വായിക്കാത്ത പുസ്തകം – ER ഉണ്ണി

Facebook
Twitter
WhatsApp
Email
ഞാനോ
നീയോ
ആരാണ് വായിക്കപ്പെടാതെ പോയ പുസ്തകം.
സൂര്യന്റെ ചൂടും
ചന്ദ്രന്റെ തണുപ്പും
രാത്രിയുടെ ചേങ്ങിലത്താളവും
മറന്നു പോയല്ലോ നാം .
പ്രഭാതക്കുളിരാർന്ന കിടപ്പുമുറി പോലെ
ജീവിതം.
പേജുകൾ കെട്ടിപ്പിടിച്ചു കിടക്കുന്നു .
പഠിക്കാനുള്ള പേജുകളെക്കുറിച്ചോർക്കുമ്പോൾ
ഉറക്കത്തിന്റെ ഊഞ്ഞാലാട്ടത്തിൽ ഒരു പാനീസ് മുനിഞ്ഞു കത്തുന്നു.
നിന്റെ ചുണ്ടിലെന്റെ
ചുണ്ടുചേർന്നിരിക്കുന്നെങ്കിലും
ചുംബനങ്ങൾ വരണ്ടു പോയിരിക്കുന്നു.
ആമുഖം ,
അവതാരിക
ദീർഘ നിശ്വാസത്തോടെ കൊട്ടിയടച്ചവസാനിപ്പിക്കൽ, ഞെട്ടിത്തിരിഞ്ഞു പിൻമാറൽ,
ആവേശത്തിന്റെ ആശ്ലേഷത്തിലൊരു കല്ലുകടി
എല്ലാം മറന്നു പോയിരിക്കുന്നു.
ആദ്യം മുതൽ വേഗത്തിൽ വായിച്ചിരുന്ന നമ്മൾ
അവസാന പേജിൽ കിടന്ന് കിതച്ചുവോ?
അലസതയോടെ
മടുപ്പ് തിന്നു
മടുത്തു പോയോ?
ശരിയാണ്.
പുസ്തകം ആദ്യഭാഗങ്ങൾ ചിതലെടുത്തിരിക്കു
ന്നു –
ഒഴിവു സമയങ്ങളിൽ ചിതൽ കോരി വൃത്തിയാക്കുവാൻ
നമ്മൾ മറന്നുപോയിരിക്കുന്നു. നാം ആവേശത്തോടെ കോരിയെടുത്ത ജീവിത പുസ്തകം എവിടെയാണ് കളഞ്ഞു പോയത്. ‘
എവിടം മുതലാണ് ചിതൽ കേറിയത്, അകത്തുനിന്നോ പുറത്തു നിന്നോ ?
 ജീവിതപുസ്തകത്തിൻ്റെ –
വായിക്കാതെ പോയ ജാതകം
എവിടെയാണ് മറന്നു
വെച്ചത്?

About The Author

Leave a Reply

Your email address will not be published. Required fields are marked *