സാഹിത്യനിർവ്വേദം – അഡ്വ: അനൂപ് കുറ്റൂർ

Facebook
Twitter
WhatsApp
Email

സഹിതഭാവനയുണരുമുഷസ്സിൽ
സുരഭില ചിന്തകളുണരുമ്പോൾ
സംഗമാർന്നഅക്ഷരജാലങ്ങൾ
സ്ഫുരണമായഗ്നികണങ്ങളായി.

സ്ഥിരതയുള്ളൊരു സീമന്തിനിയോ
സ്നേഹമായുള്ളിൽനിറയുമ്പോൾ
സുന്ദരവാണിയനുപദമൊഴുകി
സാഹിത്യഋക്ഷരമായലിയുന്നു.

സുഖസുഷുപ്തിയിലെന്നുൾത്തടം
സൂത്രധാരനായിയൊരുങ്ങുമ്പോൾ
സമസ്യകളൊരുപാടുതിരകളായി
സരസസാഗരഭാവനാങ്കുരമായി.

സിദ്ധികളോരൊന്നും സീമാതീതം
സ്വർഗ്ഗസ്മൃതികളുണർത്തുമ്പോൾ
സ്വപ്നവാസന്തവാഗ്ദത്തഭൂമിയിൽ
സർഗ്ഗാശ്വമായിതേരുതെളിക്കാനായി.

സ്വർഗ്ഗഭൂമികയൊരപ്സ്സരസ്സായി
സ്വരരാഗസുധയിലലിഞ്ഞലിഞ്ഞ്
സുഭഗനൃത്തനമാടാനായൊരുങ്ങി
സരസസാഗരരചിലങ്കയണിയുന്നു.

സാക്ഷികളായി ഹരിതതാരുക്കൾ
സുഗന്ധവാഹിനീ സുഖസ്വരൂപമായി
സ്രോതസ്വിനിയമ്മയാമോദമോടെ
സംഗീതസ്വരമാധുരിയായീടുന്നു.

സ്കന്ധങ്ങളായനുപദനടനത്തിൽ
സന്ദേശകാവ്യരസസിദ്ധാന്തമായി
സർവ്വജ്ഞനടനരാജരത്നമായി
സഹൃദയമാനസേരമിക്കാനായി.

സൃഷ്ടിയിലെ ചേതനാഭാവങ്ങൾ
സമരസമോടെ സ്പന്ദിക്കാനായി
സ്വാധീനതയാൽ വശ്യതയാർന്ന്
സമഷ്ടിമന്ത്രമായിയലിയുന്നു.

സ്പുടശ്രാവ്യമനോഹരിയായവൾ
സ്വഭാവഗുണത്താലമലതയാലെ
സീമന്തമാല്യമണിഞ്ഞൊരുങ്ങി
സതീവൃതയായിത്തീരാനായന്ത്യം.

സ്നിഗ്ധതയാലെന്നിലിണങ്ങി
സ്തുതമാർന്നുന്നൊരുഹൃദയം
സോമലതയാർന്നുദ്യാനത്തിൽ
സുമതിയായങ്ങുവിലസീടാനായി.

സാഹിത്യസാവിത്രിയന്തരംഗത്തിൽ
സരസ്വതീ കമലത്തിലിരുന്നങ്ങു
സുഖനിദാനയായിയമരുമ്പോൾ
സുരവർണ്ണിനിസ്വരവീണയായി.

സ്തോമത്തിനായൊരഗ്നിഹോത്രി
സ്ഥാനത്തിരുന്നാഹൂതിക്കായി
സ്മൃതിമന്ത്രങ്ങളുരുവിടുമ്പോൾ
സ്നേഹദുന്ദുഭിയുണരുന്നനന്തം.

സാരമതിയർച്ചനാദ്രവ്യവുമായി
സ്തുതിയാലർച്ചനചെയ്തീടുമ്പോൾ
സ്വരിതമുദാത്തമനുദാത്തസാമമായി
സ്വാന്തനമാനസമാകെ നിറയുന്നു.

സോപാനഗീതം പാടുന്ന പ്രകൃതി
സ്വാത്തിക ഭാവമായി മാറീടുമ്പോൾ
സാഹിതീരസലയധ്വനിതരംഗമായി
സമ്മോഹനത്താലാറാടീടാനായി.

സഹൃദയഭാവമോടാരാധനയാൽ
സായൂജ്യമായാത്മനിർവൃതിയിൽ
സിദ്ധിധാത്രിയായിയനുഭൂതിയാൽ
സ്വരകമലസാഹിത്യനിർവ്വേദമായി.


രചന: അഡ്വ: അനൂപ് കുറ്റൂർ

About The Author

Leave a Reply

Your email address will not be published. Required fields are marked *