കാലത്തിന്റെ മുറ്റം – ഡോ. മിനി. എം.ആർ

Facebook
Twitter
WhatsApp
Email

ഓർമ്മയുടെ മുറ്റം നിറയെ
പൂക്കളുടെ സൗരഭ്യമാണെന്ന്
കാലമെന്തിന്
കള്ളം പറയണം?
വഴിയിലും തൊടിയിലും
വാക്കിന്റെ കാരമുള്ളുകൾ
കൊമ്പ് കോർത്തു നിന്ന കാലം,
മൗനമേ
നിന്റെ മുറിവിൽ
കാശിത്തുമ്പകൾ
കാര്യമറിയാതെ പൊട്ടിച്ചിതറി,
കരളിലൊട്ടിയ തൊട്ടാവാടികൾ
ഒന്ന് തൊട്ടപ്പൊഴേ
കൂമ്പിപ്പിടഞ്ഞു ,
വിരലിൽ ചുവപ്പ് പടർത്തിയെത്ര
റോസാ മുള്ളുകൾ
പ്രണയം പറഞ്ഞു
നിനക്ക് മാത്രമീ ആകാശമെന്ന്
മുകളിൽ നോക്കി
ആകാശമുല്ല മന്ത്രിച്ചു ,
നാഗഫണം പോലെ
നാവ് നീട്ടിയ
നിശാഗന്ധിവള്ളികളിൽ
സ്വപ്നങ്ങൾ ചുറ്റിവരിഞ്ഞു കിടന്നു ,
നാരകം നട്ടിടം
കൂവളം പട്ടിടം
പഴഞ്ചൊല്ല് ചൊല്ലിയാ വളർത്തുതത്ത,
ഓർമ്മകളെ
മായ്ച്ചും തെളിച്ചും
മഷിപ്പച്ചകൾ
വീണ്ടും തൊടിയിറങ്ങി,
ചിന്തകളുടെ
ചിതൽപ്പുറ്റുകളടർന്നപ്പോൾ
കണ്ണിൽ പൊടിഞ്ഞു ജീവരക്തം,
കിനാവിന്റെ
കറിവേപ്പിലത്തുണ്ട്
പരതിയിറങ്ങും നേരം
അടുക്കള മുറ്റത്തിപ്പൊഴും
നിൽപ്പുണ്ടാ
മുത്തശ്ശി മരം,
കാലത്തിൻ
കരിനിഴൽ പായയിൽ
കനലുകളുണങ്ങി
വിറങ്ങലിച്ചു കിടക്കുന്നൊരു
കറുത്ത ഭൂതകാലം.

ഡോ. മിനി. എം.ആർ
9447285447

About The Author

Leave a Reply

Your email address will not be published. Required fields are marked *