മണൽ തരികൾക്കു പറയാനുളള കഥകൾ – (ആൻ്റണി പുത്തൻപുരയ്ക്കൽ)

Facebook
Twitter
WhatsApp
Email

ജ്വലിക്കുന്ന സൂര്യൻ്റെ പരുഷമായ താപമേറ്റ്,
മഞ്ഞും മഴയും നൃത്തം ചെയ്യുന്ന ഭൂമിയിലെ,
ഓരോ മണത്തരിക്കുളളിലും ഒളിഞ്ഞിരിക്കുന്നു,
കാലത്തിന്റെയും ഭൂമിയുടെയും എഴുതാത്ത കഥകൾ.

ചിതറിക്കിടക്കുന്ന ഓരോ മണൽത്തരിയിലും
പുരാതന കാലത്തെയും വിദൂര ദേശങ്ങളിലെയും,
ചരിത്രത്തിന്റെ മായത്ത കാൽപ്പാടുകൾ,
നിത്യസത്യങ്ങളായി കൈകോർത്തു നിൽക്കുന്നു.

വരണ്ടുണങ്ങി, പരന്നുകിടക്കുന്ന സൈകതഭൂമിയിൽ,
തണുത്തുറഞ്ഞ കാലാതീത തീരത്തെ,
അവശിഷ്ടങ്ങളിൽ, ഓരോന്നിലും അവശേഷിക്കുന്നു,
മാനവ സുഖദുഃഖയാത്രയുടെ നിശബ്ദ ചരിതം.

അവർ കൊടുങ്കാറ്റുകളെക്കുറിച്ചും
ശാന്തമായ ദിവസങ്ങളെക്കുറിച്ചും
സൂര്യപ്രകാശമുള്ള ദിനങ്ങളെക്കുറിച്ചും
നിലാവുള്ള രാത്രികളെക്കുറിച്ചും പറയും.

ഇവിടെ അരങ്ങേറിയ യുദ്ധങ്ങളും
സാമ്രാജ്യങ്ങളുടെ ഉദയാസ്തമനങ്ങളും
നാടോടികളുടെ കെട്ടുപിണഞ്ഞുകിടക്കുന്ന വഴികളും
മൺകൂനകളിലെ അവരുടെ വിധികളും ഇവർ പറയും.

മരീചികയും മരുപ്പച്ചയും തീർത്ത അന്ധാളിപ്പുകൾ,
ഉദയാസ്തമയങ്ങൾ വിരചിച്ച വർണ്ണങ്ങൾ,
ഋതുക്കൾ ഇവിടെ സൃഷ്ടിച്ച വിസ്മയങ്ങൾ,
നദികളുടെ നൃത്തവും പർവതങ്ങളുടെ താഴ്ച്ചയും ഇവരിലുണ്ട്.

ഇന്നലകളിലെ ഇരകളുടെ നിലയ്ക്കാത്ത രോദനങ്ങൾ,
വെളിപ്പെടുത്തപ്പെടാത്ത പ്രാചീന രഹസ്യങ്ങൾ,
സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കഥകൾ,
മറന്നുപോയ സ്വപ്നങ്ങളുടെ ചുവർചിത്രങ്ങൾ ഇവരിലുണ്ട്.

സമയത്തിന്റെ കൈകളിലൂടെ വഴുതിപ്പോയ,
പ്രണയത്തിൻ്റെയും ഹൃദയവേദനയുടെയും കഥകൾ,
കാറ്റിനൊപ്പം അപ്രത്യക്ഷമായ പ്രണയിതാക്കാളുടെ
രഹസ്യ മന്ത്രിപ്പുകൾ ഇവരിൽ ആലേഖനം ചെയ്തിട്ടുണ്ട്.

പ്രഭാത സൂര്യനെപ്പോലെ ഉദിച്ചുയർന്ന സാമ്രാജ്യങ്ങൾ,
യുദ്ധങ്ങളുടെ വിജയപരാജങ്ങൾ, രക്തച്ചൊരിച്ചലുകൾ,
അവസാനിക്കാത്ത പടയോട്ടങ്ങളിൽ തകർന്നടിഞ്ഞ സാമ്രാജ്യങ്ങൾ,
ഓർമ്മിക്കുന്നു, എല്ലാം ഇന്നും ഈ മണൽത്തരികൾ.

അഹങ്കാരത്തിന്റെ, അത്യാഗ്രഹത്തിൻ്റെ ഭാരത്തിന് താഴെ,
ആകാശത്തെ ലക്ഷ്യമിട്ട ഉയർന്ന സിംഹാസനങ്ങൾ
ശരത്കാല ഇലകൾ പോലെ തകർന്നടിഞ്ഞ അനേകം,
തകർച്ചയുടെ കഥകൾ ഈ മണൽത്തരികളിലുണ്ട്.

കാൽപ്പാടുകൾ മാഞ്ഞാലും നിലനിൽക്കുന്ന കദനങ്ങൾ,
പർവതങ്ങൾക്കും കടലുകൾക്കും മുകളിലൂടെ സഞ്ചരിക്കുന്ന,
അതിൻ്റെ ശോകമൂകമായ ശബ്ദം ശ്രദ്ധാപൂർവ്വം ശ്രവിക്കുക,
ജീവിതത്തിൻ്റെ കാലാതീതമായ സാരാംശം നമ്മൾ കേൾക്കും.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *