കവിത – അനുരണനം
രവി ശരണമരുളുവതിനെന്നുമാകാശത്ത്
രാജീവമെന്നപോൽ പൊന്നണിഞ്ഞെത്തുവാൻ,
രസയിലതിമധുരരവമോടെ ദ്വിജം പല-
രീതിയിൽ പാടും മുടങ്ങാതെ നിത്യവും..
പതിവിലതിവിപുലഗുണസാഗരം തീർത്തു നൽ-
പ്പാഥേയമൂഴിക്കു വേരിപോൽ നല്കുവോൻ,
പുലരിമുതലൊളിവിതറിയാലേഖനംചെയ്ത
പേരിലാദ്യം ഭൂമിദേവിയായീടണം..
കഥ തുടരുവതിനുലകിലാകെ പ്രകാശവും
കാരുണ്യവും സർവ്വ നന്മയും നേരുവാൻ,
കുളിരലയിലൊരു പുളകമേല്ക്കാതെരിഞ്ഞിടും
കൂട്ടരെ പോറ്റുവാൻ കാലങ്ങളേറെയായ്..
ദശഗുണിത നിറമഴകിലംബരത്തിൽ വരും
ദേവനാം നീ കനിഞ്ഞേകുന്നതൊക്കെയും,
ദിനസരിഗപധനിസയിലുണ്ടുറങ്ങീടുവാൻ
ദാനമായ് ജീവനും തന്നുരക്ഷിക്കണം..
വിരവിലനുരണനശുഭരാഗമോടേതിലും
വാരുറ്റ മിന്നിത്തിളങ്ങുന്ന സത്യമേ,
വരിക തവ കിരണമവനിക്കു നല്കീടുക
വാതായനം തുറന്നെല്ലാദിനത്തിലും…
ശുഭദിനം🎋🌸ഡോ: ജയദേവൻ











