അദ്ധ്യായം 16
കാര്‍മേഘങ്ങള്‍
സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍പറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു. അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ. അവന്‍ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്‍റെ കുടലെല്ലാം തുറിച്ചുപോയി. അതു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്‍ദാമാ എന്നു പേര്‍ ആയി.
-അപ്പോസ്തോലന്മാരുടെ പ്രവൃത്തികള്‍, അധ്യായം 1
ലൂയിസിനൊരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു.
ഉണങ്ങി വരണ്ടു കിടന്ന വികാരം മിടിച്ചുതുടങ്ങി.
ആകാശത്തുണര്‍ന്ന മഴവില്ലുപോലെ മനസ്സും തെളിഞ്ഞു.
മഴയൊന്ന് ആര്‍ത്തുപെയ്തിരുന്നെങ്കില്‍ വരണ്ടുണങ്ങിയ വികാരത്തിന്‍റെ ദാഹമടക്കാം.
അവളില്‍ മുഴുകി നില്‍ക്കവെ ഊതിയിട്ടും കെടാതെ നിന്ന ഒരു മെഴുകുതിരിയില്‍ തൊട്ട് കൈ അല്പം പൊള്ളി.
കൈ വലിച്ചെടുത്ത് വിരല്‍ വായില്‍ വെച്ച് അവളെ ആര്‍ത്തിയോടെ നോക്കി.
അവള്‍ വേഗത്തില്‍ ഫാന്‍ ഓണ്‍ചെയ്ത് പറഞ്ഞു.
“നല്ല ചൂട്! നിനക്ക് ചൂട് തോന്നുന്നില്ലേ?”
മുഖത്തെ മ്ലാനത പുറത്ത് കാട്ടാതെ പറഞ്ഞു.
“നല്ല ചൂടുണ്ട്.”
മനസ്സില്‍ പടര്‍ന്നു കയറിയ വികാരം ഉള്ളില്‍ വെച്ചു തന്നെ വീര്‍പ്പുമൂട്ടി മരിച്ചു. മനസ്സ് തളര്‍ന്ന നിമിഷങ്ങള്‍ അവള്‍ ഫാനിന്‍റെ മുന്നില്‍ നിന്ന് തണുത്ത കാറ്റുകൊണ്ട് നിന്നിട്ട് പറഞ്ഞു.
“നീ എന്താ മെഴുകുതിരി കെടുത്താത്തത്.”
അവള്‍ വേഗം ചെന്ന് കെടുത്തിയിട്ട് ഉപദേശിച്ചു.
“ജീവിതത്തില്‍ ആയുസ്സാണ് ആ തിരി. അത് കത്തികൊണ്ടുനിന്നാല്‍ ആയുസ്സൂ കുറയുമെന്നാണ് ചിലരുടെ വിശ്വാസം. എല്ലാവരും ആയുസ്സോടെ ജീവിക്കാനല്ലേ ആഗ്രഹിക്കുന്നത്. ദൈവത്തോട് ഈ കാര്യത്തില്‍ എനിക്ക് ദേഷ്യമാ.”
“ഉം. അതെന്താ?”
“ഈ മനുഷ്യര്‍ക്ക് കുറച്ചുകൂടി ആയുസ്സ് കൂട്ടികൊടുക്കാതെ ചുരുക്കികളഞ്ഞു.”
“അത് നന്നായി. ചില പെണ്ണുങ്ങള്‍ ഒരു യന്ത്രം പോലെയങ്ങ് പെറ്റുപെരുകുകയല്ലേ? ഈ രാജ്യത്തെ അമ്മമാര്‍ ഭാഗ്യമുള്ളവരാ. എത്ര പെറ്റാലും ചെലവിനുള്ള കാശും താമസ്സിക്കാന്‍ ഫ്ളാറ്റും പിള്ളാര്‍ക്ക് കൊടുക്കുന്നില്ലേ സര്‍ക്കാര്‍.”
അവളും സമ്മതിച്ചു. ചില മതസ്ത്രീകളുടെ ഗര്‍ഭപാത്രം യന്ത്രങ്ങള്‍ പോലെതന്നെ. ആ യന്ത്രം ക്ലാവ് പിടിച്ചിരിക്കുന്നതും അവള്‍ക്ക് ഇഷ്ടമില്ല. ഈ രാജ്യത്താകുമ്പോള്‍ അതൊരനുഗ്രഹമായി. ആ യന്ത്രപുരയിലെ പണിക്കൊന്നും എല്ലാം സ്ത്രീകളെയും ലഭിക്കില്ല. ഇവിടുത്തെ സ്ത്രീകള്‍പോലും അതിനെ മനഃപൂര്‍വ്വം അവഗണിക്കുന്നു. ഇവിടെയും കുടുംബജീവിതവും കുട്ടികളെ നന്നായി പരിപാലിക്കുന്നവരുമുണ്ടെങ്കിലും കൂടുതല്‍ പേരും കുടുംബജീവിതം നയിക്കുന്നത് ആമയുടെ തലപോലെയാണ്. എന്തെങ്കിലും പന്തികേട് തോന്നിയാല്‍ തല ഉള്ളിലേയ്ക്ക് വലിച്ചു കളയും.
അവളുടെ കണ്ണകളില്‍ തന്നെ അവന്‍ നോക്കിനിന്നു.
അവളുടെ മനസ്സുനിറയെ കുടുംബവും കുഞ്ഞുങ്ങളുമായിരുന്നു. അവള്‍ അവനെ സംതൃപ്തിയോടെ നോക്കി. അവള്‍ പെട്ടെന്ന് ചെന്ന് അവന്‍റെ ചുണ്ടുകളില്‍ തുരുതുരാ ചുംബിച്ചു. ആ സ്നേഹലഹരിയില്‍ അവരുടെ ഹൃദയം ത്രസിച്ചു. വികാരം അവനെ വേട്ടയാടുന്നുവെങ്കിലും ശരീരത്തെ ബലി കഴിക്കാന്‍ തയാറല്ലായിരുന്നു.
അവള്‍ അവന്‍റെ കണ്ണുകളില്‍ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.
“കുടുംബജീവിതത്തെപ്പറ്റി നിന്‍റ കാഴ്ചപ്പാട് എന്താണ്?”
ഭക്തിപാരവശ്യത്തോടെ അവന്‍ പറഞ്ഞു.
“ഭാര്യ ഭര്‍ത്താവിനെ പൂജിക്കുന്നവളായിരിക്കണം.”
ആ ഉത്തരം അവള്‍ക്ക് തൃപ്തകരമായി തോന്നിയില്ല. ഇഷ്ടപ്പെടാതെ ചോദിച്ചു.
“ഭര്‍ത്താവ് ആരാടാ ദൈവമോ, പൂജിക്കാന്‍? ഭര്‍ത്താവിനൊരു ഭക്തയെ പൂജിക്കാന്‍ വേണമല്ലേ. ങാ നീ ഇന്ത്യയില്‍നിന്നല്ലേ വന്നത്. കുറെ പൂക്കള്‍ കൂടി കൊണ്ടുവരാമായിരുന്നില്ലേ പൂജിക്കാന്‍. മോനേ ലൂയി ഇവിടെ ഭാര്യയേയാണ് ഭര്‍ത്താവ് പൂജിക്കുന്നത്. നിനക്കറിയാമോ?” “നിന്‍റെ കാഴ്ച്ചപ്പാട് എന്താണ്?” അവന്‍ ചോദിച്ചു.
“വിവാഹജീവിതം ഒരു ദൃഢമായ ബന്ധമാണ്. ബന്ധനങ്ങളെ അകറ്റി ഒന്നാക്കുന്ന ബന്ധം. അവരെ ദൈവം കൂട്ടിയോജിപ്പിച്ചതാണ്. അവരെ വേര്‍പിരിക്കാന്‍ ആര്‍ക്കുമാവില്ല.”
“അങ്ങനെയെങ്കില്‍ ഇന്ത്യയിലേക്കാള്‍ ഇവിടെയല്ലേ ഡൈവേഴ്സ് കൂടുതല്‍ നടക്കുന്നത്?”
“ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും അടിമകളല്ലേടാ. ഇവിടുത്തെ സ്ത്രീകള്‍ സ്വതന്ത്ര്യം പുരുഷനെപ്പോലെ അനുഭവിക്കുന്നവരാണ്. പിന്നെ ഡിവോഴ്സ് അത് ഇവിടെയായാലും ഇന്ത്യയിലായാലും ഒറ്റ ഉത്തരമേ അതിനുള്ളൂ. നിനക്ക് പറയാമോ?”
അവന്‍ അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി പറഞ്ഞു.
“പണക്കൊതി, മദ്യപാനം, ദുര്‍ന്നടപ്പ്.”
“നിന്നോട് ഒറ്റ ഉത്തരം പറയാനേ പറഞ്ഞുള്ളൂ.”
“എനിക്ക് ഇതൊക്കെ അറിയു.”
“ഒരു എംബിഎക്കാരന്‍ എന്തിനാണ് പള്ളിയില്‍ പോണേ? എടാ മണ്ടന്‍ ശിരോമണി. അതിന്‍റെ ഉത്തരം ഇതാണ്, പിശാച് അല്ലെങ്കില്‍ ചെകുത്താന്‍. അവന്‍റെ കുതന്ത്രത്തില്‍ വീഴുന്ന എതൊരു വ്യക്തിയും നീ പറഞ്ഞ ദുര്‍ന്നടപ്പില്‍ വീഴുന്നവരാണ്. എടാ പള്ളിയില്‍ അച്ചന്മാര്‍ പ്രസംഗിക്കുമ്പോള്‍ നിന്‍റെ മനസ്സ് എവിടെയാ. ഓ എങ്ങോ പ്രണയിക്കാന്‍ പോയിരിക്കുകയല്ലേ.”
“സത്യത്തില്‍ നീ പറഞ്ഞത് ശരിയാ പള്ളിക്കുള്ളിലും ഈ ചെകുത്താന്‍ എങ്ങനെ വരുന്നുവെന്ന് പലപ്പോഴും ഞാനും ചിന്തിച്ചിട്ടുണ്ട്.”
“ങാ നിന്നെപ്പോലുള്ളവനേയാണ് ചെകുത്താന് വേണ്ടത്. നിന്നോട് ഒന്നുകൂടി പറയാം. ഭാര്യയും ഭര്‍ത്താവും രണ്ട് അഭിപ്രായക്കാരണെങ്കിലും അവരുടെ തീരുമാനം ഒന്നായിരിക്കും. പാലില്‍ വെള്ളംചേര്‍ത്താല്‍ എന്താടാ പാലോ വെള്ളമോ?”
അവളെ ഉള്‍ക്കൊള്ളാനാകതെ വിസ്മയത്തോടെ നോക്കി.
അവള്‍ പറഞ്ഞു, പാലുതന്നെ.
കുടുംബജീവിതത്തെപ്പറ്റി അവള്‍ക്ക് സുന്ദരമായ കാഴ്ചപ്പാടാണ് അവര്‍ക്കുള്ളത്. രണ്ട് അഭിപ്രായമുണ്ടെങ്കിലും അവിടെ ഒരു സമന്വയം നടക്കുന്നു. തീരുമാനം ഒന്നാകുന്നു. ഒന്നായിത്തീരാനുള്ള മനോഭാവം. അവന്‍റെ മനസ്സ് പെട്ടെന്ന് ഭഗവദ്ഗീതയിലേയ്ക്ക് പോയി. അവന്‍ അവളോടു പറഞ്ഞു.
“ഗീത എഴുതിയ വ്യാസമഹര്‍ഷി അതില്‍ ‘ഉം’ എന്ന് പറയുന്നുണ്ട്. രണ്ട് വ്യത്യസ്ഥ കാര്യങ്ങളെ ഒന്നാക്കുന്നു. ഇംഗ്ലീഷില്‍ ആന്‍റ് എന്ന് ചേര്‍ക്കാറില്ലേ. നീ പറഞ്ഞത് തന്നെ.”
അവളുടെ മുഖം ഒരു തെളിഞ്ഞ ആകാശം പോലെയായി.
“നീ ഗീത പഠിച്ചിട്ടുണ്ടോ?”
“പഠിച്ചിട്ടില്ല. പക്ഷേ വായിച്ചിട്ടുണ്ട്.”
“ക്രിസ്ത്യാനികള്‍ അത് വായിക്കാറുണ്ടോ?”
“ക്രിസ്ത്യാനിയുടെ കാര്യമൊന്നും എനിക്കറിയില്ല. വിശുദ്ധ പുസ്തകങ്ങള്‍ എല്ലാം കുറെ അറിഞ്ഞിരിക്കണമെന്നാണ് എന്‍റെ തിയറി.”
അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടര്‍ന്നു. അവന്‍റെ തലയിലും വെളിപ്പെടുത്താന്‍ ധാരാളമുണ്ടെന്ന് തോന്നി. അവള്‍ സ്വരമുയര്‍ത്തി ചോദിച്ചു.
“എനിക്കീ ഗീതയൊന്ന് വായിക്കാന്‍ കിട്ടുമോ?”
“കിട്ടുമല്ലോ. അടുത്തവര്‍ഷം നാട്ടില്‍ പോകുമ്പോള്‍ വാങ്ങിക്കൊണ്ടുവരാം.”
അവള്‍ ഒരു കഷണം കേക്ക് കൂടി മുറിച്ചെടുത്ത് കഴിച്ചിട്ട് പകുതി അവന്‍റെ വായിലും വെച്ചുകൊടുത്തു. അവള്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഒരു ഷര്‍ട്ട് എടുത്ത് അവന്‍റെ നേര്‍ക്ക് നീട്ടിയിട്ടിട്ട് പറഞ്ഞു,
“നിനക്ക് വാങ്ങിയതാ. തരാന്‍ മറന്നു. ഈ പൂച്ചെടിയും നിനക്ക് വേണ്ടി വാങ്ങിയതാ.”
അവന്‍റെ ഉള്ളില്‍ സ്നേഹവും സന്തോഷവും ഇരട്ടിയായി. അല്പനേരം പകച്ചു നിന്നിട്ടാണ് ഷര്‍ട്ട് വാങ്ങിയത്. അവന്‍റെ കണ്ണുകള്‍ അവളില്‍ തറഞ്ഞു നിന്നു.
അവള്‍ വാച്ചിലേയ്ക്ക് നോക്കി. പോകാന്‍ സമയമായിരിക്കുന്നു.
“നിന്‍റെ ഒരു പാട്ട് കൂടി കേട്ടാല്‍ എനിക്കങ്ങ് പോകാമായിരുന്നു.”
അവന്‍ വയലിനില്‍ ഒരു ഗാനം പാടി. അത് നിലാവില്‍ തലചായിച്ചുറങ്ങുന്ന താഴ്വാരങ്ങളിലെ പ്രണയിനികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ അവള്‍ പുഞ്ചിരിച്ചു.
ഗാനം തീരാറായപ്പോള്‍ ഡോര്‍ ബെല്‍ മുഴങ്ങി. ആരായിരിക്കും. കൂട്ടുകാര്‍ ആരെങ്കിലുമായിരിക്കുമെന്ന് കരുതി അവന്‍ പോയി കതക് തുറന്നു. മുന്നില്‍ ചിരിക്കുന്ന മുഖവുമായി കത്തനാര്‍. അവനും ചിരിച്ചു. അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ലിന്‍ഡ കത്തനാരെ വന്ദനമറിയിച്ചു. രണ്ടുപേരെ അടച്ചിട്ട മുറിക്കുള്ളില്‍ കണ്ടപ്പോള്‍ ആരിലും സംശങ്ങളേ ഉണ്ടാകു. എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയില്ലായിരുന്നു. കത്തനാരുടെ കൂപ്പായ പോക്കറ്റില്‍ കരുതിയിരുന്നു ഒരു പൂച്ചെണ്ട് കൊടുത്തിട്ട് ജന്മദിനാശംസകള്‍ നേര്‍ന്നു. അവന്‍ നന്ദി പറഞ്ഞുവെങ്കിലും ഉള്ളില്‍ ആശങ്കകള്‍ വര്‍ദ്ധിച്ചു വന്നു. അവള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കത്തനാര്‍ എന്ത് ചിന്തിക്കുമെന്നും ചിന്തിച്ചില്ല. അവളുടെ മുഖം വികസിച്ചുതന്നെ നിന്നു.
“ഫാദറിന് ഇവിടെയെത്താന്‍ ബുദ്ധിമുട്ടിയോ?”
അവള്‍ ചോദിച്ചു. അവന്‍ പരവശനായി നോക്കി. കത്തനാര്‍ എന്തായിരിക്കും കരുതുക. പള്ളിയിലെ എല്ലാം കാര്യങ്ങളിലും ഇടപെടുന്ന രണ്ട് പേര്‍ ഇങ്ങനെ അവനത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല.
“ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഇന്ന് ലൂയിസിന്‍റെ ജന്മദിനമല്ലേ. അതാ ഇങ്ങോട്ട് വന്നത്?”
അവന്‍ തളര്‍ന്ന മനസ്സോടെ നോക്കി. അവള്‍ ഒരുകേക്ക് കഷ്ണം മുറിച്ച് കത്തനാര്‍ക്ക് കൊടുത്തു. കഴിച്ചുകൊണ്ടിരിക്കെ പറഞ്ഞു.
“നിങ്ങളെ ആദ്യം കണ്ടപ്പോള്‍ കരുതിയത് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നായിരുന്നു. ഇപ്പോള്‍ ഞാനറിയുന്നു നിങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. സത്യമല്ലേ?”
ലൂയിസിന്‍റെ ഇരുണ്ടിരുന്ന മുഖമൊന്ന് വെളുത്തു. കത്തനാര്‍ ഇതെങ്ങനെ മനസ്സിലാക്കി. ഈ ഭൂമിയില്‍ മറ്റൊരാള്‍ക്കും ആ സത്യം അറിയില്ല. അവിടെ ഒരു നിശ്ശബ്ദത പരന്നു. ലൂയിസും ലിന്‍ഡയും കണ്ണില്‍ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു.
“അതെ ഫാദര്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറമുള്ള ബന്ധം ഞങ്ങള്‍ക്കു തമ്മില്‍ ഇല്ല.” ലൂയി അറിയിച്ചു.
കത്തനാര്‍ ചിരിച്ചിട്ടു പറഞ്ഞു. “മണ്ണെണ്ണയും തീയും ഒന്നിച്ചാല്‍ എന്താണ്, കത്തും. ആ കാര്യം മറക്കരുത്. പ്രേമം നിഷ്ക്കളങ്കവും വിശുദ്ധവുമായിരിക്കണം. കാമത്തിന് കീഴ്പ്പെടുന്നതല്ല സ്നേഹം.”
കത്തനാരുടെ മുമ്പില്‍ ഈ ബന്ധത്തിന്‍റെ ചുരുളഴിക്കാന്‍ അവള്‍ തീരുമാനിച്ചു.
“സത്യം പറഞ്ഞാല്‍ എനിക്ക് ലൂയിസിനെ വിവാഹം കഴിക്കണമെന്നുണ്ട്.”
ലൂയിസ് ആശ്ചര്യപ്പെട്ട് നോക്കി. പെരുമഴയത്ത് കളിച്ചുല്ലസിക്കുന്ന ഒരനുഭവം. എന്നോടു പോലും അവളിതു വരെ പറഞ്ഞിട്ടില്ലാത്ത കാര്യം, അവന്‍ ഓര്‍ത്തു. അവളുടെ നാവില്‍ നിന്നത് കേട്ടപ്പോള്‍ തൊണ്ട വരണ്ടതുപോലെയായിരുന്നു. മനസ്സ് കുലുങ്ങിയോ ഭൂമി കുലുങ്ങിയോ എന്നുപോലും തോന്നിയ അവസ്ഥ. അവന്‍റെ ചുണ്ടുകള്‍ വിറക്കുന്നത് കത്തനാര്‍ നേരില്‍ കണ്ടു.
“നിങ്ങളുടെ സ്നേഹം ഈ നില്ക്കുന്ന ചെടിയെപ്പോലെയാണ്. മനസ്സുകൊണ്ടുള്ളത് വെറും താഹ്പര്യങ്ങളാണ്. എല്ലാവരും സ്നേഹിക്കുന്നു. എന്നാല്‍ സ്നേഹമില്ല. നിങ്ങള്‍ സ്നേഹം അനുഭവിക്കുന്നത് ഒരു നന്മ ചെയ്യുമ്പോഴാണ്. സ്നേഹം വാങ്ങുന്നതിനെരക്കാളുപരി കൊടുക്കുന്നതാണ്. മനസ്സിന്‍റെ ഇഷ്ടം നന്മ ചെയ്യുമ്പോഴാണ്. നിങ്ങള്‍ ചെടിക്ക് വെള്ളം കോരുന്നു. അതൊരു കൊടുക്കുന്ന പ്രവൃത്തിയാണ്. അല്ലാതെ വാങ്ങുന്നതല്ല. വെള്ളവും വളവും ലഭിച്ച് പൂക്കളാകുമ്പോള്‍ സ്നേഹം നിങ്ങള്‍ തിരിച്ചറിയുന്നു. ആ മണം ഒരാത്മാവുപോലെ നിങ്ങള്‍ അനുഭവിക്കുന്നു. എനിക്കൊന്നേ പറയാനുള്ളൂ. സ്നേഹമില്ലാത്തതിന്‍റെ പേരില്‍ ഈ മണ്ണില്‍ പ്രശ്നങ്ങളാണ്. നിങ്ങളുടെ സ്നേഹവും ആ പട്ടികയില്‍ വരാതെ സൂക്ഷിച്ചുകൊള്ളണം. ദൈവമക്കള്‍ക്ക് ദൈവം പങ്കാളിയെ കണ്ടെത്തിക്കൊടുക്കും. എന്‍റെ ഇന്നത്തെ സുവിശേഷഘോഷണം മയിലന്‍റ് റയില്‍വേ സ്റ്റേഷന് മുന്നിലാണ്. എനിക്കുടനെ പോകണം. ലൂയിസിനായി നമുക്കൊന്ന് പ്രാര്‍ത്ഥിക്കാം.”
കത്തനാര്‍ തറയില്‍ ഒരു പേപ്പര്‍ നിവര്‍ത്തിയിട്ട് മുട്ടിന്‍ മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചു. ലൂയിസിന്‍റെ കുടുംബാംഗങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ലൂയിസിനും ലിന്‍ഡയ്ക്കും ശോഭനമായൊരു ഭാവിക്കും പ്രാര്‍ത്ഥിച്ചു. ആരും നിന്‍റെ യൗവ്വനം തുച്ഛീകരിക്കയും വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിര്‍മ്മലതയിലും മനുഷ്യര്‍ക്ക് മാതൃകയായിരിക്ക.
കത്തനാര്‍ തറയില്‍ നിന്ന് എഴുന്നേറ്റ് അവരെ നോക്കി. അവരുടെ മുഖം ആഹ്ലാദത്താല്‍ നിറഞ്ഞിരുന്നു. അവന്‍ പറഞ്ഞു.
“ലിന്‍ഡ പറഞ്ഞ കാര്യം ഫാദര്‍ ആരോടും പറയരുത്.”
കത്തനാരൊന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു.
“അതിന് നിങ്ങള്‍ വിവാഹം ഉടനെ നടത്തുന്നില്ലല്ലോ. അത് നടക്കാതെ ആരോട് എന്ത് പറയാനാണ്.” അത് കേട്ടപ്പോഴാണ് അവന്‍റെ ശ്വാസം നേരേ വീണത്. അവള്‍ വലിയൊരു കൊടുങ്കാറ്റാണ്. അഴിച്ച് വിട്ടിരിക്കുന്നത്. അത് ആഞ്ഞടിച്ചാല്‍ എന്‍റെ ജീവിതവും ചുഴറ്റി എറിയപ്പെടും. ധാര്‍മ്മികമായ ഒരു പിന്‍താങ്ങല്‍ അവന്‍ കത്തനാരില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അവടെ പപ്പയറിഞ്ഞാല്‍ പിന്നീട് ഒരു യുദ്ധമായിരിക്കും. ആ യുദ്ധത്തില്‍ എന്‍റെ നേര്‍ക്കു വരുന്ന തീയമ്പുകളെ തടയാന്‍ കത്തനാര്‍ക്ക് കഴിയും. അതൊരു സാദ്ധ്യത മാത്രം. അങ്ങനെയൊരവസ്ഥയിലേക്ക് പോകേണ്ടിവരുമെന്ന് തോന്നുന്നില്ല. ഇവിടെ പ്രണയബന്ധങ്ങള്‍ ഒരു കൊടുങ്കാറ്റുപോലെയാണ്. ആ നില്ക്കാത്ത ഒഴുക്കില്‍ കാമുകി കാമുകന്മാരുണ്ട്, ഭാര്യാഭര്‍ത്താക്കന്മാരുണ്ട്. ഒന്നിച്ച് ഭാര്യാഭര്‍ത്താക്കന്മാരേപ്പോലെ താമസിക്കുന്നവരുമുണ്ട്. ആ കുത്തൊഴുക്കില്‍ നീന്തിതുടിക്കുന്നവരും നിലയില്ലാ കയത്തില്‍ മുങ്ങി താഴുന്നവരും, നീന്തി രക്ഷപ്പെടുന്നവരുമുണ്ട്. ഇവരെ മുക്കിക്കൊല്ലാനോ രക്ഷപ്പെടുത്താനോ മാതാപിതാക്കള്‍ കടന്നു വരാറില്ല. കത്തനാര്‍ പുറത്തേക്ക് ഇറങ്ങാനൊരുങ്ങുമ്പോള്‍ ലൂയിസ് പറഞ്ഞു.
“ഞാനും കൂടി വരട്ട ഫാദറിന്‍റെ കൂടെ?”
“താത്പര്യമുണ്ടെങ്കില്‍ വന്നോളൂ.”
ലിന്‍ഡ മേശപ്പുറത്തിരുന്ന ഏതോ നോവലുകള്‍ എടുത്തുകൊണ്ട് അവര്‍ക്കൊപ്പം പുറത്തിറങ്ങി. അവന്‍ കതക് പൂട്ടി റോഡിലേയ്ക്കിറങ്ങി. കത്തനാരും ലൂയിസും കാറിലേയ്ക്ക് കയറി. രണ്ടുപേരും അവള്‍ക്ക് ബൈ പറഞ്ഞു. കാര്‍ മുന്നോട്ടു പോയി. കാര്‍ മുന്നില്‍ നിന്ന് മാറുന്നതുവരെ ഏതോ ധ്യാനത്തിലെന്നപോലെ അവള്‍ നോക്കിനിന്നു. മനസ്സില്‍ കുളിര്‍മ്മ തോന്നി. കണ്ണുകള്‍ക്ക് ആത്മാവില്‍ വിരിഞ്ഞ മന്ദഹാസം.
മൈലന്‍റ് റയില്‍വേ സ്റ്റേഷന് മുന്നിലായി വിശുദ്ധ വേദപുസ്തകം കൈയ്യില്‍ പിടിച്ച് കത്തനാര്‍ സ്റ്റേഷനിലേയ്ക്ക് വരുന്നവരോട് പോകുന്നവരോടുമായി യേശുക്രിസ്തുവാണ് നമ്മുടെ രക്ഷകനെന്നും യേശു വലിയ വില കൊടുത്താണ് മനുഷ്യരെ വില/റക്ക് വാങ്ങിയതെന്നും കുഞ്ഞാടിന്‍റെ വിലയേറിയ രക്തം നിങ്ങള്‍ തിരിച്ചറിഞ്ഞ് പാപങ്ങളില്‍ നിന്ന് വിടുതല്‍ പ്രാപിക്കണമെന്നും ഇംഗ്ലീഷില്‍ പ്രസംഗിച്ചുകൊണ്ടുനിന്നു. അതിനടുത്തായി ലൂയിസും.
വഴിയാത്രക്കാര്‍ ചെറിയൊരു കൗതുകത്തോടെ, വെള്ളക്കുപ്പായമണിഞ്ഞ് നിന്ന് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന ഏഷ്യന്‍ പുരോഹിതനെ നോക്കി. ചില കറുത്ത ആഫ്രിക്കക്കാര്‍ കത്താനാരുടെ പ്രസംഗത്തില്‍ ലയിച്ചു നിന്നു. മറ്റുള്ളവര്‍ക്ക് വീട്ടിലെത്താനും യാത്രയ്ക്കുള്ള തിരക്കുമായിരുന്നു.
കത്തനാര്‍ താമസിക്കുന്ന പള്ളിമേടയ്ക്ക് മുന്നില്‍ കാളിംഗ് ബെല്ലില്‍ ഇടയ്ക്കിടെ വിരലമര്‍ത്തി കതക് തുറക്കാനായി ഹെലന്‍ കാത്തു നിന്നു. പള്ളിക്ക് മുന്നിലുള്ള കാര്‍ പോര്‍ച്ചില്‍ കാര്‍ ഇല്ലെന്നറിഞ്ഞിട്ടും ഇവള്‍ എന്തിനാണ് ഇവിടെ നില്ക്കുന്നത്? റോഡിനരികില്‍ കണ്ണുകള്‍ വിടര്‍ത്തി കാറിനുള്ളിലിരുന്ന് രണ്ട് പേര്‍ അത് വീക്ഷിക്കുന്നുണ്ടായിരുന്നു.
About The Author
Related posts:
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 13 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 11 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 9 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 7 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 4 – (കാരൂര്‍ സോമന്‍)