ഷീലാ ജോർജ്ജ് കല്ലടയുടെ ‘കാഴചയ്ക്കുമപ്പുറം’ (കവിതാ സമാഹാരം) ‘സ്നേഹത്തിൻ്റെ വഴിത്താരയിലൂടെ ‘ (അൽഫോൻസാമ്മയുടെ ജീവചരിത്രം) ‘പഞ്ചതന്ത്രത്തിലെ ജീവനതന്ത്രങ്ങൾ ‘ എന്നീ മൂന്ന് പുസ്തകങ്ങൾ തീർച്ചയായും വായിക്കപ്പെടേണ്ടതാണ്. ക്രിസ്തുവിനെ രക്ഷാബിംബമാക്കിക്കൊണ്ട്, വർത്തമാനകാല രാഷ്ട്രീയ യൂദാസന്മാരെ മുൾമുനയിൽ നിർത്തി നിശിതമായ വിമർശനമുയർത്തുന്നതോടൊപ്പം, അഭിനവ പീലാത്തോസന്മാരായ ന്യായധിപന്മാരെയും കവിയത്രി പ്രതിക്കൂട്ടിൽ കയറ്റിനിർത്തി വിചാരണ ചെയ്യുന്നുണ്ട്. പുരുഷാധിപത്യത്തിൻ്റെ സിംഹബിംബങ്ങൾ നൂറ്റാണ്ടുകളായി സ്ത്രീകളെ ചവിട്ടിമെതിച്ചതിലുള്ള ശക്തമായ പ്രതിഷേധസ്വരവും ‘സ്ത്രീ ‘ എന്ന കവിതയിൽ കേൾക്കാം. ‘കലിയുഗ സീത’ എന്ന ചെറു കവിതയിലും സ്ത്രീയുടെ വ്യക്തിത്വം സ്ഥാപിച്ചെടുക്കാനായി ഷീലാ ജോർജ്ജിൻ്റെ പ്രതിഷേധമിരമ്പുന്നുണ്ട്. സ്ത്രീയുടെ കുരുതിച്ചോരയുടെ ഗന്ധം വമിക്കുന്ന ശവകുടീരങ്ങളെ നോക്കി, ‘കഥ പറയും കുടീരങ്ങൾ’ രചിക്കുമ്പോൾ, സ്ത്രീധന പീഡനവും പെരുകുന്ന ആത്മഹത്യയുമെല്ലാം ഷീലാ ജോർജ്ജിൻ്റെ തൂലികത്തുമ്പത്ത് കത്തിക്കാളുന്നുണ്ട്. ‘തൂലികാസുഹൃത്തിന് വിവാഹാശംസകൾ’ നേരുമ്പോൾ, അതീവ ശ്രദ്ധയോടെയാണ് ഭാവി ജീവിതത്തിൻ്റെ കല്ലുമുള്ളും നിറഞ്ഞ പാതയെപ്പറ്റിയുള്ള ഷീലാ ജോർജ്ജിൻ്റെ കാവ്യബോധനം. കവിയത്രി തൻ്റെ സ്വപ്നംകൊണ്ട് തീർത്ത രാജകൊട്ടാരത്തിൽ ഏകാന്തമായി ജീവിക്കാനാഗ്രഹിക്കുന്ന ‘ഏകാകി ‘ എന്ന കവിത എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു (അഡ്വ പാവുമ്പ സഹദേവൻ).
”പുസ്തകങ്ങൾക്കപ്പുറം ജീവിതത്തിൽ നിന്ന് നാം വലിയ പാഠങ്ങൾ പഠിക്കണമെന്നും അതിൽ നന്മയുടെ സമുദ്രമുണ്ടാകണമെന്നും ആഗ്രഹിക്കുന്ന ഒരു മനസ്സ് കവിയത്രിയുടെ ഉള്ളിലുണ്ട്. ഈ സമാഹരത്തിലെ എല്ലാ കവിതയിലും സ്നേഹത്തിൻ്റെയും പ്രാർത്ഥനയുടെയും നനവ് പടർന്നിരിക്കുന്നു. കാഴ്ചയ്ക്കുമപ്പുറം എന്ന ഈ പുസ്തകം വായിച്ചു തീരുമ്പോൾ നമ്മുടെ മനസ്സിൽ നിർമ്മലമായ അനേകം ചിന്തകൾ തെളിഞ്ഞുവരും” എന്ന് ഈ കവിതാ സമാഹാരത്തിൻ്റെ അവതരികയിൽ അർഷാദ് ബത്തേരി നിരീക്ഷിക്കുന്നുണ്ട്. സാധാരണക്കർക്കുപോലും വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന വളരെ ലളിതമായ ഭാഷയിലും ശൈലിയിലുമാണ് ഷീലാ ജോർജ്ജ് തൻ്റെ കാവ്യാവിഷ്ക്കാരം നടത്തിയരിക്കുന്നത്. ”ലളിതവും സുന്ദരവുമായ ഭാഷയിൽ ജീവിതത്തിൻ്റെ നൊമ്പരങ്ങളും നിസ്സഹായതയും പ്രതീക്ഷയും ചേർത്തു വെച്ചാണ് ഷീലാ ജോർജ്ജ് കല്ലട കവിത എഴുതുന്നത്. ആ കവിതകൾ വായനക്കാരൻ്റെ ഹൃദയത്തിൽ ഇടം പിടിക്കുന്നവയാണുതാനും. ഓരോവരിയിലും മനുഷ്യസ്നേഹത്തിൻ്റെ വെളിച്ചം നമുക്ക് അനുഭവിക്കാനാവും ” എന്ന് വി.സി. കബീർ ആത്മാർത്ഥമായി കാവ്യഗ്രന്ഥത്തിൻ്റെ ആദ്യ പേജിൽ കുറിക്കുന്നുണ്ട്. കവിതകൾ പലതും ശക്തമായ പ്രതികരണവും പ്രതിഷേധവുമായി തരുന്നതാണ് ഷീലാ ജോർജ്ജിൻ്റെ ഈ കവിതാസമാഹാരം. തിരക്കേറിയ തൻ്റെ അധ്യാപനവൃത്തിക്കിടയിലും ഇങ്ങനെ 3 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ ഷീലാ ജേർജ്ജ് കല്ലട തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
കാഞ്ഞിരകോട് സെൻ്റ് മാർഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയാണ് ഷീല ജോർജ്ജ് കല്ലട.
Written by അഡ്വ.പാവുമ്പ സഹദേവൻ.














വായിക്കാതെ തന്നെ വായ്യ നാനുഭവം തരുന്നതാണ് സാറിന്റെ വരികൾ. അഭിനന്ദനങ്ങൾ
👍👍👍