മിഥുനം പടിയിറങ്ങുമീ വേളയിൽ,
മതിയും പ്രകൃതിയും ശുദ്ധമാക്കീടുക .
മലീമസമാം ചേട്ടയെപ്പുറത്താക്കൂ
മഹിതയാം ശ്രീദേവിയെയുള്ളിലിരുത്തൂ.
മഴനീരിനാൽ സ്ഫുടം ചെയ്തീ
മഹിയെ പരിപൂതമാക്കാനണയും
മഹനീയരാമായണപ്പുലരികളെ,
മനസ്സാലെതിരേറ്റീടൂനിത്യം.
മാനവ നന്മയ്ക്കായി ദേവസന്ധ്യയിൽ,
മാധവധർമ്മം പുലർത്താൻ
മർത്ത്യനായി ജനിച്ചോരു രാമദേവൻതൻ
മഹത്ത്വമേറും ചരിതമോതും
മറയാംരാമായണം പാരായണം ചെയ്തീടുക.
മാറാ പീഡകൾക്കറുതി.
മഹാവ്യാധിവ്യഥകൾക്കു ഭേഷജം
മനമാലിന്യ വിവർജ്ജിതം.
മനനമണ്ഡലത്തിനെന്നും
മാർഗ്ഗദീപമായി ജ്വലിക്കുമീ ,
മഹിതാക്ഷരങ്ങൾ നിത്യേന ,
മന്ത്രമായുരുവിട്ടീടുക .
മംഗളം മേല്ക്കു മേൽ പൂത്തിടും.
മംഗളം മേല്ക്കുമേൽ പൂത്തിടും.











