കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 25 – (കാരൂര്‍ സോമന്‍)

Facebook
Twitter
WhatsApp
Email

അദ്ധ്യായം 25

വസന്തപുഷ്പങ്ങള്‍


പെരുവെള്ളത്തിന്‍റെ ഇരെച്ചല്‍പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണമീട്ടുന്നതുപോലെ ആയിരുന്നു. വര്‍ സിംഹാസനത്തിന്നും നാലു ജീവികള്‍ക്കും മൂപ്പന്മാര്‍ക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയില്‍ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല.
-യോഹന്നാന് ഉണ്ടായ വെളിപാട്, അധ്യായം 14

സീസ്സറുടെ മുഖത്ത് ദുഃഖം തുളുമ്പി.
വിദ്വേഷം തിളച്ച കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു വന്നു.
തെളിഞ്ഞു നിന്ന ആകാശം ഇരുണ്ടു.
മരത്തലപ്പുകള്‍ അസ്തമിച്ചു.
മഞ്ഞും മഴയും ഒന്നായി പെയ്തിറങ്ങി.
കത്ത് ഒരാവര്‍ത്തികൂടി വായിച്ചു.
പുറമേ ഇലകള്‍ കൊഴിഞ്ഞ് വെറും അസ്തികൂടങ്ങളായി നില്ക്കുന്ന ഒരു മരത്തെപ്പോലെ ജീവിതം മുന്നില്‍ കണ്ടു. ഇലകളില്ലാത്ത, പൂവും കായുമില്ലാത്ത വെറുമൊരു മരം. സ്വയം ചോദിച്ചു. ഞാനൊരു പാഴ്മരമായി വളരുന്നത് എന്തിനാണ്. ഫലം കായ്ക്കാതെ മരങ്ങളൊക്കെ തീയിലിട്ട് കത്തിയല്ലേ? സ്വന്തം ഭാര്യയോടും മക്കളോടും നീതി പുലര്‍ത്തിയിട്ടുണ്ടോ? ജീവിതം ഇങ്ങനെ ഒഴുക്കില്‍പ്പെട്ട വഞ്ചിയെപ്പോലെ ജീവിതം തകര്‍ന്നടിയാനാണോ ഭാവം. സ്വന്തം താല്പര്യങ്ങള്‍ മാത്രം മുന്‍നിറുത്തി പണവും ധനവും സൗന്ദര്യംവും കണ്ടെത്തുകയാണോ ജീവിതം. പല സ്ത്രീകളുമായി ലൈംഗീക ബന്ധം പുലര്‍ത്തി ആസ്വദിച്ചിട്ട് എന്ത് നേട്ടമുണ്ടായി. സ്വന്തം ഭാര്യയില്‍ നിന്നും വ്യത്യസ്തമായ സുന്ദരിമാരില്‍ എന്താണ് കണ്ടത്? സ്വന്തം ഭാര്യ സ്നേഹിച്ചതുപോലെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? സ്വന്തമെന്ന് കരുതിയ ഹെലന്‍ പോലും ഒരു വാക്ക് പറയാതെയല്ലേ പോയത്. ഒരു ടെസ്റ്റ് മെസേജ്, ഞാന്‍ നാട്ടിലേയ്ക്ക് പോകുന്നു. സീസ്സര്‍ മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. മുന്നില്‍ ശൂന്യത മാത്രം. മകളുടെ ആഗ്രഹം നിറവേറ്റികൊടുത്തിരുന്നുവെങ്കില്‍ അവളെയെങ്കിലും മുന്നില്‍ കാണാമായിരുന്നു. മകനെ ഒന്നാശ്വാസിപ്പിച്ചിരുന്നെങ്കില്‍ ഭാര്യയുമായുള്ള പിണക്കം മാറുമായിരുന്നു.
പുറത്തെ തണുത്ത കാറ്റ് വീടിന്‍റെ മുകളിലൂടെ നിലയ്ക്കാത്ത ഒഴുക്കുപോലെ ഒഴുകുന്നതുപോലെ ലക്ഷ്യമില്ലാതെ സീസ്സറിന്‍റെ മനസ്സ് എങ്ങോട്ടോ ഒഴുകുന്നു.
രാവിലെ എഴുന്നേറ്റ് വന്ന ജോബ് വിളിച്ചു. ‘മമ്മീ’ അടുക്കളയില്‍ ആഹാരമുണ്ടാക്കികൊണ്ടു നിന്ന സ്റ്റെല്ല ഓടിയെത്തി. മകനെ അത്ഭുതത്തോടെ നോക്കി.
“മോന്‍ എന്താ വിളിച്ചേ?”
അവന്‍ ചിരിച്ചിട്ട് പറഞ്ഞു, “മമ്മീയെന്ന്”.
സ്റ്റെല്ല അറിയാതെ ദൈവത്തെ വിളിച്ചു.
മകന് സംസാരശേഷി കൈവന്നിരിക്കുന്നു. അവനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ച് മാറോടമര്‍ത്തി. അണഞ്ഞുകൊണ്ടിരുന്ന വിളക്ക് മുന്നിലിതാ കത്തി ജ്വലിക്കുന്നു.
“പപ്പായെന്ന് വിളിച്ചേ.””പപ്പാ… എ… ന്‍റെ… അസുഖം മാറി മമ്മീ.”
അത്യാഹ്ലദത്തോടെ മകനെയും കൂട്ടി സീസ്സറിന്‍റെ മുറിയിലെത്തി. എങ്ങോ കണ്ണും നട്ടിരുന്ന സീസ്സര്‍ അവരെ നോക്കാതെ മുഖം തിരിച്ചു. മുഖത്ത് ഗൗരവം നിഴലിച്ചു. എന്തിനാണവോ വന്നത്. മകളുടെ കാര്യം പറയാനായിരിക്കും. എനിക്കൊന്നും കേള്‍ക്കണമെന്നില്ല. അമ്മയ്ക്കും മകള്‍ക്കും ഞാനനുഭവിക്കുന്ന വേദനയൊന്നും അറിയേണ്ടല്ലോ. ഭാര്യമാര്‍ ഭര്‍ത്താവിനൊപ്പം നില്ക്കുന്നവരാണ്. എന്‍റെ ജീവിതത്തില്‍ അതല്ല സംഭവിക്കുന്നത്. തെറ്റ് എന്‍റെ ഭാഗത്ത്നിന്നും ഉണ്ടായിട്ടുണ്ട്. അവരെ മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. എന്നിട്ടും എന്തിനാണ് മനസ്സിനെ ഒരു പാറയാക്കുന്നത് അവന്‍ ഉച്ചത്തില്‍വിളിച്ചു.
“പപ്പാ….”
സീസ്സര്‍ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. നാവു താണുപ്പോയി. കണ്ണുകള്‍ നിശ്ചലമായി. കട്ടിലില്‍ നിന്നെഴുന്നേറ്റ് അവന്‍റെയടുത്തേയ്ക്ക് ചെന്ന്, അവിശ്വസനീയതയോടെ നോക്കി.
“മോനേ, നീ… നീയാണോ… നീയാണോ എന്നെ വിളിച്ചത്…? നിനക്ക് സംസാരിക്കാന്‍ പറ്റുന്നുണ്ടോ, ഒന്നൂടെ വിളിക്കെടാ, ഒന്നൂടെ വിളിക്കെടാ പപ്പായെ…. സ്റ്റെല്ലാ ഞാന്‍ കേട്ടത്…?”
“അവനു സംസാരിക്കാം അച്ചായാ….”
“മോനെ ഒന്നുകൂടി പപ്പയെന്ന് വിളിച്ചേ?”
“പപ്പ… പപ്പ… പപ്പ… മതിയോ?”
സീസ്സറിന്‍റെ മുഖത്തെ സ്തംഭനം മാറി. കണ്ണുകള്‍ പൂക്കള്‍പോലെ വിരിഞ്ഞു അവനെ മാറോടമര്‍ത്തി ചുംബിച്ചു. അവന്‍ അമിതാഹ്ലാദത്തോടെ അകത്തേക്ക് ഓടിപ്പോയി. സീസ്സര്‍ സ്റ്റെല്ലയെ സ്നേഹാദരവോടെ നോക്കി. നീണ്ട വര്‍ഷങ്ങള്‍ ഞാനവളെ വേദനിപ്പിച്ചു. മനസ്സില്‍ ചുരുണ്ടു കൂടി കിടന്ന തിന്മകള്‍ എഴുന്നേറ്റ് നിന്ന് എന്തിനെയും പരീക്ഷിച്ചു പരിഹസിച്ചും ജീവിച്ചു. അതില്‍ ഭാര്യയും കത്തനാരും മകനുമൊക്കെ എന്‍റെ അറിവില്ലായ്മയുടെ ഫലം അനുഭവിച്ചവരാണ്. പക്ഷേ, അവരുടെ ചാഞ്ചാട്ടമില്ലാത്ത ഭക്തിയും വിശ്വാസവും അദ്ഭുതം പ്രവര്‍ത്തിപ്പിച്ചിരിക്കുന്നു, മകന്‍ സംസാരാക്കാറിയിരിക്കുന്നു. കുറ്റബോധത്തിന്‍റെ നിഴലുകള്‍ മനസ്സില്‍ നിറഞ്ഞു. പെട്ടെന്ന് സ്റ്റെല്ലയെ നെഞ്ചോടമര്‍ത്തി ചുണ്ടുകളില്‍ ചുംബിച്ചു. “എന്നോട് ക്ഷമിക്കണം. നിന്നെ ഞാന്‍ ഒത്തിരി വിഷമിപ്പിച്ചു.”
ആ വാക്കുകള്‍ ഒരു മിന്നല്‍പ്പിണര്‍പോലെ അവളുടെ ശരീരമാകെ പടര്‍ന്നു. പുറത്തെ മഴത്തുള്ളികള്‍ക്കിടയില്‍ മിന്നല്‍ തെളിയുന്നതും ജനാലയിലൂടെ കണ്ടു കണ്ണുകള്‍ നിറഞ്ഞൊഴുകി. എല്ലാം ബന്ധനങ്ങളും അഴിഞ്ഞുമറിയതില്‍ അവള്‍ ദൈവത്തെ സ്തുതിച്ചു. മകനെയും ഭര്‍ത്താവിനെയുമോര്‍ത്ത് മനസ്സ് എത്രയോ പിടഞ്ഞതാണ്. അവള്‍ കൈക്ക് പിടിച്ചുകൊണ്ട് പറഞ്ഞു.
“സത്യത്തില്‍ എന്നോടല്ലേ ക്ഷമചോദിക്കേണ്ടത്. അവനുവേണ്ടി പ്രാര്‍ത്ഥിച്ച കത്തനാരോടാണ്.”
“എല്ലാം എന്നിലെ തിന്മകള്‍ മാത്രം. കത്തനാരെ മടക്കിവരുത്താന്‍ ഞാനൊന്ന് ശ്രമിക്കാം. തെറ്റുകുറ്റങ്ങള്‍ വന്ദ്യപിതാവിനോട് ഏറ്റു പറയാം. ഇന്നുമുതല്‍ ഞാനൊരു പുതിയ മനുഷ്യനാണ്. ഇനിയും എന്നില്‍ നിന്ന് ഒരു തിന്മയും ഉണ്ടാകില്ല. എന്നെ വിശ്വസിക്കൂ.”
സ്റ്റെല്ലയുടെ മനസ്സ് നിറഞ്ഞു.
സ്റ്റെല്ലയുടെ കൈയ്ക്ക് പിടിച്ച് താഴത്തേ കള്ളു ഷാപ്പിലേക്ക് നടന്നു. അകത്തേ മുറിയില്‍ നിന്ന് മകന്‍ സന്തോഷമാര്‍ന്ന ഒരു ഗാനം പീയാനോയില്‍ പാടുന്നു. അത് ദൈവത്തെ സ്തുക്കുന്ന ഒരു പാട്ടായിരുന്നു. സീസ്സര്‍ മദ്യം നിരന്നിരിക്കുന്ന അലമാരയിലേയ്ക്ക് നോക്കി.
“ഈ മദ്യം ഇനി ഒരിക്കലും ഞാന്‍ തൊടില്ല.” ഓരോ കുപ്പികളും തുറന്ന് വാഷ്ബെയിസിനിലേയ്ക്ക് ഒഴുക്കി. സ്റ്റെല്ല അന്തം വിട്ട് ആ കാഴ്ച കണ്ടു നിന്നു.
“ഇനിയും ഈ മുറി പ്രാര്‍ത്ഥനയ്ക്കുള്ള മുറിയാണ്. പിശാചിനുള്ളതല്ല.”
ജീവിതത്തില്‍ നന്മ മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ക്കേ ഇതുപോലെ ചെയ്യാനാകൂ. സ്റ്റെല്ല മനസ്സില്‍ പറഞ്ഞു. “എനിക്ക് കത്തനാരേ ഒന്ന് വിളിച്ച് ഈ കാര്യം പറയണമെന്നുണ്ട്.”
“മോളെ കൂടി വിളിച്ച് ഈ സന്തോഷവാര്‍ത്ത അറിയിക്കണം.” സ്റ്റെല്ല പറഞ്ഞു. “നീ മോളെ വിളിച്ച് എല്ലാം പറയുക. അവരുടെ ബന്ധത്തിന് ഞാന്‍ എതിരല്ല. സന്തോഷമായിരിക്കാന്‍ പറയുക.” സീസ്സര്‍ പറഞ്ഞത് മിഴിച്ച കണ്ണുകളോടെ സ്റ്റെല്ല നോക്കി നിന്നു. ഭര്‍ത്താവിനെ പുതിയൊരു ലോകത്തിലേക്ക് വഴി നടത്തിയ ദൈവത്തെ അവള്‍ വീണ്ടും വീണ്ടും സ്തുതിച്ചു. പുറത്ത് ഭൂമിയുടെ ആധിപത്യം പെരുമഴ ഏറ്റെടുത്തിരുന്നു. മഞ്ഞു കുന്നുകള്‍ മഴയില്‍ ഒലിച്ചുപോയി.
താമരക്കുളത്തെ ലൂയിസിന്‍റെ വീട്ടിലെത്തിയ ലിന്‍ഡയെ ലൂയിസിന്‍റെ അമ്മ സന്തോഷത്തോടെ സ്വീകരിച്ച് നെറ്റിയില്‍ ചുംബിച്ച് വീട്ടിലേയ്ക്ക് ക്ഷണിച്ചു. ചട്ടയും മുണ്ടും വേഷം ലിന്‍ഡയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. മുഖത്ത് ചുളിവുകള്‍ വീണ് നരച്ച മുടിയുള്ള ഏലിയാമ്മയ്ക്ക് രണ്ട് ആണ്‍മക്കളും ഒരു പെണ്ണുമാണ്. ഏറ്റവും മൂത്തത് ദേവസിയും ഇളയെ സഹോദരി ഡെയ്സിയും ദുബൈയില്‍ കുടുംബമായി താമസിക്കുന്നു. ദേവസി ഡോക്ടറാണെങ്കില്‍ ഡെയിസി നെഴ്സാണ്. ഇളയ സഹോദരനെ ലണ്ടനില്‍ വിട്ട് പഠിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത് ദേവസിയാണ്. അപ്പന്‍ മരിച്ചിട്ട് ഏഴുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ലൂയിസിന്‍റെ പേരിലാണ് കുടുംബവീട്. രണ്ട് നില കെട്ടിടത്തിന്‍റെ മുകളില്‍ വാടകക്കാര്‍ താമസിക്കുന്നു. ധാരാളം റബര്‍ വീടിന് ചുറ്റുമായിട്ടുണ്ട്. വീടിന് മുന്നില്‍ പൂന്തോട്ടം, തെങ്ങുകള്‍ അതെല്ലാം പാട്ടത്തിന് കൊടുത്തിരിക്കുന്നു. വീടിന്‍റെ കിഴക്ക് ഭാഗത്ത് ഏത്തവാഴകള്‍. മാവേലിക്കര താലൂക്കിലെ ഒരു പഴയ ക്രിസ്തീയ തറവാടാണ് ലൂയിസിന്‍റെത്. ജ്യേഷ്ഠന്‍ വീട് വച്ചിരിക്കുന്നത് ചാരുമൂട്ടിലാണ്. കാരൂര്‍ പള്ളിക്കടുത്തായി ധാരാളം ബന്ധുജനങ്ങളും താമസിക്കുന്നു.ലൂയി ഒരു ഡോക്ടറായി കാണാനാണ് ദേവസ്യ ആഗ്രഹിച്ചത്. എന്നാല്‍ അവന് ബിസിനസ്സിലായിരുന്നു താല്പര്യം. അതിനാലാണ് ലണ്ടനിലെ എംബിഎ തന്നെ വേണമെന്ന് ദേവസ്യ നിര്‍ബന്ധം പിടിച്ചത്. ആകാശത്തും സൂര്യന്‍ ജ്വലിച്ചു നിന്നു. ഏലിയാമ്മ കുശലങ്ങള്‍ ചോദിച്ചിട്ട് അവര്‍ക്ക് ചായയും പലഹാരങ്ങളും കൊടുത്തു. അവളുടെ സുന്ദരമായ മുഖത്തേക്ക് നോക്കി ചോദിച്ചു. “അപ്പന്‍റെയും അമ്മയുടെയും അനുവാദത്തോടെയാണോ മോള്‍ വന്നത്?”
“അതെ, പക്ഷേ, പപ്പായെ കണ്ടില്ല. ഒരെഴുത്ത് എഴുതിവെച്ചിട്ട് പോന്നു.” ആ നിമിഷം തന്നെ ഫോണ്‍ ശബ്ദിച്ചു. ലൂയിസ് ചെന്ന് ഫോണെടുത്തു. ആദ്യം കരുതിയത് ദേവസ്യച്ചായനായിരിക്കുമെന്നാണ്. ലിന്‍ഡയുടെ മമ്മിയെന്ന് മനസ്സിലായപ്പോള്‍ മുഖത്തു ചിരി വിടര്‍ന്നു. യാത്രാ വിവരമൊക്കെ ചോദിച്ച ശേഷം സ്റ്റെല്ല ജോബിനെപ്പറ്റി പറഞ്ഞു, വിവാഹത്തിന് പപ്പ സമ്മതിച്ചതായും പറഞ്ഞു. അവന്‍ ആശ്ചര്യത്തോടെ ലിന്‍ഡയെ വിളിച്ചു.
“ലിന്‍ഡ ഓടി വാ, ഒരു സന്തോഷ വാര്‍ത്തയുണ്ട്.” അവള്‍ ഓടിയെത്തി ഫോണ്‍ വാങ്ങി. ജോബിന് കിട്ടിയ വിടുതലിനെപ്പറ്റി കേട്ടപ്പോള്‍, പപ്പായുടെ മനസ്സ് മാറി പഴയെ ആളല്ലെന്ന് കേട്ടപ്പോള്‍, പള്ളിയിലെ പദവി രാജിവച്ചു എന്ന് കേട്ടപ്പോള്‍, മകളെയും ലൂയിസിനെയും കാണാന്‍ ആഗ്രഹമുണ്ടെന്ന് കേട്ടപ്പോള്‍ അവള്‍ തുള്ളിച്ചാടി. ലൂയിസും എല്ലാം കേട്ടുകൊണ്ട് അടുത്തുനിന്നു. ഫോണ്‍ വെച്ചിട്ട് അടുത്തുനിന്നു. ‘ലൂയീ’ എന്നാര്‍ത്തട്ടഹസിച്ചു, അവനെ കെട്ടിപ്പുണര്‍ന്നു. അവന്‍ വേവലാതിപ്പെട്ടു, അമ്മയുടെ സാമീപ്യം അവളെ ഓര്‍മിപ്പിച്ചു. അവള്‍ ശ്വാസമെടുക്കാന്‍ നിമിഷങ്ങളെടുത്തു. ആ കാഴ്ച ആശ്ചര്യപൂര്‍വ്വം ഏലിയാമ്മ കണ്ടിരുന്നു. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന കുട്ടിയല്ലേ. കൗതുകപൂര്‍വ്വം നോക്കി.
ആഭരണങ്ങളെല്ലാം ഊരി വെച്ചിട്ടായിരിക്കും വന്നത്. അത് നന്നായി. ഇവിടെ കള്ളന്മാര്‍ പെരുകി വരികയല്ലേ. മക്കളുടെ സന്തോഷം കണ്ടപ്പോള്‍ എന്തെന്നറിയാനൊരാഗ്രഹം. ഏലിയാമ്മ ചോദിച്ചു. “നിങ്ങള്‍ ചായ കുടിക്ക്. ആറിപ്പോകും. എന്താ, വിശേഷിച്ച്…?”
ലൂയിസ് ജോബിനെപ്പറ്റിയും അമ്മയോടും പറഞ്ഞു. ഈ വരവിന്‍റെ ഉദ്ദേശ്യം വിവാഹമെന്നു കൂടി കേട്ടപ്പോള്‍ അമ്മയുടെ കണ്ണുകളില്‍ സംശയങ്ങള്‍, ലണ്ടനില്‍ പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വിവാഹം കഴിക്കാനിരിക്കുന്ന പുരുഷന്‍റെയൊപ്പം പറഞ്ഞു വിടുമോ? പെണ്‍കുട്ടികള്‍ ഇങ്ങനെ അഴിഞ്ഞാടി നടക്കുന്നത് മാതാപിതാക്കള്‍ക്ക് എങ്ങനെ കണ്ടിരിക്കാന്‍ കഴിയുന്നു.
കാപ്പി കുടി കഴിഞ്ഞ് മുറികളാകെ അവളെ കാണിച്ചു. അടുക്കും ചിട്ടയോടും വൃത്തിയായി ഓരോ മുറികളും കിടക്കുന്നു. ജനാലകളിലെ ചിത്രപ്പണികളുള്ള കര്‍ട്ടനുകള്‍ തിളങ്ങി കിടക്കുന്നു. ഇടയ്ക്കവന്‍ ഗള്‍ഫില്‍ വിളിച്ച് സഹോദരനും സഹോദരിയുമായി സംസ്സാരിച്ചു. ലിന്‍ഡയുമായി അവര്‍ സന്തോഷം പങ്കുവെച്ചു. കത്തനാരെയും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. വിവാഹതീയതിയും മറ്റ് കാര്യങ്ങളും അടുത്തുള്ള ബന്ധുക്കളുമായി ചര്‍ച്ച ചെയ്യാനും അവര്‍ തീരുമാനിച്ചു. അന്ന് രാത്രി അമ്മയെ സഹായിക്കാന്‍ അവള്‍ അടുക്കളയിലെത്തി. പയര്‍ അരിയുന്നത് കണ്ടപ്പോള്‍ ലൂയിസ് കളിയാക്കി പറഞ്ഞു.
“അമ്മേ ഇവള്‍ അവിടുത്തെ അടുക്കളയില്‍ കയറാത്തവളാ. അമ്മായിയമ്മയെ സഹായിക്കാന്‍ വന്നതിന്‍റെ കാരണമെനിക്കറിയാം.”
“നീ പോടാ.. വല്ലോം കഴിക്കണമെങ്കില്‍ ജോലി ചെയ്യും.”
ഏലിയാമ്മ തുറിച്ചു നോക്കി. ഭര്‍ത്താവാകാന്‍ പോകുന്ന പുരുഷനെ എടാ എന്നൊക്കെയാണോ വിളിക്കുന്നത്. അതും ആ രാജ്യത്തേ പരിഷ്ക്കാരത്തില്‍ ഉള്ളതായിരിക്കും സ്വയം ആശ്വസിച്ചു. ഏലിയാമ്മ ചോദിച്ചു.
“മോളെ നിന്‍റെ പപ്പയുടെ സ്ഥലം ഏതാ?”
“പത്തനാപുരത്ത് ചാച്ചിപ്പുന്ന.”
“ങാം അറിയാം കേട്ടിട്ടുണ്ട്.”
ലൂയിസ് പരാതിയായിപറഞ്ഞു, “അല്ലേ പയര്‍ അരിയുന്നതിന് ഒരു സ്പീഡ് ഇല്ലല്ലോ. വേഗം അരിയടി.. നീ അമ്മയിയമ്മയുടെ കുത്ത് വാങ്ങിക്കും.”
“നിനക്കെന്താടാ ഇവിടെ കാര്യം. പോടാ അപ്പുറത്ത്.” അമ്മയുടെ മറുപടി കേട്ട് ലിന്‍ഡ ചിരിച്ചു. അവന്‍ വിസ്മയത്തോടെ നോക്കി. അല്ലാ ഒറ്റ പകല്‍ കൊണ്ട് ഇവള്‍ അമ്മായിയമ്മയെ കൈയ്യിലെടുത്തോ? ഇങ്ങോട്ട് വരുമ്പോള്‍ ഉള്ളില്‍ തെല്ലൊരു ഭയമുണ്ടായിരുന്നു. അമ്മ എങ്ങനെയായിരിക്കും സ്വീകരിക്കുക. ഭയം മാറിയോ? സത്യത്തില്‍ അമ്മായിയമ്മയെ ഏറെ ഇഷ്ടപ്പെട്ടു. സ്വന്തം അമ്മയെപോലെ സ്നേഹമുള്ളവള്‍.
“അല്ലേ അമ്മച്ചീ പറഞ്ഞത് കേട്ടില്ലേ. എന്താ ഇവിടെ കാര്യം. നിന്‍റെ ദേഹത്ത് ചൂടുവെള്ളം വീഴാതെ നീ പോവില്ല.”
അവള്‍ അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന ചോറുപാത്രത്തിനടുത്തേക്ക് നടന്നു. അവന്‍ വാ പൊളിച്ച് നോക്കി. അവള്‍ ചൂടുവെള്ളം ഒഴിക്കതന്നെ ചെയ്യും. പൊള്ളല്‍ ഏല്‍ക്കാതെ പോകുന്നതാണ് നല്ലത്. അവള്‍ പാത്രത്തിന്‍റെ അടുപ്പ് തുറന്നത് കണ്ടപ്പോള്‍ അവന്‍ ഓടി മറഞ്ഞു. ഏലിയാമ്മ സന്തോഷത്തോടെ പറഞ്ഞു, “അവന്‍റെ അപ്പനും ഇതുപോലെ പേടിത്തൊണ്ടനാരുന്നു. മനുഷ്യരെ സ്നേഹിക്കാനേ അറിയൂ. അവന്‍റെ കാലിടറാതെ മോള് നോക്കിക്കോണം. ഞാന്‍ ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്നു. ഷുവര്‍ ഒള്ളതുകൊണ്ട് വെപ്പും കുടിയൊന്നുമില്ല.”
അമ്മച്ചി ഷുഗറിനെ ഷുവര്‍ ആക്കിയതില്‍ അവള്‍ക്ക് രസം തോന്നി.
“ഷുവല്‍ ഉള്ളവര്‍ സമയത്തിന് എന്തെങ്കിലും കഴിക്കണമമ്മച്ചീ. പിന്നെ ലൂയിസിനെ ഓര്‍ത്ത് അമ്മച്ചി വിഷമിക്കേണ്ട. എന്‍റെ ജീവനുള്ള കാലമത്രയും ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാം. പോരായോ?”
“മോളെ ദൈവം അനുഗ്രഹിക്കട്ടെ. മോള്‍ക്ക് ഇവിടുത്തെ ആഹാരമൊക്കെ ഇഷ്ടപ്പെടുമോ എന്നറിയില്ല. ചാരുംമൂട്ടില്‍ നല്ല ഹോട്ടലുണ്ട് കേട്ടോ. പഴയ ചാരുംമൂടല്ല ഒത്തിരി വളന്നു.” ഏലീയാമ്മ അവളെ അടുക്കലേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു. “കേരളത്തിലെ പെണ്‍കുട്ടികളാണ് ഓരോ കുടുംബങ്ങളെ നല്ല രീതിയില്‍ നടത്തുന്നത്. മോളും സാമര്‍ത്ഥ്യമുള്ള ഒരു കുടുംബിനിയായി മാറണം.” അമ്മച്ചിയുടെ ഓരോ വാക്കുകളും അവള്‍ സസ കേള്‍ക്കുകയും ഹൃദയത്തില്‍ ആത്മവിശ്വാസം ഉറപ്പിക്കുകയും ചെയ്തു, സന്ധ്യക്ക് അവര്‍ക്കൊപ്പമിരുന്ന് പാടുകയും വേദപുസ്തകം വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ പുറത്തേക്ക് നോക്കി, എങ്ങും കുറ്റാകൂരിരുട്ട്. ആദ്യമായിട്ടാണ് ഇത്ര കൂരിരുട്ടവള്‍ കാണുന്നത്. ഇത് ലണ്ടനല്ല, എപ്പോഴും വെളിച്ചത്തില്‍ നടക്കാന്‍ ഇരുട്ടില്‍ തപ്പിതട്ടുന്ന ഒരു കൂട്ടം മനുഷ്യരെ അവന്‍ മുന്നില്‍ കണ്ടു.
രാത്രിയില്‍ ഉറങ്ങാന്‍ അവള്‍ അമ്മയുടെ മുറിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ ചോദിച്ചു. “നിനക്കെന്താണ് എന്‍റെ ഒപ്പം ഉറങ്ങിയാല്‍.. ഞന്‍ പിടിച്ചു വിഴുങ്ങുമോ.”
അവളുടെ സ്നേഹാര്‍ദ്രമായ മിഴികള്‍ അവനില്‍ തറഞ്ഞു. “അതിന് വിവാഹം കഴിഞ്ഞില്ലല്ലോ. ആ കടമ്പ കൂടി കടന്നിട്ട് കിടക്കുന്നതിനെപ്പറ്റി ചിന്തിക്കാം. പിന്നെ നീയെന്നല്ല ഒരുത്തനും എന്നെ അത്ര പെട്ടെന്ന് വിഴുങ്ങാന്‍ പറ്റില്ല. മോന്‍ പോയി കിടന്ന് സുഖമായി ഉറങ്ങ്. ഗുഡ്നൈറ്റ്….” അവള്‍ പോകുന്നതും നോക്കി നിമിഷങ്ങള്‍ നിന്നു.
അടുത്ത ദിവസം തന്നെ അവര്‍ കത്തനാരേ കാണാന്‍ ആലപ്പുഴയിലേയ്ക്ക് യാത്ര തിരിച്ചു. കത്തനാരുടെ കായംകുളത്ത് കൂടിയുള്ള യാത്രയില്‍ കേരളത്തിന്‍റെ മനോഹാരിത കടല്‍ ഇളകി മറിയുന്നതും ആകാശം സൂര്യപ്രഭയില്‍ തിളങ്ങി നില്ക്കുന്നതും അവള്‍ കണ്ടു.
പ്രതീക്ഷകളോടും ആവേശത്തോടും കത്തനാര്‍ പാര്‍ക്കുന്ന അഗതി മന്ദിരത്തിന് മുന്നിലെത്തി. കത്തനാര്‍ ആ സമയം മന്ദിരത്തിന് താഴെയുള്ള ഒരു പറമ്പില്‍ വൃക്ഷതൈകള്‍ വെച്ചു പിടിപ്പിക്കുയായിരുന്നു. അവിടുത്തെ അന്തേവാസികളെ അവിടുത്തെ ജോലിക്കാരന്‍ പരിചയപ്പെടുത്തി. മുട്ടില്‍ ഇഴഞ്ഞു നടക്കുന്നവര്‍, കൈകളില്‍ നടക്കുന്നവര്‍, കുനിഞ്ഞ് കുനിഞ്ഞ് നടക്കുന്നവര്‍, പ്രായാധിക്യത്താല്‍ ഭാരപ്പെട്ട് നടക്കുന്നവര്‍ അങ്ങനെ ആരിലും ആശങ്കയും ദുഃഖവുമുണര്‍ത്തുന്ന കുറെ മനുഷ്യര്‍…
ജോലിക്കാരന്‍ ഗോപാലക്കുറുപ്പ് കത്തനാര്‍ പണിയെടുക്കുന്ന സ്ഥലം അവര്‍ക്ക്കാണിച്ചു കൊടുത്തു. രാവിലെ പോയതാണ്. അവര്‍ അവിടേക്ക് നടന്നു. കത്തനാര്‍ തോര്‍ത്തുടുത്ത് ബനിയനിട്ട് കൂന്താലി കൊണ്ട് മരത്തൈ നടാനുള്ള കുഴി എടുക്കകയായിരുന്നു.
“ഫാദര്‍ ഞങ്ങള്‍ എത്തി”, മുകളില്‍ നിന്ന് താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു. വിയര്‍പ്പില്‍ കുളിച്ചു നിന്ന കത്തനാര്‍ മുകളിലേയ്ക്ക് നോക്കി. ചിരിച്ചിട്ട് പറഞ്ഞു. “നിങ്ങള്‍ അവിടെ വെയ്റ്റ് ചെയ്യു. ഞാനുടനെ വരാം.”
അവര്‍ അനുസരിച്ചു. നടക്കുമ്പോള്‍ ലിന്‍ഡ പറഞ്ഞു. “ഈ കത്തനാര്‍ അവിടെയും ഒരു വിസ്മയം ഇവിടെയും നമ്മെ വിസ്മയപ്പെടുത്തിയിരിക്കുന്നു.” ലൂയിസിനും കത്തനാരോട് ആദരവ് തോന്നി. “ഈ ചൂടത്ത് നിന്നു കിളയ്ക്കുന്നത് കണ്ടില്ലേ!”
കത്തനാര്‍ അവസാനത്തെ തൈ കൂടി വച്ച് മണ്ണിട്ട് വെള്ളമൊഴിച്ചു. കൂന്താലിയും വെള്ളം കൊണ്ടു പോയ പാത്രവുമായി അദ്ദേഹം കുന്നില്‍ മുകളിലേയ്ക്ക് നടന്നു. അവര്‍ വീട്ടില്‍ എത്തുമ്പോള്‍ കത്തനാരെ കാത്ത് ഒരു ജീപ്പില്‍ രണ്ട് പേര്‍ അവിടെക്ക് വന്നു, അവരുടെ വാഹനം ഏതോ ടി.വി. ചാനലിന്‍റെതെന്ന് തോന്നി. ഒരാളുടെ കൈവശം വലിയൊരു ക്യാമറയുണ്ട്. സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ ലൂയിസും ലിന്‍ഡയ്ക്കുമൊപ്പം അവരും വന്നിരുന്നു, കുറുപ്പ് അവര്‍ക്കെല്ലാം ചായ കൊടുത്തു. അവര്‍ ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് കുളിച്ച് വെള്ളക്കുപ്പായമണിഞ്ഞ് കത്തനാര്‍ പുഞ്ചിരിയോടെ ആ മുറിയിലേക്ക് വന്നു. ലിന്‍ഡയെയും ലൂയിസിനെയും നെഞ്ചോടമര്‍ത്തി അഭിനന്ദിച്ചു. മറ്റ് അപരിചിതരെ കണ്ടപ്പോള്‍ ആദരവോടെ ചോദിച്ചു.
“നിങ്ങളെ മനസ്സിലായില്ലല്ലോ”, അവര്‍ സ്വയം പരിചയപ്പെടുത്തി, “കേരള റ്റിവിയില്‍നിന്നാണ്. ഞങ്ങള്‍ അങ്ങയെ കാണാന്‍ വന്നത് ഒരു കാര്യം ചോദിച്ചറിയാനാണ്. കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ സഭ രണ്ട് പുതിയ ബിഷപ്പിന്മാരെ വാഴിക്കുന്നതായി കണ്ടു. ഒന്ന് അങ്ങയുടെ പേരാണ്. എന്നാല്‍ വന്ദ്യപിതാവിന്‍റെ ഓഫിസില്‍ നിന്നറിഞ്ഞത് അങ്ങ് പിന്‍മാറിയെന്നാണ്. ഈ ഒരു പദവിക്കായി പുരോഹിതര്‍ ക്യൂ നില്ക്കുമ്പോള്‍ അങ്ങ് എന്താണ് പിന്‍മാറിയത്?”
“ഇതും ഒരു വാദപ്രതിവാദമാക്കാനാണോ നിങ്ങള്‍ വന്നത്?”
“ഒരിക്കലുമല്ല. രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് സൗഖ്യം കൊടുക്കയും, സുവിശേഷ ഷോഷണം നടത്തുകയും പ്രകൃതിയെ സ്നേഹിക്കുകയും ചെയ്യുന്ന അങ്ങയുടെ സ്ഥാനം മറ്റുള്ളവരെക്കാള്‍ വളരെ ഉയരത്തിലാണ്. കത്തനാര്‍ക്ക് അറിയാമല്ലോ? ഞങ്ങളുടെ ചാനല്‍ ആരെയും കാഴ്ചവയ്ക്കാനോ പുകഴ്ത്തുവാനോ ശ്രമിച്ചിട്ടില്ല. അങ്ങയുടെ പേര് കേട്ടപ്പോള്‍ വരാതിരിക്കാന്‍ കഴിഞ്ഞില്ല. ദയവായി സഹകരിക്കണം.” ക്യാമറ കത്തനാരുടെ നേര്‍ക്ക് നീണ്ടു.
“താങ്കള്‍ പറഞ്ഞതില്‍ എന്‍റെ ഉത്തരം അടങ്ങിയിട്ടുണ്ട്. ഞാന്‍ ബിഷപ്പായി മാറിയാല്‍ ഇവിടുത്തെ പാവം മനുഷ്യരെ എനിക്ക് കഴുകി തുടയ്ക്കാന്‍ പറ്റുമോ? എനിക്ക് സ്വതന്ത്രമായി ഒന്നും ചെയ്യാനാകില്ല. സത്യത്തില്‍ അതാണ് പിന്‍മാറാന്‍ കാരണം.”
“അങ്ങ് പറഞ്ഞത് ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.”
വിശ്വസിക്കുന്ന ഏവനും രക്ഷപ്രാപിക്കും. പക്ഷേ, നമ്മുക്ക് നമ്മളിലെ വിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ജനസേവകന് എം.എല്‍.എ. ആകണമെന്നുണ്ടോ ജനസേവനത്തിന് പദവികള്‍ ആവശ്യമില്ല. ജനത്തിനായി എന്തെല്ലാം നന്മകള്‍ യേശുക്രിസ്തു ചെയ്ത ഒരു പദവിയും ഇല്ലായിരുന്നു. മരണം വരെ ആ പാത തുടരാനാണ് ഈ എളിയവന്‍റെ ആഗ്രഹം.”
“ഫാദര്‍ ആരുമറിയാതെ പിള്ള അങ്കിളിന് വൃക്ക കൊടുത്തത് അങ്കിള്‍ ഞങ്ങളോട് പറഞ്ഞു”, ലിന്‍ഡ പുഞ്ചിരി

തൂകി പറഞ്ഞു.
“ഓ അങ്ങനെയും ഒരു സംഭവം നടന്നോ?” ചാനലുകാരന്‍ ചോദിച്ചു.
“സോറി ഇവരെ പരിചയപ്പെടുത്തിയില്ലല്ലോ. ലണ്ടനില്‍ നിന്ന് വന്നതാ. ഇത് ലൂയിസ്, അത് ലിന്‍ഡ. വൃക്ക ഒരാള്‍ ചോദിച്ചു കൊടുത്തു. അത്രയെയുള്ളൂ.”
“കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ.”
കത്തനാര്‍ക്ക് എല്ലാവിധ നന്മകളും നേര്‍ന്നുകൊണ്ട് അവര്‍ യാത്രയായി.
“ജോബിന് മാത്രമല്ല, മറ്റ് രണ്ടു പേര്‍ക്കും സൗഖ്യം കിട്ടിയതായി മമ്മി ഫോണില്‍ പറഞ്ഞു. ഇപ്പോള്‍ പള്ളിയില്‍ പിയാനോ വായിക്കുന്നത് ജോബാണച്ചോ” കത്തനാര്‍ക്ക് വളരെ സന്തോഷം തോന്നി.
“ദൈവം എല്ലാവര്‍ക്കും നന്മകള്‍ ചെയ്യാനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഇവിടെ പാര്‍ക്കുന്ന അംഗവൈകല്യമുള്ളവരെ നിങ്ങള്‍ കണ്ടോ? നമ്മളുടെ നിസ്സാരമായ നാം മുറിവുകളില്‍ നാം അസന്തുഷ്ടരാണ്. അതിനെക്കാള്‍ മുറിവുള്ളവരെ നാം ഓര്‍ക്കണം. പിന്നെ വിവാഹം എപ്പോഴാണ് നടത്തുന്നത്. ഒരാഴ്ചയ്ക്കു മുന്‍പുതന്നെ എന്നെ അറിയിക്കണം. എനിക്ക് മലയോരപ്രദേശങ്ങളില്‍ സുവിശേഷഘോഷണത്തിന് പോകാതിരിക്കാന്‍ പറ്റില്ല. ആഴ്ചയില്‍ മൂന്ന് ദിവസം അവിടുത്തെപ്പോലെ ഇവിടെയും ദൈവരാജ്യം ഘോഷിക്കാറുണ്ട്.”
അവര്‍ ഉച്ചവരെ സംസാരിച്ചിരുന്നു. അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ലൂയിസ് രണ്ട് ലക്ഷത്തിന്‍റെ ഒരു ചെക്ക് കത്തനാരെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു. “ഇത് അങ്ങ് നിരസിക്കരുത്. ഈ പാവങ്ങള്‍ക്കു വേണ്ടി ഇതുപയോഗിച്ച് എന്തെങ്കിലും ചെയ്യണം.”
“കഴിഞ്ഞ ദിവസം പപ്പായുമായി സംസ്സാരിച്ചു. ഇവര്‍ക്കായി എല്ലാ മാസവും ഒരു ലക്ഷം രൂപ വീതം പപ്പ തരുമെന്ന് ഏറ്റിട്ടുണ്ട്.”
“ദൈവമക്കളെ ദൈവം തമ്പുരാന്‍ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. ഇനിയും നമുക്ക് വിവാഹദിവസം കാണാം. എനിക്ക് പ്രാര്‍ത്ഥനയ്ക്കുള്ള സമയമായി.” അവരുടെ തലയില്‍ കത്തനാര്‍ കൈവച്ച് അനുഗ്രഹിച്ച് യാത്രയാക്കി. മടങ്ങും വഴി കുമരകത്തെ ഓല കെട്ടിയ ബോട്ടില്‍ കയറാനും അവര്‍ മറന്നില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവാഹ തീയതി ഉറപ്പിച്ചു. കാര്‍ഡുകള്‍ വിതരണം ചെയ്തു. വിവാഹത്തിനുള്ള എല്ലാം ഒരുക്കങ്ങള്‍ ചെയ്യാന്‍ ലൂയിസിന്‍റെ മൂത്ത സഹോദരന്‍ ഡോ. ദേവസ്യയും സഹോദരിയും ഗള്‍ഫില്‍നിന്നും, സീസ്സറും സ്റ്റെല്ലയും ജോബും ലണ്ടനിനില്‍ നിന്നുമെത്തി.
വിവാഹം താമരകുളത്തെ സെന്‍റ് തോമസ് പള്ളിയില്‍ കത്തനാരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവസം രാവിലെ വീട്ടിലെത്തിയ കത്തനാരെ ജോബ് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അവന്‍ നന്ദി അറിയിച്ചു. കത്തനാരുടെ മനസ്സിന്‍റെ താളം പിഴച്ചു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. വലിയവനായ ദൈവത്തെ സ്തുതിച്ചു. സീസ്സര്‍ ഒരു കാഴ്ചക്കാരനെപ്പോലെയായിരുന്നു.
“എല്ലാ തെറ്റുകളും അങ്ങ് എന്നോട് പൊറുക്കണം.” കണ്ണീരോടെ കാല്ക്കല്‍ വീണ് മാപ്പപേക്ഷിച്ചു. കത്തനാര്‍ സീസ്സറിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. “ദൈവം എല്ലാം സഹിക്കയും ക്ഷമിക്കയും ചെയ്യുന്നവനാണ്. സന്തോഷമായി കുടുംബജീവിതം നയിക്കൂ. നന്മയില്‍ വളരുക”.
എല്ലാ കണ്ടുനിന്ന സ്റ്റെല്ല കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു. പലരും അത് കൗതുകത്തോടെ കണ്ടു. ലിന്‍ഡയും ലൂയിസും കണ്ണുകള്‍ തുടച്ച് അകത്തേക്ക് പോയി. കത്തനാരുടെ നേതൃത്വത്തില്‍ വിവാഹം നടത്തുന്നത് ഏറ്റവും വലിയ അനുഗ്രഹവും അഭിമാനവുമായിരുന്നു അവര്‍ര്‍ക്ക്. പുറത്തിറങ്ങിയ ലിന്‍ഡ രാജകുമാരിയെപ്പോലെ തിളങ്ങി. രാജാകുമാരനും ഒപ്പമുണ്ടായിരുന്നു. ആകാശം തിളങ്ങി. ചൂട് കാറ്റില്‍ പള്ളി മുറ്റത്തെ പൂക്കള്‍ പുഞ്ചിരിച്ചു. എങ്ങും പനിനീര്‍പ്പൂവിന്‍റെ മണം. ആകര്‍ഷകമായ പൂക്കള്‍….

നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്‍റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു. ാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം അതില്‍ ഇരിക്കും; അവന്‍റെ ദാസന്മാര്‍ അവനെ ആരാധിക്കും. അവര്‍ അവന്‍റെ മുഖംകാണും; അവന്‍റെ നാമം അവരുടെ നെറ്റിയില്‍ ഇരിക്കും. ഇനി രാത്രി ഉണ്ടാകയില്ല. -വെളിപാട്, അധ്യായം 24

About The Author

Leave a Reply

Your email address will not be published. Required fields are marked *