കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 11 – (കാരൂര്‍ സോമന്‍)

Facebook
Twitter
WhatsApp
Email

അദ്ധ്യായം 11

അരൂപികള്‍

 

പര്‍വ്വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളി. സമുദ്രമേ, നീ ഓടുന്നതെന്തു? യോര്‍ദ്ദാനേ, നീ പിന്‍വാങ്ങുന്നതെന്തു? പര്‍വ്വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു. ഭൂമിയേ, നീ കര്‍ത്താവിന്‍റെ സന്നിധിയില്‍, യാക്കോബിന്‍ ദൈവത്തിന്‍റെ സന്നിധിയില്‍ വിറെക്ക.
-സങ്കീര്‍ത്തനങ്ങള്‍, അധ്യായം 114

അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
മണ്ണില്‍ പൂനിലാവ് വിരിഞ്ഞു.
ആകാശത്ത് നക്ഷത്രങ്ങള്‍ പെരുകി വിളക്കുകള്‍പോലെ തെളിഞ്ഞു.
ലണ്ടന്‍ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ പേടിപൂണ്ടു കഴിഞ്ഞ കുറുക്കന്മാര്‍ ആഹാരത്തിനായി പ്രാണഭയം കൂടാതെ ഇറങ്ങിത്തിരിച്ചു. ഗാഢനിദ്രയിലാണ്ടു കിടന്ന കത്തനാരുടെ മനസ്സിലേക്ക് സുന്ദരിയായ ഹേരോദ്യ തെളിഞ്ഞുവന്നു. ഹേരോദാവ് കുതിപ്പുറത്തു നിന്നിറങ്ങി ആഹ്ലാദഭരിതനായി അവളുടെ അടുത്തേക്ക് ചെന്നു. അവരുടെ സ്നേഹവികാരം സുരഭിലമായി ആ തടാകക്കരയില്‍ കുളിരണിഞ്ഞു. പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും അവര്‍ കെട്ടിപ്പുണര്‍ന്നു. അവരുടെ നഗ്നശരീരങ്ങള്‍ ഒന്നായി. ചുണ്ടുകളില്‍ മന്ദഹാസം. കണ്ണുകള്‍ ആകാശഗംഗയിലെ നക്ഷത്രപ്പൂക്കളെപ്പോലെയായി. അവന്‍ പറഞ്ഞു:
“പ്രിയേ നീ എത്ര സുന്ദരി. ആ ചന്ദ്രനെപ്പോലെ നിന്‍റെ കണ്ണുകള്‍ തിളങ്ങുന്നു. നിന്‍റെ ഉദരഭാഗം താമരപ്പൂവുപോലെയും നിന്‍റെ നാഭി ഈ തടാകംപോലെയുമാണ്. അതിന് ചുറ്റും വളര്‍ന്നു നില്ക്കുന്ന രോമങ്ങള്‍ തടാകത്തിന് ചുറ്റും വളരുന്ന പച്ചപ്പുല്ലുപോലെയുണ്ട്. നിന്‍റെ സ്തനങ്ങള്‍ എന്തിനോടാണ് ഞാന്‍ ഉപമിക്കേണ്ടത്.”
അവന്‍റെ മധുരം വിളമ്പുന്ന വാക്കില്‍ അവള്‍ ലയിച്ചിരുന്നു. അവള്‍ പറഞ്ഞു:
“പ്രിയതമനെ, നീയും സര്‍വാംഗം സുന്ദരനാണ്.”
അവരുടെ പ്രണയം കണ്ട് ചന്ദ്രനും നക്ഷത്രങ്ങളും ആശ്ചര്യപ്പെട്ടു. അവരില്‍ അമര്‍ന്നിരുന്ന കത്തനാരുടെ കണ്ണുകളും നടുക്കത്തോടെ അതു കണ്ടു. എങ്ങും പുകപടലങ്ങള്‍ക്കൊണ്ട് നിറയുന്നു. ഹേരോദാവ് അവന്‍റെ ഊരിമാറ്റിയ പടച്ചട്ടയും പടവാളും എടുത്തണിഞ്ഞു. മൃദുവായി അധരങ്ങളില്‍ ചുംബിച്ച് കുതിരപ്പുറത്ത് കയറി മഞ്ഞുമലകളിലേയ്ക്ക് മറയുന്നു. കത്തനാരുടെ മനസ്സില്‍ ആരോ മന്ത്രിക്കുന്നു.
ഈ നഗരത്തില്‍ വേശ്യകള്‍ വളര്‍ന്നത് എങ്ങനെ? നീതിയും സത്യവും നിറഞ്ഞു നിന്ന നഗരത്തില്‍ അനീതി നടമാടിയത് എങ്ങനെ? ദൈവത്തന്‍റെ വചനം അനുസരിക്കാത്ത ജനത്തെ ദൈവം ശിക്ഷിക്കാറുണ്ട്. ദൈവം നശിപ്പിച്ച സോദോം ഗൊമേറ ബാബിലോണ്‍ പട്ടണങ്ങളെ ഓര്‍ത്തു. ഈ നഗരവാസികളോട് നീ പറയുക നിങ്ങള്‍ ദൈവത്തെ മറന്നിരിക്കുന്നു. നിങ്ങളുടെ പ്രവൃത്തികളില്‍ പാപങ്ങള്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പാപങ്ങള്‍ എത്ര കടും ചുവപ്പായായാലും അതിനെ അതിനെ ഹിമംപോലെ വെളുപ്പിക്കാന്‍ കരുത്തുള്ളവന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട്. നിങ്ങള്‍ ദൈവത്തോട് മത്സരിക്കാനാണ് ഭാവമെങ്കില്‍ ശക്ഷ ലഭിക്കും. സമാധാനം നിങ്ങള്‍ക്ക് ലഭിക്കയില്ല. യുദ്ധവും രോഗവും ദുഃഖവും മുറിവും ചതവും പഴുത്ത വ്രണവും നിങ്ങളില്‍ നിന്നുണ്ടാകും. ആ രോഗത്തെ വെച്ചുകെട്ടി ചികിത്സിക്കാനും മരുന്നു കൊണ്ട് സൗഖ്യമാക്കാനുമാവില്ല. എവിടെയാണ് വിശ്വസ്ത ജനം. എവിടെയാണ് വിശ്വസ്തനഗരം.
അച്ചന്‍ ഞെട്ടിയെഴുന്നേറ്റ് ചുറ്റുപാടും നോക്കി. എങ്ങും ഏകാന്തത മാത്രം. പുറമെ ഓടി മറയുന്ന കുറുക്കന്മാര്‍. വെട്ടിത്തിളങ്ങുന്ന ചന്ദ്രന്‍. പ്രകൃതിയും നഗരവാടങ്ങളും മൗനം പൂണ്ട നിദ്രയില്‍. കത്തനാര്‍ ചിന്താധീനനായി.
ഹെരോദ്യ എന്ന ലോകസുന്ദരി എന്‍റെ ഹൃദയത്തില്‍ കുടികൊള്ളുന്നത് എന്തിനാണ്. വിമാനത്തിലും ഇവള്‍ എന്നെ പിന്‍തുടര്‍ന്നു. ഇപ്പോള്‍ ഇവിടെയും. ആരിലും ആകര്‍ഷണമുളവാക്കുന്ന മദാലസകളായ ധാരാളം സ്ത്രീകളെ കണ്ടിട്ടുണ്ട്. പക്ഷേ, ഇവള്‍ അവരൊന്നും ഇതുപോലെ എന്‍റെ സുഷുപ്തികളില്‍ സര്‍പ്പത്തെപ്പോലെ ഇങ്ങനെ ആടിയിട്ടില്ല.
കത്തനാര്‍ മേശപ്പുറത്തിരുന്ന വേദപുസ്തകം തുറന്നു വായിച്ചു. അതെ, സ്വപ്നത്തില്‍ കണ്ടതൊക്കെത്തന്നെയാണ് വായിക്കുന്നത്. അവര്‍ എന്നെ അന്വേഷിച്ച ഒരു കാലമുണ്ടായിരുന്നു. അന്നവര്‍ക്ക് വയര്‍ നിറയെ ആഹാരം കഴിക്കാനില്ലായിരുന്നു. എങ്ങും ക്ഷാമമായിരുന്നു. എന്‍റെ മുന്നില്‍ അന്നവര്‍ പൊട്ടിക്കരഞ്ഞു. പ്രതീക്ഷയോടെ പ്രത്യാശയോടെ എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. ഞാനവര്‍ക്ക് സമൃദ്ധിയായി അഹാരം കൊടുത്തു. ദേശത്തെങ്ങും സമൃദ്ധി നിറഞ്ഞു. ആ അഭിവൃദ്ധിയില്‍ അവര്‍ അഹങ്കാരികളായി. എന്നെ വിട്ടുപിരിഞ്ഞു. വേശ്യാവൃത്തിയും മദ്യപാനവും പരദൂഷണവും ധനമോഹവും അവരുടെ കൂടെപ്പിറപ്പുകളായി. സ്നേഹിക്കുവനും ക്ഷമിക്കുവാനും അവര്‍ മറന്നിരിക്കുന്നു. ദൈവത്തെ സ്നേഹിക്കാന്‍ മനസ്സില്ലാത്തവന്‍ എങ്ങനെ മനുഷ്യനെ സ്നേഹിക്കും.
ഈ ലോകസുഖത്തെ ആരൊക്കെ അമിതമായി സ്നേഹിക്കുന്നുണ്ടോ അവരൊക്കെ പാപത്തിന് സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു. അടിമകളാണ്.
ഈ സമൂഹം പരസ്ത്രീബന്ധത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. കൂടെക്കൂടെ ഹെരോദ്യ എന്നിലേക്ക് കടന്നുവരുന്നത് അതുകൊണ്ടുതന്നെയാണ്. കത്തനാര്‍ പ്രാര്‍ത്ഥിച്ചിട്ട് കിടന്നുറങ്ങി.
നിലാവില്‍ മേഘങ്ങള്‍ നീന്തിത്തുടിച്ചു. തേംസ് നദി ശാന്തമായൊഴുകി. കാറ്റ് പുഞ്ചിരിച്ചു. മരങ്ങള്‍ തളിരുകളണിയാന്‍ കാത്തുനിന്നു.
ശനിയാഴ്ച വൈകിട്ട് പള്ളിക്കുള്ളില്‍ സ്റ്റെല്ലയും ജോബും ഗ്ലോറിയയും മകളും, കുട്ടികള്‍ ഇല്ലാത്തവരും വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കാനാഗ്രഹിക്കുന്നവരും പ്രാര്‍ത്ഥിക്കാനെത്തി. മൂന്ന് ദിവസമായി വെള്ളം മാത്രം കുടിച്ചുകൊണ്ട് കത്തനാര്‍ ഉപവാസമനുഷ്ടിച്ചു. രോഗികളായി വരുന്നവര്‍ക്ക് യേശുക്രിസ്തു സൗഖ്യം കൊടുക്കണം. ഇല്ലെങ്കില്‍ നിരാഹാരം തുടരുമെന്നായിരുന്നു ദൃഢനിശ്ചയം.
കത്തനാര്‍ മുട്ടിന്മേലിരുന്ന് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷയ്ക്കായി വന്നവനേ, രോഗികള്‍ക്ക് സൗഖ്യം കൊടുക്കുന്നവനേ, ഈ ഭവനത്തില്‍ ഇരിക്കുന്നവരുടെ ആവശ്യങ്ങള്‍ അവിടുന്നറിയുന്നുണ്ടല്ലോ. തീരാദുഃഖത്തില്‍ അവരുടെ ഉള്ളം കലങ്ങി കഴിയുന്നു. ഈ ഭവനത്തില്‍ നിന്ന് ആഹ്ലാദം കവിഞ്ഞൊഴുകുന്ന മനസ്സുമായി അവര്‍ മടങ്ങിപ്പോകണം.
കത്തനാരുടെ കണ്ണീര്‍ പ്രാര്‍ത്ഥന ഒരു മണിക്കൂറോളം നീണ്ടു. കത്തനാരുടെ സങ്കടയാചന മറ്റുള്ളവരെയും കണ്ണീരിലാഴ്ത്തി. അവരുടെ നീറുന്ന ഹൃദയത്തിന് ശാന്തിയും കുളിര്‍മയും ലഭിച്ചു. യേശുവെ നീ ഞങ്ങളുടെ ഹൃദയത്തിലേയ്ക്ക് വരേണമേ എന്നവര്‍ മനം നുറുങ്ങി പ്രാര്‍ത്ഥിച്ചു.
ആദ്യമായിട്ടാണ് ഒരു പുരോഹിതന്‍ ഉപവാസമെടുത്ത് രോഗികള്‍ക്കായി, ദുഃഖിതര്‍ക്കായി ആ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നത്.
കത്തനാര്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു:
“നാം ദൈവസന്നിധിയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കുക. അവന്‍ രോഗികള്‍ക്ക് സൗഖ്യം കൊടുക്കുന്നവനാണ്. ദരിദ്രന്മാര്‍ക്ക് വാരി വിതറി കൊടുക്കുന്നവനാണ്. അവന്‍ നിന്നെ ഒരുനാളും കൈവെടിയുകയില്ല. ഉപേക്ഷിക്കയുമില്ല. ഇത് ദൈവത്തിന്‍റെ ഭവനമാണ്. ബേത്ലഹേം എന്ന വാക്കുപോലും അപ്പത്തിന്‍റെ ഭവനമെന്നാണ്. മക്കളെ ഈ ഭവനത്തില്‍ ഒരിക്കലും അപ്പത്തിന് ക്ഷാമമുണ്ടാക്കുകയില്ല. നിങ്ങള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. ഇവിടെ രോഗസൗഖ്യമുണ്ടാകും. സമാധാനവും സന്തോഷവുമുണ്ടാകും.”
അവിടെയിരുന്ന രോഗികളുടെ ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. ജോബിനോടായി പറഞ്ഞു:
“ജോ, ഹല്ലേലൂയ്യാ എന്ന് ഒന്നു പറഞ്ഞേ….”
സ്റ്റെല്ല അവന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അവന്‍ പറയാന്‍ ശ്രമിച്ചു.
“ഹാ…ഹാ…”
കത്തനാര്‍ വീണ്ടും നിര്‍ബന്ധിച്ചു.
“പറയൂ.”
വീണ്ടും പറയുവാന്‍ അവന്‍ പാടുപെട്ടു. വാക്കുകള്‍ നാവില്‍ വഴങ്ങുന്നില്ല. കത്തനാര്‍ അവനെ ആശ്വസിപ്പിച്ചു പറഞ്ഞു.
“മോന്‍ വിഷമിക്കേണ്ട. ദൈവം നമ്മുടെ ആവശ്യം അറിയുന്നുണ്ട്. അവന്‍ അത് നിറവേറ്റിത്തരും.”
വീണ്ടും അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.
സൂര്യന്‍ ചക്രവാളം തേടി യാത്ര തുടര്‍ന്നു. റോഡിന്‍റെ ഒരു ഭാഗത്തായി കാറ് നിറുത്തി സീസ്സര്‍ പള്ളിയിലേയ്ക്ക് മിഴിച്ചുനോക്കി. രോഗികള്‍ക്ക് സൗഖ്യംകൊടുക്കാനും കുട്ടിയില്ലാത്തവര്‍ക്ക് കുട്ടിയുണ്ടാകാനും ഒരു കത്തനാര്‍ വന്നിരിക്കുന്നു. ആള്‍ക്കാരെ കയ്യിലെടുക്കാനുള്ള ഓരോരോ തന്ത്രങ്ങള്‍. സീസ്സര്‍ ഫോണിലൂടെ പള്ളിയില്‍ നടക്കുന്ന കാര്യങ്ങള്‍ കൈസറെ അറിയിച്ചു.
“അതിനെന്താടോ, നല്ലൊരു കാര്യമല്ലേ? കത്തനാര്‍ക്ക് പണിയൊന്നുമില്ലല്ലോ.”
ഉടനെ സീസ്സര്‍ പറഞ്ഞു.
“അടുത്തുള്ള ഒരു ഹിന്ദു കുടുംബമുണ്ട്. മലയാളികളാ. അങ്ങേര്‍ക്ക് എപ്പോഴും അസുഖം. ഒരു വൃക്ക കിട്ടിയാല്‍ അയാള്‍ രക്ഷപെടും. എന്തായാലും അയാളെ ഈ കത്തനാരുടെ അടുത്തേയ്ക്ക് ഞാനൊന്നു പറഞ്ഞുവിടും.”
അങ്ങേത്തലയ്ക്കല്‍ നിന്ന് അടുത്ത ചോദ്യം.
“ഉം അതെന്തിനാ. വൃക്കയുടെ അസുഖം മാറ്റാനോ?”
“കത്തനാരുടെ ഒരു വൃക്ക ആവശ്യപ്പെടാന്‍. കിട്ടിയാല്‍ അയാള്‍ രക്ഷപെടും.”
“അതിന്, കത്തനാര്‍ കൊടുക്കുമോ?”
“അതല്ലേ അറിയേണ്ടത്. തിന്ന് കൊഴുത്ത് നടക്കുകയല്ലേ. ഇതുപോലെ സുഖമുള്ള മറ്റൊരു ജോലിയുണ്ടോ? മാസത്തില്‍ നാല് കുര്‍ബാന ചൊല്ലിയിട്ടല്ലേ ഒരു മാസത്തെ ശമ്പളം വാങ്ങുന്നേ. ഇവര്‍ക്കെന്താ വൃക്കയും രക്തവുമൊക്കെ ദാനമായി കൊടുത്താല്‍. നല്ലത് ചെയ്ത് കാണിക്കേണ്ടവരല്ലേ?”
കൈസറും അത് ശരിവച്ചു. പള്ളിക്കുള്ളിലുരുന്നവര്‍ പുറത്തേക്ക് വരുന്നത് സീസ്സറുടെ കണ്ണില്‍പ്പെട്ടു. പെട്ടെന്ന് അവിടെനിന്നു ഹെലന്‍റെ വീട്ടിലേക്ക് കാറോടിച്ചു.
ഞായറാഴ്ച നടന്ന വിശുദ്ധ ബലിയില്‍ കത്തനാരുടെ പ്രസംഗം വ്യഭിചാരത്തെപ്പറ്റിയായിരുന്നു. ഏത് മതവിശ്വാസിയായിരുന്നാലും അവനെ വളര്‍ത്തുന്നത് വിശുദ്ധിയാണ്. വിശുദ്ധി മധുരമാണ്. സുന്ദരമാണ്. പാപം കൂടാതെ പാപത്തെ വെറുത്തുകൊണ്ട് നാം ജീവിക്കേണ്ടവരല്ലേ? പാപം ചെയ്തിട്ട് അതിനെ മറച്ചുവയ്ക്കാന്‍ പറ്റുമോ? മറക്കാന്‍ പറ്റുമോ? പാപബോധമില്ലായ്മ എയ്ഡ്സ് രോഗം പോലെയാണ്. മരുന്നില്ല. നിങ്ങളുടെ ശരീരം ഈശ്വരന്‍റെ ആലയമാണ്. ആ ശരീരത്തിനുള്ളില്‍ ചെകുത്താന് ഇടം കൊടുക്കരുത്. വിവാഹം വിശുദ്ധമാണ്. വി എന്നു പറഞ്ഞാല്‍ വിശുദ്ധം. വാഹം എന്ന് പറഞ്ഞാല്‍ വഹിക്കുക. ഈശ്വരന്‍ ഒരു ഇണയെ തന്നപ്പോള്‍ വിവാഹജീവിതം എന്നു പറയുന്നത് സ്വര്‍ഗ്ഗീയ സന്തോഷം നിറഞ്ഞതാണ്. നീലാകാശ നക്ഷത്രങ്ങളെപ്പോലെ തിളങ്ങേണ്ടവര്‍. എന്നാല്‍ നമ്മില്‍ പലരും ചെകുത്താന് അടിമപ്പെട്ട് വ്യഭിചാരം ചെയ്യുന്നു. സ്നേഹിക്കാന്‍, അനുസരിക്കാന്‍, സമര്‍പ്പിക്കാന്‍ മനസ്സില്ലാത്ത ജന്മങ്ങള്‍.
സീസ്സറടക്കം പലരുടേയും ഹൃദയം തിളച്ചു. ആരോരുമറിയാത്ത കാര്യങ്ങള്‍ ഈ കത്തനാര്‍ എങ്ങനെയറിയുന്നു. കത്തനാരുടെ വാക്കുകള്‍ കടല്‍ത്തിരപോലെ നേരെ അലറിയടുക്കുകയായിരുന്നു.
നിങ്ങള്‍ കേട്ടിട്ടും ചെവിക്കൊള്ളാതെ, ഹൃദയം കൊണ്ട് ഗ്രഹിക്കാതെയിരിക്കുന്നതും എന്താണ്? നിങ്ങള്‍ തിന്മയെ അകറ്റി നന്മയെ എന്തുകൊണ്ട് സ്വന്തമാക്കുന്നില്ല. വേശ്യയായ സ്ത്രീക്കും നിന്‍റെ ഹൃദയം അപഹരിക്കാന്‍ ഒരു നിമിഷം മതി. അവളുടെ അകം അഗാധമായ അഴുക്കുചാലുകള്‍ കൊണ്ട് നിറഞ്ഞതെന്ന് നിങ്ങള്‍ മറക്കുന്നു.
സീസ്സര്‍ സംശയത്തോടെ നോക്കി. മറ്റ് സ്ത്രീകളുമായി കെട്ടിപ്പിണഞ്ഞ് കിടന്നുകാണും. ഇല്ലെങ്കില്‍ സ്ത്രീയുടെ നാഡീഞരമ്പുകളെപ്പറ്റി ഇത്ര കൃത്യമായി എങ്ങനെ പറയാന്‍ കഴിയും. എല്ലാറ്റിനും ഒരതിരില്ലേ. കഴിഞ്ഞ ആഴ്ചയും ഇയാള്‍ എനിക്കിട്ടാണ് പണിതത്.
ഹെലന്‍റെ മുഖം മങ്ങി. ഞങ്ങളുടെ ബന്ധം ഈ കത്തനാര്‍ എങ്ങനെയറിഞ്ഞു.
പലരുടെയും മനസുകളില്‍ ഇതേ ചോദ്യമുയര്‍ന്നു. മറ്റ് പലരും അളവറ്റ ഭക്തിയോടെയിരുന്ന് ദൈവവചനങ്ങള്‍ കേട്ടപ്പോള്‍ സീസ്സറുടേയും ഹെലന്‍റെയും മനസ്സില്‍ പൊട്ടിത്തെറികളായിരുന്നു. ഹെലന്‍റെ കണ്ണുകളില്‍ കുറ്റബോധം തെളിഞ്ഞു.
വിവാഹേതര ബന്ധമുള്ള സ്ത്രീപുരുഷന്മാര്‍ പാപത്തില്‍ നിന്ന് മോചനം നേടാതെ ഇന്നത്തെ വിശുദ്ധബലിയില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞപ്പോള്‍, മോശയുടെ ന്യായപ്രമാണപ്രകാരം ഇയാളെ കല്ലെറിഞ്ഞ് കൊല്ലാനാണ് സീസ്സര്‍ക്ക് തോന്നിയത്. ആത്മാവില്‍ നിറയപ്പെട്ടവര്‍ ഈ വിശുദ്ധബലിയില്‍ പങ്കെടുക്കണമെന്ന് കൂടി കേട്ടപ്പോള്‍, കല്ലല്ല പാറക്കല്ലുകൊണ്ട് എറിയാനാണ് മനസ്സാഗ്രഹിച്ചത്.
നിങ്ങള്‍ പുതുജീവന്‍ പ്രാപിച്ച് പശ്ചാത്തപിക്കുക. പാപങ്ങള്‍ ഏറ്റു പറയുക. മടങ്ങി വരുക.
സീസ്സറിന്‍റെ മുഖം കറുത്തിരുണ്ടു. ഇയാള്‍ വന്നിരിക്കുന്നത് എന്നെപ്പോലുള്ളവരെ വധിക്കാനാണ്. അല്ലാതെ രക്ഷപെടുത്താനല്ല. പള്ളിയില്‍ വരുമ്പോഴൊക്കെ മനസ്സ് നിറയെ മുള്ളുകള്‍ വാരി വിതറുകയാണ്.
വിശുദ്ധബലിയില്‍ പങ്കെടുത്തവര്‍ കഴിഞ്ഞാഴ്ചത്തെക്കാള്‍ കൂടുതലായിരുന്നു. സീസ്സറുടെ കണ്ണുകളില്‍ ദേഷ്യം ഉരുണ്ടുകൂടി. ആരാധന കഴിഞ്ഞ് ആഹാരം കഴിച്ച് സീസ്സറും സംഘവും കമ്മിറ്റി മുറിയില്‍ ഒന്നിച്ചുകൂടി.

About The Author

Leave a Reply

Your email address will not be published. Required fields are marked *