മലമുകളിലെ ദൈവം – സന്ധ്യ

Facebook
Twitter
WhatsApp
Email

സ്വപ്നത്തിൻ്റെ താഴ്‌വരയിൽ ഏതു തിരിവിൽ
വെച്ചാണ് ഞാൻ ഉണർന്നത്…

മലമുകളിലെ അമ്പലമണികളുടെ
മുഴക്കമായിരുന്നു നിദ്രയിൽ
നിന്നെന്നെ ഉണർത്തിയത്…

സ്വപ്നത്തിൻ്റെ താഴ്‌വരയിൽ
നിറയെ പൂപ്പാടങ്ങൾ……
പാദങ്ങളിൽ പുൽ പച്ചയിലെ
പുലരി മഞ്ഞിൻ്റെ നനുത്ത
സ്പർശം……

ഹൃദയത്തിലോ,
അതിലുമാഴത്തിലോ,
അതോ ആത്മാവിലോ
ആ തണുവ് അറിയുന്നു ഞാൻ!

ഓരോ തളിരിലയെയും തഴുകി
ഒഴുകുന്ന കുളിർ കാറ്റുപോലെ
ചില നിനവുകൾ…..

ജന്മാന്തരങ്ങളിൽ കണ്ടുമുട്ടിയ
മുഖങ്ങൾ വീണ്ടും ഒരു നിമിഷം
മിന്നി മറയുന്നു…..

ആ അതീന്ദ്രിയ നിമിഷങ്ങളിൽ
ഒരേ സ്വപ്നം പലർ കാണാറുണ്ട്.
സ്വപ്‌നാടനങ്ങളിലവർ വീണ്ടും
സന്ധിക്കാറുണ്ട്…..

മല മുകളിലാണവരുടെ ദൈവം.

സ്വപ്നത്തിൽ, പടവുകൾ കയറി
എണ്ണമറ്റ തവണകൾ മലമുകളിലെ ദൈവത്തിൻ്റെ മുഖം ദർശിച്ചിട്ടുണ്ട്.
ദൈവം ഒരു സ്വപ്ന ദർശനം
മാത്രമായിരുന്നോ…… ആവില്ല.

മണി മുഴക്കങ്ങളാൽ മുറിയുന്ന
സ്വപ്നങ്ങൾ പിന്നെ ഉറങ്ങാറേയില്ല..

എൻ്റെ സ്വപ്നങ്ങൾ തൻ ഭാണ്ഡം മുറുക്കി എൻ്റെയൂഴവും കാത്ത്,
താഴെ താഴ്‌വരയിലാണിന്നും ഞാൻ.

About The Author

Leave a Reply

Your email address will not be published. Required fields are marked *