LIMA WORLD LIBRARY

കളഭത്തിൻ കണ്ണുനീർ – ഗിരിജാവാര്യർ പാലക്കാട്

കനമാർന്ന കൺപീലി പതിയെത്തുറക്കുന്നു
വനമല്ല,ചുറ്റും മനുഷ്യഗന്ധം
ഇടറുന്നു കാലുകൾ, കരിവണ്ടു മൂളുന്നു
പടഹധ്വനികളായ് കാതിനുള്ളിൽ!

കരയുന്നു കാടകം മുഴുവനുമെന്നുടെ
സിരകളിൽ നിറയുന്നിതുഷ്ണവായു
മനുജർതൻ സമ്മാനമാകും മയക്കത്തി-
ലുലയുന്നു സാന്ത്വനസ്വപ്നതീരം!

കാടിൻകുളിരും തളിർലതാജാലവും
കാടത്തമേശാ വന:സ്ഥലിയും
കാണുന്നതെന്നു ഞാൻ, കൺനിറഞ്ഞൊന്നവ –
ക്കാണാനെനിക്കിനി യോഗമുണ്ടോ?

അരുമക്കിടാവിനെയൊന്നുമ്മവയ്ക്കുവാ-
നരുമയായ് വാൽസല്യമോതീടുവാൻ
പ്രണയാഗ്നിപൂവിടുമിണയുടെ തുമ്പിയി-
ലലസമായ് മുട്ടിയുരുമ്മിനിൽക്കാൻ

ഒരുവേള മോഹിച്ചുപോകുന്നു കഷ്ടമീ
വിരഹത്തിൻതീച്ചൂടിൽ വെന്തിടാനോ
വിധി വന്നു? ബോധമറ്റകലങ്ങളിൽക്കാണു-
മറിയാത്തലോകങ്ങൾ പൂകിടാനോ?

കൂമ്പുന്നകണ്മിഴിപ്പൂവേ, മടങ്ങു നീ
കൂരമ്പുപോൽ മർത്ത്യഘോഷണങ്ങൾ
കണ്ണീരിൽമുങ്ങും മനസ്സുമായ് നിൽക്കുന്നു
കണ്ണിമപൂട്ടാതെ കാട്ടുകൊമ്പൻ!!

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px