ഓർമ്മകളുറങ്ങാത്ത …………വഴിയിടങ്ങൾ –  R പണിക്കർ

Facebook
Twitter
WhatsApp
Email

മേൽവിലാസം തെറ്റിച്ചു കൈയ്യിലെത്തിയ കത്തിൻ്റെ പിൻബലത്തിലൊരു യാത്ര… സന്ധ്യയുടെ പുകമറയിൽ വണ്ടിയിറങ്ങുമ്പോൾ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഒരേ സ്വപ്നങ്ങളുമായി വേർപിരിഞ്ഞ ഒരു സൗഹൃദം. വർഷങ്ങൾക്കു ശേഷമുള്ള കാഴ്ചയിൽ പതിനാറിൻ്റെ സ്നേഹ മധുരം….. വെൺമയുടെ പ്രകാശം പരത്തിയ വഴിവിളക്കിന്നരികെ മനസ്സ് ചാരം മൂടി കിടന്ന ഓർമ്മകളുടെ കനലുകളെ വിളിച്ചുണർത്തി. മനസ്സിൻ്റെ സ്ഫുരണങ്ങളിൽ അവ്യക്തമായ മുഖങ്ങളുടെ തിരനോട്ടം….. പതിയെ മഴയുടെ ശക്തി കൂടിത്തുടങ്ങി. ഓർമ്മകളെ പെയ്തുണർത്തി കൊണ്ട് വീണ്ടുമൊരുഇടവപ്പാതി കൂടി……
……. നടന്നു മറന്ന വഴികളിലൂടെയുള്ള യാത്രയിൽ നിറഞ്ഞ ജലത്തിൽ പ്രതിഫലിച്ച വെളിച്ചത്തിൻ്റെ ഉറവിടം തേടിയ കണ്ണുകളിൽ നൊമ്പരമായിരുന്നു. ഓടിട്ട മനോഹരമായ നാലുകെട്ടിൻ്റെ പടവുകളിൽ കണ്ട മുഖങ്ങളിലെ അപരിചിതത്വം … കാൽപാദങ്ങളിൽ പതിഞ്ഞിരുന്നചേറിനു പകരം ഭംഗിയുള്ള നടപ്പാതകളിലേയ്ക്കുള്ള പുതിയ കാലത്തിൻ്റെ മാറ്റം…. പഴമയുടെ മനോഹാരിത തിരഞ്ഞ മനപ്പക്ഷിയുടെ ചിറകടി ശബ്ദം കമ്പളമായി പൊതിഞ്ഞു. …. കാട്ടുവള്ളിയും കൈതയും നിറഞ്ഞ് തൊട്ടാവാടി തോട്ടത്തിലൂടെ ചാണകം മണക്കുന്ന വഴികളിലൂടെയുള്ള ദിന യാത്രകൾ …. എന്നോ നഷ്ടപ്പെട്ട രൂപങ്ങളെ കണ്ണുകൾ പലപ്പോഴുംതേടി നടന്നു. ചുവടുകൾക്കൊപ്പം നടക്കാൻ മടിച്ച മനസ് കൈമോശം വന്ന നിമിഷങ്ങളെആഗ്രഹിച്ചു ; ഇന്നലെകളിൽ കണ്ടും നനഞ്ഞതുമായ പകൽമഴകളുടെ ആവർത്തനങ്ങളായഓർമ്മകൾക്കു വേണ്ടി……………
ജനൽക്കമ്പികൾക്കിടയിലൂടെ കാലിടറി വന്ന നനുത്ത മഴത്തുള്ളികളുടെ തലോടലുകളിലും മഴയുടെ വരവ് ആഘോഷിക്കുന്ന തവളക്കൂട്ടത്തിൻ്റെ സംഗീതം അസ്വസ്ഥതയുണ്ടാക്കി. ഓരോ മഴയും ചില ഓർമ്മപ്പെടുത്തലുകളാവുന്നു.. .. അടർന്ന ചെമ്മൺ കട്ടകൾ ചേർത്തു വച്ച ഇളം തിണ്ണയിലിരുന്നു മഴയുടെ വേഷപ്പകർച്ചകൾ കണ്ട കാലം…… അകത്ത് ചൂരൽ അടർന്ന് മാറിയ കസേരയിൽ ഇരുന്നു നാമംജപിക്കുന്ന മുത്തശ്ശിയുടെ ഈണങ്ങൾ കാറ്റിലൂടെ ഒഴുകി വന്നു…. നീലപോളപ്പൂക്കൾ മൂടി കിടന്ന തോട്ടിലൂടെ വരാൽ പാർപ്പുകൾ പിടി തരാതെ പാഞ്ഞു നടന്നു.. .. ആഴമില്ലാത്ത കുളക്കടവിൽ ഓളപ്പരപ്പിലേയ്ക്ക് ചരിഞ്ഞു വീഴുന്ന ഇടവപ്പാതിയിലെ മഴത്തുള്ളികളുടെ നിലയ്ക്കാത്ത കളിച്ചിരികൾ നോക്കിയിരിക്കാൻ എന്തു കൊതിയായിരുന്നു……. വെറുതെ ഇറയത്ത് കുത്തിയിരുന്ന് പനി പിടിപ്പിക്കാണ്ടെ കേറിപ്പോരൂന്ന് മുത്തശ്ശിയുടെ ശബ്ദം എവിടുന്നോ കാതിൽ വന്ന് നേർത്തുപോയി..കാറ്റിനൊപ്പം കേട്ട മർമ്മരങ്ങൾക്ക് യക്ഷിക്കഥയുടെ മേമ്പൊടി ചേർത്ത് പനയുടെ ചരിത്രമുറങ്ങുന്ന മുത്തശ്ശിയുടെ കഥ കൂട്ടുകൾ .. ആകാംക്ഷയോടെ കേട്ടിരുന്ന കാലങ്ങളിൽ കൂട്ട് അവളായിരുന്നു. ചുവന്ന ചായം പതിപ്പിച്ച തിണ്ണയിൽ സ്വപ്നങ്ങൾക്കു നിറം പകരാൻ അവൾ ഒപ്പം ഉണ്ടായിരുന്നു.. ഒന്നിച്ചുള്ള യാത്രകളിലൊരിക്കൽ തനിച്ചാക്കി ജീവിതം നേടിയവൾ.. അരികത്തുണ്ടായിരുന്നെങ്കിലും വർഷങ്ങൾ നഷ്ടപ്പെട്ട് തമ്മിൽകാണുവാൻ നിയോഗം ഇന്നു ലഭിച്ചവർ. പുലർച്ചേ മടങ്ങാനുള്ള തയാറെടുപ്പിനിടയിലും ഹേമയ്ക്കൊപ്പം ചിലവഴിക്കാനുള്ള നിമിഷങ്ങളെക്കാൾ ജീവിതം വിളക്കിചേർത്ത ഓർമ്മകൾക്കൊപ്പമായിരുന്നു പലപ്പോഴും…………….
……. പുറത്ത് മഴ കനത്തിരിക്കുന്നു. തഴുതിട്ട ജനൽ ചില്ലുകളിലൂടെ ചുവന്ന വെളിച്ചം വ്യക്തമാക്കി കൊണ്ട് ജീവൻ്റെ വിലയുള്ള വണ്ടിയുടെ ചീറിപ്പായൽ…. നഷ്ടങ്ങളുടെ പല ഓർമ്മകളും ഓരോ തിരിച്ചറിവുകളായിരുന്നല്ലോ… നോക്കെത്താ ദൂരത്തോളം നീളുന്ന പാളങ്ങളിലൂടെ ജീവിതത്തിൻ്റെ ലാഭനഷ്ടങ്ങളെ അറിയാതെ ആകാശത്തോളം ഇഷ്ടപ്പെട്ടു പോയ ഇളം മനസ്സിൻ്റെ യാത്രാ സ്വപ്നങ്ങൾ….. കാത്തിരുന്ന അവധിക്കാലത്തൊരിക്കൽ നാട്ടിലേയ്ക്ക് വണ്ടി കയറിയതൊരു പുതുജീവിതമായിരുന്നു,അങ്ങനെ നനഞ്ഞമഞ്ഞിലൂടെ സുപ്രഭാതം പാടുന്ന കിളികളും അമ്പലമണികളും തുടക്കമൊരുക്കിയ പുതിയൊരു ബാല്യത്തിലേയ്ക്ക് ……
…… വിരുന്നൊരുക്കിയ ഓരോ വേനലവധിയും അക്ഷരങ്ങളോടു സല്ലപിച്ചു തുടങ്ങിയപ്പോഴേയ്ക്കും കൗമാരം പുതു കുപ്പായവുമായി വന്നു. നനഞ്ഞ പാവാട ഞൊറിവുകളുടെ ചിത്രം വരച്ചിട്ട സ്കൂൾ ബഞ്ചുകളിലൂടെ വീണ്ടും ഓരോ ഇടവപ്പാതിയും തൻ്റെ വരവറിയിച്ചു………………… വൈകിയെത്തുന്ന രാത്രിവണ്ടിയിലെ പരിചിത മുഖത്തെ തേടിയ ബാലികയുടെ ചിത്രം പൊടി പിടിച്ച ചിത്രകഥാപുസ്തകങ്ങളിലൂടെ മനസ്സിലേയ്ക്കോടിയെത്തി…. ഉറക്കച്ചടവുള്ള കണ്ണുകളിൽ പ്രതിഫലിച്ച വെള്ളപുതച്ച രൂപം ജീവതത്തിൻ്റെ കണക്കുപുസ്തകത്തിലെ അക്കങ്ങളെ പാടെ തെറ്റിച്ചതുമൊരു ഇടവത്തിലായിരുന്നു……അച്ഛൻ്റെ മണമുള്ള പട്ടടയിലെ മണ്ണിനെ ഒഴുക്കി കളഞ്ഞ തോരാമഴ….. പെയ്തൊഴിയാത്ത കണ്ണുനീരാൽ അമ്മ മനസ്സിൽ വരഞ്ഞിട്ട നീറ്റലുകളെ തണുപ്പിക്കാനാവാതെ പോയ ആ മഴ പിന്നെയും ഇടതടവില്ലാതെ ജീവിതത്തിൽ പെയ്തു നിന്നു……….
……. മുറ്റം നിറയെ പെയ്തിറങ്ങിയസ്വർണ്ണ ത്തിളക്കമുള്ള മഴത്തുള്ളികൾ വീണ്ടും കൗമാര സ്വപ്നങ്ങളിലെന്ന പോലെ മാസ്മരികതയുണർത്തി..ഓടിൻവിടവിലൂടെ ഒഴുകിയുതിരുന്ന മഴ നനയിച്ച കൗമാര മനസ്സിൻ്റെ ലാവണ്യം.. മഴപക്ഷിയുടെ ചിലപ്പുകൾ താളമിട്ട മനസ്സിൻ്റെ ആന്തോളനം …… കടലാസു വള്ളത്തിൽ ഉറുമ്പുകൾക്ക് യാത്രയൊരുക്കിയ കൗമാരത്തിൻ്റെ ബാക്കിപത്രമായി മായാതെ ഇന്നും നിറഞ്ഞൊഴുകുന്ന തോടുകൾ ….. മറവിയിലാണ്ടുപോയ പരിചിത മുഖങ്ങൾക്കൊപ്പം മാഞ്ഞുപോയ കളിയിടങ്ങൾ നിറയെ ഇന്ന് തെങ്ങിൻ കൂട്ടങ്ങൾ…. ഒറ്റപ്പെടലിൻ്റെ കുളി ദിനങ്ങളിൽ വിലക്കിട്ട സർപ്പ പറമ്പിലെ ഊഞ്ഞാൽ കളികളെ കൗതുകമോടെ കണ്ടിരുന്ന നിമിഷങ്ങൾ . ഇന്നിൻ്റെ സ്നേഹരാഹിത്യം വെട്ടിത്തെളിച്ച സർപ്പക്കാവുകൾക്കൊപ്പം മറഞ്ഞിരുപ്പുണ്ടാവും ദൈവത്താൻമാരും..
…പിന്നെയുംകാലമൊരു മഴയിലൂടെ മരണത്തിൻ്റെ താക്കോലുമായി, വാത്സല്യത്തിൻ്റെ അമ്മ നിമിഷങ്ങളെ കവർന്നു;ഒരു ഹൃദയദൂരത്തിനപ്പുറം മരണവും ജീവിതവും കൈകോർത്തപ്പോൾ…. ………പുതുമണ്ണിൻ്റെ സുഗന്ധം പേറി സ്വപ്നങ്ങൾക്ക് സൗന്ദര്യവുമായി ജീവിതത്തിൻ്റെ വഴിയിടങ്ങളിലേയ്ക്ക് നടന്നുകയറിയതും ഒരു ഇടവപ്പാതിയിലായിരുന്നല്ലോ…………. മനസ്സിൽകെട്ടുപിണഞ്ഞ മഴയോർമ്മകൾക്കൊപ്പം ഉറങ്ങാൻ കിടക്കുമ്പോഴും ദൂരെചീവീടുകളും തവളകൂട്ടങ്ങളും മഴയുടെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *