ദൈവമേ നന്ദി,
നോവുപുസ്തകത്തിലെ
നിശ്ശബ്ദതയിൽ
ഏകാന്തതയുടെ
ഉന്മാദങ്ങളിൽ
കണ്ണീർ ചിരികളെ
കേൾപ്പിച്ചവന്റെ ചാരെ
ഇരിപ്പിടമൊരുക്കിയതിന്
വൃശ്ചിക മഞ്ഞിനാൽ
കുളിർന്നു വിറയ്ക്കവേ
കമ്പിളി നൽകിയവൻ
മീനവേനലിന്റെ
തീക്കനലിൽ വെന്തു നീറവേ
കുളിരലയായി മാറിയവൻ
ഭീതിയുടെ മുൾമുനയിൽ
ചിറകുകൾ കുരുങ്ങവേ
അതറുത്തു മാറ്റിയവൻ
യാതനകളാൽ ഇരുളാർന്ന
മേനിയിൽ
ദുർഗന്ധങ്ങളൊക്കെയും
പേറി
ചുട്ടുപൊള്ളുന്നിടങ്ങളിലേക്ക്
പാദങ്ങൾ ദൃഢമാക്കി
ചിരിയിലൂടെ
പകലിനെ സൃഷ്ടിച്ചു
ഇരുളാർന്ന ഊഴിയിൽ
തൂവെള്ള ഹൃദയവും
പേറി
കിനാപ്പാടങ്ങളിൽ
കനവ് വിളയിച്ചു
ദാഹത്താൽ
പാരവശ്യങ്ങളിലുഴറുന്നവർക്ക്
കണ്ണീർ പൊയ്കയൊരുക്കി
നഗരത്തിൽ നരകം കാണവേ
കൊടുങ്കാറ്റായണച്ചു
പട്ടിണി ശീലിച്ചവന്റെ
തളർന്നുറക്കത്തിൽ
പാഥേയമായി
ഉടമ്പടികളില്ലാത്ത
കരാറിലേർപ്പെട്ടവൻ
ഭ്രാന്തനാണിവൻ
===============≠====











