LIMA WORLD LIBRARY

ശാശ്വതസത്യം – ഡോ: ജയദേവൻ

കവിത – ശാശ്വതസത്യം

ഇനനുദയശുഭശകുനമേകുവാനായ് ദിനം
ഊനമില്ലാതംബരത്തിലാരാധ്യനായ്,
കനകസമ നിറകതിരിലാറാടി വന്നിടും
ആനന്ദമോടേകഭാവരാഗാർദ്രനായ്..

തവഹൃദയമലിവിലൊളിതൂകി തുടുത്തൊരു
കാവ്യമായ് നിന്നെരിഞ്ഞൂഴിയെ പോറ്റുവാൻ,
നവകളഭനറുമണമലിഞ്ഞുചേർന്നൻപോടെ
നാവേറുപറ്റാതെ വാഴണം നാൾക്കുനാൾ..

ഇരുളലയിലഭയവരദൻ വെളിച്ചം തരാൻ
ഊരോടെ വാഴുവാനെല്ലാ ഗ്രഹങ്ങളും,
നിരനിരയിലനവധി യുഗങ്ങളായ് നന്മകൾ-
നേരുന്നടുക്കാതകന്നുനിന്നെപ്പൊഴും..

നിശമറയുവതിനു പലതില്ല നക്ഷത്രമായ്
ആശിച്ചിടാനെന്നറിയുന്ന സർവ്വതും,
അശുഭഗതിയടിമുടി പടർന്നിടാതർക്കനെ
ശാശ്വതസത്യമായ് കണ്ടാദരിക്കണം..

ഉടലിലതികഠിനമെരിയുന്ന തീയുള്ളവൻ
നാടാകെ വെട്ടം ചൊരിഞ്ഞിടാനഞ്ചിതൾ,
വിടരുമൊരു മലരഴകിലാഗമിച്ചീടുവാൻ
പാടണം രാമായണക്കിളിപ്പൈതലേ…

ശുഭദിനം☘🌸ഡോ: ജയദേവൻ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px