കവിത – താപസൻ
പുണ്യപൂമാനർക്കനെന്നും കിഴക്കൊരു
പുഷ്പമായ് പൂത്തുലഞ്ഞന്തിയോളം,
പൊന്നൊളി നല്കുന്നു ഭൂമി മറ്റാരിലും
പത്തരമാറ്റോടെ വാഴുവാനായ്..
മങ്ങാതെരിഞ്ഞേറെനാളായുറങ്ങാതെ
മന്ത്രമോതീടുന്ന താപസനായ്,
മന്നിനെയാശിർവദിക്കുവാനാകാശ-
മദ്ധ്യേ വിളങ്ങും വിളക്കുമായി..
വിണ്ണിലാമോദമോടാരെയും നമ്പാതെ
വിശ്വം പുലർത്താൻ സ്വയം തെളിഞ്ഞും,
വറ്റാത്ത സ്നേഹമോടുൾത്താപമില്ലാതെ
വെന്തേകിടുന്നു ധരയ്ക്കു സർവ്വം..
ശുദ്ധമാകാനാഴി നീന്തിക്കുളിച്ചഗ്നി-
ശുദ്ധിയോടെന്നും വരുന്ന നിൻ്റെ,
ശത്രുവാമന്ധകാരത്തിനു നല്കുന്ന
ശിക്ഷയാൽ പൊന്നുഷസ്സാഗമിക്കും..
ചഞ്ചലിക്കാതഹം പേറാതെയന്യരെ
ചങ്ങാതിയാക്കുന്ന സ്നേഹമോടെ,
ചിത്തം തെളിഞ്ഞൊളി തൂകണം ഭൂമിയിൽ
ചന്ദനഗസം പരക്കുവാനായ്…
ശുഭദിനം🎋🌺
About The Author
No related posts.