LIMA WORLD LIBRARY

“തടവറ വാതിൽ തുറക്കുംനേരം” ചാക്കോ ഡി അന്തിക്കാട് (മാർച്ച് 8 ‘ലോക വനിതാ ദിന’ത്തോടനുബന്ധിച്ചു നടത്തിയ കവിതാ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച കവിതയാണ് LNV(ലോക നാടക വാർത്തകൾ)

നിലവിളികൾ
തലതല്ലി വീണു മരിച്ച
വീടുകൾ കാണുമ്പോൾ…
തടവറകൾ
ഭേദമെന്നു തോന്നും…
മണിച്ചിത്രത്താഴുള്ള
അടഞ്ഞ
വാതിലുകൾ കാണുമ്പോൾ…
ഇന്നു ഞാൻ
കോൾമയിർക്കൊള്ളാറില്ല!
അടഞ്ഞ വാതിലുകളിലെ സാക്ഷകളിൽനിന്നും
ചുടു നിശ്വാസങ്ങളുടെ
ഞരക്കങ്ങൾ കേൾക്കാം!…

അടഞ്ഞ
വാതിൽപ്പഴുതിലൂടെ
നോക്കുമ്പോൾ…
വസന്തം പെട്ടെന്നു
ഗ്രീഷ്മമായപോലെ!
നിഴലുകൾ
പെരുകിയപോലെ!…
ഒന്നുകൂടി സൂക്ഷിച്ചു
നോക്കുമ്പോൾ…
മുറ്റത്തു മുഴുവൻ
പുരുഷ കേസരികളുടെ
കാൽപ്പാടുകൾ,
സർപ്പങ്ങളെപ്പോലെ
പത്തി വിടർത്തി,
വലിച്ചു തുറക്കപ്പെടുന്ന
വാതിലിലൂടെയുള്ള,
മുഷ്ടിചുരുട്ടിയ
സ്ത്രീകളുടെ
ആഗമനത്തിനായ്
കാവലിരിക്കുന്നുണ്ട്…
കൊത്തി വീഴ്ത്താൻ!…

മേൽക്കൊളുത്തുകളിൽ
എണ്ണമറ്റ സ്വപ്‌നങ്ങൾ
കുരുങ്ങിക്കിടപ്പുണ്ട്!…
വിജാഗിരികളിൽ
കാണുന്ന തുരുമ്പെല്ലാം…
എനിക്കു നഷ്ടമായ
കവി ഭാവനകളാണ്!
സ്വയം
പത്തി താഴ്ത്തിയ,
സ്വത്വം
നഷ്ടപ്പെട്ട ഭാവനകൾ!
മുരടിച്ച
കാവ്യബിംബങ്ങൾ!

ഏറ്റവും അപകടകരമായത്
കിടപ്പറ വാതിലാണ്!…
അതടയുന്ന ശബ്ദം
ഒരിടിമുഴക്കം പോലെ!
ആദ്യരാത്രി മുതൽ
ഈ നിമിഷം വരെ!…
കിടക്കയിൽ യുദ്ധമുറ
നടക്കുമ്പോൾ…
ഭയന്നു വിറച്ച വാതിലാണ്!
പക്ഷേ,
വാതിലുകൾക്ക്
സ്വയം
സാക്ഷ
നീക്കാനാവില്ലല്ലോ?

അടുത്ത ഭീഷണി
അടുക്കള വാതിൽ തന്നെ!
അതിനു കറുത്ത
ദുർഭൂതത്തിന്റെ ഛായ!
അടുക്കളപ്പോരാളികളുടെ
കൺത്തടങ്ങളിലെ കരി…
വാതിൽ
സ്വയം
ഏറ്റെടുത്തതായിരിക്കണം!
അടുക്കളയിലെ
ഉപകരണങ്ങൾക്കെല്ലാം
ഒരുപാടു സ്വകാര്യങ്ങൾ
പറയാനുണ്ടായിരിക്കും!
അതൊന്നു,മൊരിക്കലും
പുറത്തു കടക്കാൻ
പൂമുഖതമ്പ്രാന്മാർ
സമ്മതിക്കാറില്ല!
വാതിൽപ്പഴുതിലൂടെ
മർമ്മരങ്ങൾ…
നെടുവീർപ്പുകൾ…
പിറുപിറുക്കലുകൾ…
പരാതികൾ…
പുറത്തേക്കു കടക്കാൻ
തുടങ്ങുമ്പോൾ…
വാതിലിന്റെ സാക്ഷ
താനേ വലിഞ്ഞു
മുറുകിയടയും!
പുറത്തേക്കു തല നീട്ടിയ
എല്ലാ നെടുവീർപ്പുകളും…
നൊമ്പരങ്ങളും…
വാതിൽപ്പഴുതിലൂടെ
കഴുത്തു ഞെരിഞ്ഞമർന്ന്…
‘ഗില്ലറ്റി’നിൽ തലകൾ
വേർപ്പെട്ടു കിടക്കുന്ന
ശവശരീരങ്ങൾപോലെ!

പൂമുഖത്തെ
വാതിൽ തുറക്കുമ്പോൾ…
കപടനാട്യക്കാരായ
സന്ദർശകരെ
സ്വീകരിക്കുന്നതിന്റെ
മണിനാദവും…
സപ്തസ്വരങ്ങളും മുഴങ്ങും!
അതു വീടു മുഴുവൻ മുഴങ്ങും!
തീൻമുറിയുടെ വാതിൽ
ഞെട്ടി വിറക്കും!
കാരണം,വിരുന്നുകാർ
അപ്പം പങ്കുവെക്കുന്നതിനൊപ്പം…
‘കപ്പം’ കൊടുക്കുന്നതിനെക്കുറിച്ചു
മാത്രമായിരിക്കും…
‘ചിയേർസ്’ പറയും നേരം…
ആശംസകൾ കൈമാറുക!
ലാഭ-നഷ്ടങ്ങളുടെ
മാസ്മരക്കണക്കുകൾ
വാതിൽപ്പഴുതുകളിൽ,
വാല് അകത്തേക്കും…
തല പുറത്തേക്കുമായി…
(അല്ലെങ്കിൽ തിരിച്ചും)
നീണ്ടുപുളഞ്ഞു കിടപ്പുണ്ടാവും!

ഇന്നെനിക്കറിയാം…
ആകാശം നിറയെ
മേഘരൂപിയാം
തുറന്ന സ്വപ്നവാതിലുകൾ!
പക്ഷേ, ആ വാതിൽ തൊടാൻ
എനിക്കു ചിറകുകളില്ലല്ലോ!
സ്വാതന്ത്ര്യത്തിന്റെ
തിരമാലകളിൽ
നിരന്തരം…
നിഷ്ക്കാമ കർമ്മമായി
അടഞ്ഞു…തുറക്കുന്ന
വിയർപ്പുതുള്ളികൾ
ക്കൊണ്ടുണ്ടാക്കിയ
വാതിലുകളുടെ സമ്മേളനം!

എന്റെ ഭാവനയുടെ
വാതിലുകൾ
എന്നും ഞാൻ തുറന്നിടും…
അതിനു സാക്ഷകളില്ല…
കുറ്റിയും കൊളുത്തും
വിജാഗിരികളുമില്ല…
തുരുമ്പു പിടിക്കാൻ!
പക്ഷേ,
സ്വപ്നത്തിൽ മാത്രമേ…
ഭാവനയുടെ
ആകാശ വാതിൽ തുറന്ന്,
ഇബ്സന്റെ ‘പാവവീട്ടി’ലെ
‘നോറ’…ഇറങ്ങിവന്ന്…
എന്റെ നേരെ
കൈ നീട്ടാറുള്ളൂ!

“മഹത്തായ
ഭാരതീയ
അടുക്കള”
എന്ന സിനിമയിൽ…
അടിമത്തത്തിന്റെ
വാതിലുകൾ
അടയ്ക്കുന്നതും
തുറക്കുന്നതും…
എന്റെ തടവറയിലെ
ദു:സ്വപ്നങ്ങളിൽ
കഴുകന്റെ
ചിറകടികൾപ്പോലെ!…

“അമ്മേ…അച്ഛാ…
എന്നോടു ചോദിക്കാതെ
എന്തിനാണ്
എന്റെ ഇണയെ
നിങ്ങൾ തിരഞ്ഞെടുത്തത്?
അത്തരം ഇണകളുടെ
ചുണ്ടുകൾ
തടവറയുടെ
വാതിലുകളാണെന്ന്…
എത്രവട്ടം
ഞാൻ പറഞ്ഞതാ!
എന്നിട്ടും…
തറവാടിത്തവും
‘കുലസ്ത്രീ മഹിമ’യും
പറഞ്ഞ്
നിങ്ങൾ
മണിച്ചിത്രത്താഴുള്ള
പൂമുഖ വാതിൽ
കൊട്ടിയടച്ചു!
അതുകൊണ്ടല്ലേ…
ആദ്യ രാത്രിയിൽ
മദ്യപിച്ച്
എന്നെ ബലാത്സംഗം
ചെയ്യാൻ വന്ന
അയാളേയും
കൂട്ടുകാരനേയും
എനിക്ക്
കൊല്ലേണ്ടി വന്നതും…
ഈ തടവറവാതിൽ
എനിക്കു സ്വന്തമായതും!?

ചാക്കോ ഡി അന്തിക്കാട്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px