LIMA WORLD LIBRARY

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ദൗത്യത്തിലെ അംഗം മൈക്കിൾ കോളിൻസ് അന്തരിച്ചു

ന്യൂയോർക്ക്: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗവും അമേരിക്കൻ ബഹിരാകാശ സഞ്ചാരിയുമായ മൈക്കിൾ കോളിൻസ് അന്തരിച്ചു. 90 വയസായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.

അപ്പോളോ 11 സമ്പൂർണ ചാന്ദ്രയാത്രാ സംഘത്തിൽ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവർക്കൊപ്പം മൈക്കിൾ കോളിൻസുമുണ്ടായിരുന്നു. 1969 ജൂലായ് 20ന് ആംസ്ട്രോങും എഡ്വിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷൻമാരായി. കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്വം മൈക്കിളിയിരുന്നു. സംഘാംഗങ്ങൾ ചന്ദ്രോപരിതലത്തിൽ നിന്ന് തിരിച്ച് വരുന്നതുവരെ, 21 മണിക്കൂറോളം മൈക്കിൾ, ചന്ദ്രന് ചുറ്റും കമാൻഡ് മൊഡ്യൂളുമായി കറങ്ങിക്കൊണ്ടിരുന്നു. ചന്ദ്രന്റെ ഇരുണ്ടഭാഗത്ത് വച്ച് പലതവണ കൺട്രോൾ റൂമുമായുള്ള ബന്ധം മുറിഞ്ഞുപോയിരുന്നു. ബഹിരാകാശത്ത് നടന്ന നാലാമത്തെ വ്യക്തി, ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികൾ കോളിൻസ് നേടി.

ഇതിന്റെ വിശദാംശങ്ങളെല്ലാം ഉൾപ്പെടുത്തി ‘കാരിയിംഗ് ദ ഫയർ’ എന്ന പേരിൽ 1974ൽ മൈക്കിൾ ആത്മകഥയെഴുതി.1930ൽ റോമിലാണ് കോളിൻസിന്റെ ജനനം. യു.എസ് ആർമി മേജറായിരുന്നു അച്ഛൻ. ന്യൂയോർക്ക് മിലിട്ടറി അക്കാഡമിയിലെ പഠനശേഷം എയർഫോഴ്സ് ടെസ്റ്റ് പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. 1963ലാണ് നാസയുടെ ബഹിരാകാശ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1966ൽ ജെമിനി 10ലായിരുന്നു ആദ്യ ബഹിരാകാശ യാത്ര. മെഡൽ ഓഫ് ഫ്രീഡം, വ്യോമസേനയുടെ വിശിഷ്ട സേവാ മെഡൽ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px