LIMA WORLD LIBRARY

കുമ്മാട്ടിക്കളി – റബീഹ ഷബീർ

അവളുടെ സ്വപ്നങ്ങൾക്കുമേൽ
വളർന്നു നിൽക്കുന്നൊരു
പടുമരമെന്ന്
ഹൃദയമെപ്പോഴും ശബ്ദിക്കും.
അമ്മയെന്നും അച്ഛനെന്നും
കൊതിക്കുന്ന ഹൃദയത്തിലൊരു
ക്ഷതം കല്ലച്ചിരിക്കും.

ചിരിയൊച്ചകളുടെ ഓർമ്മകളിൽ
കണ്ണീരിൽ നനഞ്ഞ
ചിരിയുടെ പടക്കങ്ങൾ
അവളുടെ ചുണ്ടിൽ
തണുത്തുകിടക്കും.
വിഷാദത്തിന്റെ കറപ്പറ്റിയ
ചുണ്ടുകൾ ഒട്ടിപ്പിടിച്ചിരിക്കും.

സമുദ്രം അലയടിക്കുന്ന
അവളുടെ കണ്ണുകൾ
എന്റെ അടിവേരുകളിൽ
സ്വപ്നങ്ങൾ തിരയും.
ഒരു ചിരിയുടെ
വള്ളുതേടി ഞാനിറങ്ങും.

അച്ഛന്റെ വേഷം കൊതിക്കുന്ന
നെഞ്ചിൻകൂടിനു പുറത്ത്
കുമ്മാട്ടിപ്പുല്ലുകൾ ഒട്ടിപ്പിടിക്കും.

മുറിവുകളുടെ
ഉറവപൊട്ടിയൊഴുകും മുമ്പ്
കമുകിൻ പാളകൾ
മുഖം മൂടിയുടെ ചമയത്തിനൊരുങ്ങും.
‘പൂത്തുമ്പികളേ.. ഓടിവായോ’
എന്ന് കൊതിയൂറുന്ന
ചായങ്ങൾ തേച്ചുവെക്കും.

ഹൃദയം പോലെ ചെണ്ടയിൽ
ഒച്ച കനക്കുമ്പോൾ
തുമ്പിക്കൂട്ടം പാറിയടുക്കും.
കുഞ്ഞിക്കാലടി താളം ചവിട്ടും.

ശിവന്റെയീ കിരാത രൂപിക്ക്
അവൾക്കൊരു വരം
കൊടുക്കാനായെങ്കിലെന്ന്
മുഖംമൂടിയുടെ അകക്കണ്ണു വേവും.

കുമ്മാട്ടിക്കോലങ്ങളിലൊന്നിൽ
ഞാനും,
വീടുവീടാന്തരം കയറി ഇറങ്ങുന്ന
പാട്ടും നൃത്തവും
അവളിലേക്കുമെത്തും.

വർഷത്തിലൊരിക്കൽ
ആ കണ്ണുകളിൽ വസന്തം വിരിയും.
ചുണ്ടുകൾ ചന്ദ്രക്കല പോലെ വളയും!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px