LIMA WORLD LIBRARY

സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.

മാധ്യമപ്രവര്‍ത്തകനായി കുറച്ചു കാലം ജോലി ചെയ്ത ശേഷം അദ്ദേഹം തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ഛായാഗ്രാഹകനായത്. ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ ആരംഭിച്ചത്. സഹ ഛായാഗ്രാഹകനായി ‘ഗോപുര വാസലിലേ’, ‘അമരന്‍’, ‘മീര’, ‘ദേവര്‍ മകന്‍’, ‘തിരുടാ തിരുടാ’ തുടങ്ങിയ ചിത്രങ്ങളില്‍ ജോലി ചെയ്തു.

1994ല്‍ ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ ആനന്ദ് സ്വതന്ത്രഛായാഗ്രാഹകനായി.

പിന്നീട് ‘മിന്നാരം’, ‘ചന്ദ്രലേഖ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹമായിരുന്നു.

2005ല്‍ ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ച ‘കനാ കണ്ടേന്‍’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി. സൂര്യ, തമന്ന എന്നിവര്‍ അഭിനയിച്ച ‘അയന്‍’ ആണ് രണ്ടാമത്തെ ചിത്രം.

ജീവയെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രം ‘കോ’യും ഹിറ്റായിരുന്നു. പിന്നീട് സൂര്യ, മോഹന്‍ ലാല്‍, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ‘കാപ്പാന്‍’, സൂര്യ നായകനായ ‘മാട്രാന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായിരുന്നു ആനന്ദ്.

തന്റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം ‘കാതല്‍ ദേശം’ ആണ്. ഈ സിനിമ വലിയ ഹിറ്റായി മാറിയതോടെ ശങ്കറും ഒപ്പം കൂട്ടി. ‘മുതല്‍വന്‍’, ‘ബോയ്‌സ്’, ‘ശിവാജി’ തുടങ്ങി വമ്പന്‍ ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി കെ.വി. ആനന്ദ് 15 തെന്നിന്ത്യന്‍, ബോളിവുഡ് സിനിമകളുടെ ക്യാമറാമാനായിരുന്നു.

ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഒന്നിച്ച ‘ജോഷ്’, അമിതാഭ് ബച്ചന്റെ ‘കാക്കി’ തുടങ്ങി ഹിന്ദിയില്‍ നാല് സിനിമകള്‍ക്കു ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px