മനസ്സ് –  സന്ധ്യ

Facebook
Twitter
WhatsApp
Email

സ്വപ്നം കാണുന്ന മനസ്സ്
ഒരു കുസൃതിക്കുരുന്നാണ്.

പിടി തരാതെ കുതറിയോടി
പ്രച്ഛന്നവേഷത്തിൽ, നിദ്രയുടെ ഗുഹാമുഖങ്ങളിൽ, രാത്രിയുടെ
രഹസ്യങ്ങളിലേക്കിറങ്ങി നടക്കും.

ഇന്നലെ കണ്ട സ്വപ്നം, സത്യം
പോലെ സുതാര്യമായിരുന്നു.
നൂറ്റാണ്ടുകൾ പഴയൊരു
ഇരുനില വീട്, ഒരുപാട് മുറികൾ.

ഓരോ മുറിയുടെയകവും,
ഇടനാഴിയിലെ ഇരുട്ടും,തടി ഗോവണിയുടെ ഞരക്കവും
പരിചയമുണ്ടല്ലോ എന്നോർത്തു.

സ്വന്തം വീടെന്ന സ്വപ്നം
പൂവണിയും മുമ്പ്, ഒരായുസ്സ്
ജീവിച്ചു തീർത്ത വാടകവീടിൻ്റെ
ഇടനാഴികൾ കഥ മണത്തു.
തൂണുകൾ തിരിച്ചറിഞ്ഞു.

രണ്ടാമത്തെ നിലയിലെ
വടക്ക് പടിഞ്ഞാറേ മൂലയിലെ
ജനാല അവിടെ തന്നെയുണ്ട്.
അത്തിമരച്ചില്ലയിലെ
അണ്ണാറക്കണ്ണനോട് കിന്നാരം
പറഞ്ഞ പെൺകുട്ടിയെ
ഒരുപാട് തിരഞ്ഞു.

ഓടു മേൽക്കൂരയിൽ
വീണുടഞ്ഞ മഴയെ
കാതോർത്തു…..

ജാലക വാതിൽ പഴുതിലൂടെ
തൂവാനം വന്ന് തൊട്ടപ്പോൾ
തൂവൽ ഭാരമായ മനസ്സ്
പറന്നെങ്ങോ പോകുന്നൂ.

മിഴികൾക്ക് മുന്നിൽ
മഴയുടെ യവനികയൂർന്നു
വീഴുമ്പോൾ കാഴ്ചകൾ
മറ്റേതോ തലത്തിലേക്ക്
വഴുതി മാറുന്നു….

മനസ്സ് ,വഴുതിയോടുന്ന വികൃതിക്കുട്ടിയെ പോലെ പൊട്ടിച്ചിരിക്കുന്നു…..

About The Author

Leave a Reply

Your email address will not be published. Required fields are marked *