിയണിഞ്ഞു മാറാലപ്പരുവമായ്!

വികൃതരൂപങ്ങൾ തീർക്കുന്നു ചുറ്റിലും
ഇളകിയാടുന്നു സർപ്പങ്ങൾപോലവേ
വെകിളിപൂണ്ടവയാടിത്തിമർക്കുന്നു
ജനിമൃതിതൻ പഥങ്ങളിലെപ്പോഴും!!

About The Author

Leave a Reply

Your email address will not be published. Required fields are marked *