ദുഃഖമേ! നിറയും ദുഃഖമേ – ഗിരിജാവാര്യർ

Facebook
Twitter
WhatsApp
Email

*********************************
ഉള്ളിലെന്നും നിറയുന്ന ദുഃഖമേ!
ഉണ്മയോടെയറിയുന്നു നിന്നെ ഞാൻ
എന്നഹംഭാവമില്ലാതെയാക്കിടാൻ
പെയ്തിടുന്നു നീ അന്തരേ, ഓമലേ!

സ്വർണ്ണമുണ്ട്,ബലമുണ്ട്,ബന്ധുവായ്
വർണ്ണിക്കാനുണ്ടൊരായിരം സേവകർ
കാത്തുനിൽപ്പുണ്ടനവധിയാളുകൾ
കൂട്ടമായെന്നെ ഒപ്പിയെടുക്കുവാൻ!

ഓട്ടോഗ്രാഫുകൾ,സെൽഫികൾ ചുറ്റിലും
ആർത്തലയ്ക്കും ജനക്കൂട്ടമുണ്ടുപോൽ!
എങ്കിലുമെൻ പടിപ്പുരക്കാവലായ്
നിൻ വിഷാദസ്മിതത്തുമ്പ മാത്രമോ?

മഞ്ഞുപെയ്യും പുലരിത്തുടുപ്പിലും
മഞ്ജുവാം ശുഭസായന്തനത്തിലും
ഇന്ദുപുഷ്പം കതിരണിയുമ്പൊഴും
ഇന്ദുഗോപം മിഴിതുറക്കുമ്പൊഴും

കാളരാത്രിതൻ കാളിമയേറ്റു നൽ-
നീലവാനിൽ വിഷം പടരുമ്പൊഴും
താരകച്ചെറുകന്യകൾ മേളമായ്
താളമിട്ടു ചുവടുവയ്ക്കുമ്പൊഴും

എൻമിഴിയിൽ നനവുപടർത്തിയെ –
ന്നുള്ളിൽ നീറും ‘മുഖാരി’യായ് മാറി നീ!
നിന്റെ മൗനമെൻ ശബ്ദമായ് മാറിയോ?
നിൻ വിഷാദമെൻ മുദ്രയായ് തീർന്നുവോ??

18/06/24

About The Author

Leave a Reply

Your email address will not be published. Required fields are marked *