കോവിഡ്: ഇന്ത്യയെ സഹായിക്കാൻ ലോകം

Facebook
Twitter
WhatsApp
Email

ന്യൂഡൽഹി:കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാൻ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് നാൽപ്പതിലേറെ രാജ്യങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്നായി 550 ഓക്സിജൻ ജനറേറ്റർ പ്ലാന്റുകളും 4000 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 10000 ഓക്സിജൻ സിലിൻഡറുകളും ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ള വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന തുടങ്ങിയവയാണ് ഇന്ത്യയെ സഹായിക്കാനെത്തിയിരിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങളും മരുന്നുമായി അമേരിക്കയിൽനിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ വെള്ളിയാഴ്ചയോടെയും മൂന്നാമത്തേത് മേയ് മൂന്നിനും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയിൽനിന്ന് രണ്ടു വിമാനങ്ങളിൽ ഓക്സിജൻ ഉത്പാദന സാമഗ്രികളും വെന്റിലേറ്ററുകളും എത്തി. യു.എ.ഇ.യിൽനിന്നുള്ള സഹായങ്ങളുമെത്തി. അയർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള സഹായങ്ങളുമായി അടുത്തദിവസങ്ങളിൽ വിമാനങ്ങളെത്തും. ഓക്സിജനും അതുത്പാദിപ്പിക്കാനുള്ള ഉപകരണങ്ങൾക്കുമാണ് സഹായങ്ങളിൽ ഇന്ത്യ മുൻതൂക്കം നൽകുന്നത്.ഈജിപ്തിൽനിന്ന് നാലുലക്ഷം യൂണിറ്റ് റെംഡെസിവിർ വാങ്ങാൻ ആലോചിക്കുന്നുണ്ട്. യു.എ.ഇ, ബംഗ്ലാദേശ്, ഉസ്ബെക്സ്താൻ എന്നിവിടങ്ങളിൽനിന്നും ഈ മരുന്ന് എത്തിക്കാൻ നോക്കുന്നുണ്ട്. കോവിഡ് വാക്സിൻ പുറത്തുനിന്നു വാങ്ങാനും ആലോചനയുണ്ട്. ഇന്ത്യൻ കമ്പനികൾ, അന്താരാഷ്ട്ര കമ്പനികൾ, പ്രവാസി ഇന്ത്യക്കാരുടെ കമ്പനികൾ, പ്രവാസി ഇന്ത്യൻ സമൂഹം എന്നിവ വഴിയും സഹായമെത്തുന്നുണ്ടെന്ന് ശൃംഗ്ള പറഞ്ഞു.

നയങ്ങളുടെ ചട്ടക്കൂട്ടിൽനിന്നല്ല സഹായം സ്വീകരിക്കുന്നത് -ശൃംഗ്ളസുഹൃത്തുക്കളിൽനിന്നും പങ്കാളികളിൽനിന്നുമുള്ള മെഡിക്കൽ സഹായത്തെ ഏതെങ്കിലും നയങ്ങളുടെ ചട്ടക്കൂടിൽ നിന്നുകൊണ്ടല്ല ഇന്ത്യ കാണുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ള പറഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തിൽ നിലവിലുള്ള നയത്തിൽനിന്നുള്ള വ്യതിയാനമാണോ ഇപ്പോഴത്തേതെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “അസാധാരണ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. അതിനാൽ അസാധാരണ നിലയിൽ പരിഹാരം കാണേണ്ടിവരും. പല രാജ്യങ്ങളും സ്വന്തം താത്പര്യത്തിലാണ് ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് അവശ്യ മരുന്നുകൾ നൽകിയിരുന്നു. അവ ഇന്ത്യയെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുകയാണ്. ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻതന്നെ വ്യക്തമാക്കിയിരുന്നു” -അദ്ദേഹം പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *